|    Nov 19 Mon, 2018 6:59 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ കെ ശൈലജ

Published : 9th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. പ്രാരംഭഘട്ടം എന്ന നിലയില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലത്ത് സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുകയെന്നു മന്ത്രി പറഞ്ഞു.
നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതതാവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹികനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെത്തുന്ന സ്ത്രീകളുടെ പ്രയാസം മറ്റാരെക്കാളും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും വൈകീട്ട് അഞ്ചുമണി മുതല്‍ രാവിലെ എഴുമണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേര്‍ക്ക് ഒരേസമയം ഇവിടെ താമസിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാംനിലയിലാണ് ഈ രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സമ്പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. താമസം പൂര്‍ണമായും സൗജന്യമാണ്.
ജില്ലാ ഭരണകൂടം, പോലിസ്, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്വന്തമായി സുരക്ഷിത താവളങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍, കുട്ടികള്‍ (ആണ്‍കുട്ടികള്‍ 12 വയസ്സിനു താഴെ), രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ ഇവര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. രണ്ട് വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍, ഒരു സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പുവരുത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss