|    Oct 22 Mon, 2018 5:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എല്ലാവരും ആശ്വസിപ്പിച്ചു മടങ്ങും; ആര്‍ക്കും ആളെത്തരാനാവില്ലല്ലോ

Published : 21st December 2017 | Posted By: kasim kzm

ശ്രീജിഷ  പ്രസന്നന്‍

എന്നും ആരെങ്കിലുമൊക്കെ വരും. ഭക്ഷണവും പണവുമൊക്കെ തന്ന് ആശ്വസിപ്പിക്കും. പിന്നെ മടങ്ങും. ഇവര്‍ക്കാര്‍ക്കും പോയ ആളെ തരാനാവില്ലല്ലോ… യാത്ര പറഞ്ഞ് ഇറങ്ങവേ നിരാശ മാത്രം നിഴലിക്കുന്ന കണ്ണുകളുമായി നിര്‍മലയില്‍ നിന്നു വന്ന ആ വാക്കുകള്‍ ഇപ്പോഴും ഹൃദയത്തില്‍ വിങ്ങലായി അവശേഷിക്കുന്നു. കടലെടുത്ത ഓലപ്പുരയില്‍ നിന്നു പൂന്തുറ പള്ളിക്കു സമീപത്തെ തീരത്തോട് ചേര്‍ന്നുള്ള ചെറിയൊരു വാടകവീട്ടിലേക്കു കുരുന്നു മക്കളെയും ഭാര്യയെയും ചേര്‍ത്തുപിടിച്ചു കയറിയ  മൂന്നാം ദിവസമാണ് മാര്‍ലിന്‍ കടലിലേക്കു തിരിച്ചത്. അച്ഛനെ കടലെടുത്തെന്നു വിശ്വസിക്കാനാവാത്തത് 14കാരനായ സുനിലിനാണ്. ‘ആരു വന്നില്ലെങ്കിലും തന്റെ അച്ഛന്‍ വരു’മെന്നു പറഞ്ഞു കാത്തിരിക്കുന്ന മകനു മുന്നില്‍ നിര്‍മലയ്ക്കും വാക്കുകളിടറും. ആരെയൊക്കെയോ രക്ഷിച്ച് കോഴിക്കോട്ട് എത്തിച്ചെന്നു കേട്ടയുടനെ കഴിഞ്ഞദിവസം അവിടേക്കു പുറപ്പെട്ട സംഘത്തില്‍ സുനിലും പോയി. പുലര്‍ച്ചെ നാലിന് യാത്ര പുറപ്പെടും മുമ്പ് അമ്മയുടെ സഹോദരിയെ വിളിച്ചു വീട്ടില്‍ കൂട്ടിനിരുത്തിയാണ് അവന്‍ പോയത്. അച്ഛനെ കാണാന്‍ കാത്തിരുന്ന 12കാരി മിമ്മിയോടും അമ്മയോടും ആഗ്രഹിച്ച വാര്‍ത്തയില്ലെന്ന മകന്റെ ഫോണ്‍കോളാണ് പിന്നീട് വന്നത്. ഇതു പറയുമ്പോള്‍ നിര്‍മലയുടെ വാക്കുകള്‍ മുറിഞ്ഞു. കരയല്ലേ അമ്മേ എന്നു പറഞ്ഞ് ഒപ്പമുണ്ടായിരുന്ന രണ്ടു ചെറിയ പെണ്‍കുട്ടികള്‍ നിര്‍മലയുടെ കണ്ണു തുടച്ചു. തമിഴു പറയുന്ന എട്ടും ഒമ്പതും വയസ്സുള്ള ജെന്നിഫറും സോഫിയയും. ഇരുവരും നിര്‍മലയുടെ സഹോദരി സൂസമ്മയുടെ മക്കളാണ്. സൂസമ്മ മരിച്ചതോടെ അച്ഛന്‍ ഉപേക്ഷിച്ചു പോയ ഈ കുരുന്നുകളെയും സ്വന്തം മക്കളോടൊപ്പം ചേര്‍ത്തുപിടിച്ച മാര്‍ലിന്‍ എന്ന 39കാരന്‍ വിധിയുടെ ക്രൂരതയ്ക്കു മുന്നില്‍ ഇടറിയപ്പോള്‍ അനാഥമായത് ഈ കുടുംബത്തിന്റെ അത്താണിയായിരുന്നു.മാര്‍ലിനൊപ്പം ബോട്ടിലുണ്ടായിരുന്ന സെല്‍വന്റെ കുടുംബവും ഒരു വീടിനപ്പുറം വിധിയെ പഴിച്ചു കഴിയുകയാണ്. പറക്കമുറ്റാത്ത മൂന്നു മക്കളും ഭാര്യ സുശീലയും നിറമിഴികളോടെ സെല്‍വന്റെ ഫോട്ടോയ്ക്കു മുന്നിലാണ്. പൂന്തുറ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ഡെന്നിസും മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഷിനോയും യുകെജിക്കാരന്‍ ഡിക്‌സണും ഈ ദിവസങ്ങളിലത്രയും അമ്മയെ വിട്ടുമാറിയിട്ടില്ല. ക്രിസ്മസ് പരീക്ഷയ്ക്കായി മൂവരെയും അമ്മൂമ്മ ക്രിസ്റ്റീന സ്‌കൂളിലേക്ക് അയച്ചതു പോലും ഏറെ പാടുപെട്ടാണ്. എട്ടു വര്‍ഷം മുമ്പൊരു മഴയത്ത് കടലില്‍ പോയ ഇളയമകന്‍ ജോണി തിരിച്ചെത്തിയതു ചേതനയറ്റ ശരീരമായാണെന്ന് 63കാരി ക്രിസ്റ്റീനാമ്മ ഓര്‍ക്കുന്നു. അന്നു മുതല്‍ മറ്റു മക്കളും മരുമകന്‍ സെല്‍വനും പണിക്കു പോയാല്‍ പ്രാര്‍ഥനയുമായി സമീപത്തുള്ള പൂന്തുറ സെന്റ് തോമസ് പള്ളിയിലാണു ക്രിസ്റ്റീനാമ്മ. എന്നിട്ടും ‘എന്റെ മകളുടെ താലിയറുക്കാന്‍ ഒരു ചുഴലിക്കാറ്റു വന്നല്ലോ മക്കളേ’ എന്നുള്ള ആ വൃദ്ധമാതാവിന്റെ നിലവിളിക്കു മുന്നില്‍ ആശ്വാസവാക്കുകള്‍ പലതും മുങ്ങിപ്പോയി.മൂന്നു പെണ്‍കുഞ്ഞുങ്ങളാണ്. ഇനി അവരുമായി ഞാനെന്തു ചെയ്യുമെന്നു പറഞ്ഞു കരയുകയാണു മോസസിന്റെ ഭാര്യ പവിത. നവംബര്‍ 28നു വൈകീട്ടാണു പൂന്തുറ ചേര്യാമുട്ടം തീരത്തു നിന്നു മോസസും അമ്മാവന്‍ ജോസഫും ബോട്ടില്‍ കയറിയത്. രണ്ടു ദിവസത്തിനപ്പുറം അവര്‍ കടലില്‍ തങ്ങാറില്ല. 30നു തിരികെ വരേണ്ടതാണ്. എന്റെ മക്കളുടെ കഷ്ടകാലം വന്നതു ചുഴലിക്കാറ്റിന്റെ രൂപത്തിലാണല്ലോ. വീടു വയ്ക്കാനും വള്ളം വാങ്ങാനുമെടുത്ത വായ്പയും മക്കളുടെ പഠിപ്പും എല്ലാം വിഷമത്തിലാവും. എന്നാലും ഇത്തിരി ജീവനെങ്കിലും ബാക്കിയാക്കി ആളെ തന്നാല്‍ മതിയായിരുന്നു, തമ്പുരാന്‍ കര്‍ത്താവ്. എത്ര കഷ്ടപ്പെടാനും ഞങ്ങള്‍ തയ്യാറാണ്. വിതുമ്പിക്കരയുന്നതിനിടെ പവിതയുടെ വാക്കുകള്‍ മുറിഞ്ഞു. മോസസിന്റെ മൂത്ത മകള്‍ ഫെമിന ഓള്‍ സെയിന്റ്‌സ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. പ്ലസ്ടുക്കാരി മോനിഷയും ഏഴാം ക്ലാസുകാരി ഫെമിയും പഠനത്തില്‍ മിടുക്കരാണ്. ഇവരെ പഠിപ്പിക്കണമെന്നതു മോസസിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നു സഹോദരി മേരി പറയുന്നു. മോസസിനൊപ്പം ഉണ്ടായിരുന്ന അമ്മാവന്‍ ജോസഫും തിരികെ എത്തിയിട്ടില്ല. ഇരുവരും വരുമെന്ന പ്രതീക്ഷ കൈവിട്ടില്ലെങ്കിലും അജ്ഞാത മൃതദേഹങ്ങളില്‍ അവരുണ്ടോ എന്നറിയാന്‍ ഡിഎന്‍എ സാംപിള്‍ നല്‍കിയപ്പോഴുള്ള വേദനയും മേരി പങ്കുവച്ചു. ഏകോപനം: എച്ച് സുധീര്‍(നാളെ: കുട്ടിത്തം വിടുംമുമ്പേ കടലിലേക്ക്; വിനീഷിന്റെ വരവും പ്രതീക്ഷിച്ച് തീരം)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss