|    Aug 20 Sun, 2017 1:28 pm
FLASH NEWS

എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണം: ബാബാ രാംദേവ്

Published : 7th April 2016 | Posted By: SMR

കോഴിക്കോട്: എല്ലാവരും ഭാരത് മാതാ കി ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്നും ഭാരതീയതയെ ഉള്‍ക്കൊള്ളാനാവാത്ത തത്വശാസ്ത്രങ്ങളെ അംഗീകരിക്കാനാവില്ലെന്നും വിവാദ യോഗാഗുരു ബാബാ രാംദേവ്. കോഴിക്കോട് കടപ്പുറത്തു നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃരാജ്യത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാത്ത ഒരു തത്വശാസ്ത്രത്തെയും മതമായി അംഗീകരിക്കാന്‍ സാധിക്കുകയില്ല. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. രാജ്യം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്താണെന്നും രാംദേവ് പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു.
കന്യാകുമാരി വിവേകാനന്ദസ്മാരക നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചവരെ പരിപാടിയില്‍ ആദരിച്ചു. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നെങ്കിലും 20,000 ത്തോളം പേര്‍ മാത്രമെ പങ്കെടുത്തുള്ളു. പുലര്‍ച്ചെ 5.30ന് ഡോ. കാരുമാത്ര വിജയന്‍ തന്ത്രി, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് സംഗമത്തിനു തുടക്കമായത്. ഇടുക്കി കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ പതാക ഉയര്‍ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക