|    May 27 Sat, 2017 12:14 am
FLASH NEWS

എല്ലാം രാഷ്ട്രീയവല്‍ക്കരിക്കുന്നത് തീരദേശത്തിന്റെ ശാപം: എസ് ഡി പിഐ

Published : 21st March 2017 | Posted By: fsq

 

തിരൂര്‍: കുടുംബ പ്രശ്‌നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളുംപോലും രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ് തീരദേശത്ത് അശാന്തി വിതയ്ക്കുന്നതെന്നും എന്തിന്റെയും പിറകില്‍കൂടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രവണത മുസ്‌ലിംലീഗും സിപിഎമ്മും അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വാക്കാട് കഴിഞ്ഞ ദിവസമുണ്ടായ സംഭവം അമ്മാവനും മരുമക്കളും തമ്മില്‍ നിലനില്‍ക്കുന്ന വഴി തര്‍ക്കത്തിന്റെ ഭാഗമായുണ്ടായ കശപിശയാണ്. ഈസ്പാടത്ത് സമീര്‍, ഈസ്പാടത്ത് സക്കീര്‍ എന്നിവരുടെ വീട്ടിലേക്കുള്ള വഴി മാതൃസഹോദരനായ സിദ്ദീഖ് കല്ല് വച്ച് തടസ്സപ്പെടുത്തിയതാണ് സംഭവത്തിന് പിന്നിലുള്ള പ്രശ്‌നം. എന്നാല്‍, ഇക്കാര്യത്തില്‍ സമീറും സക്കീറും എസ്ഡിപിഐ പ്രവര്‍ത്തകരാണ് എന്ന ഒറ്റ കാരണത്താല്‍ മുസ്‌ലിംലീഗ് പ്രാദേശിക നേതൃത്വം രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുകയും പോലിസ് സ്റ്റേഷനില്‍ സമ്മര്‍ദ്ദം ചെലുത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുപ്പിച്ച് പ്രതികളെ റിമാന്റ് ചെയ്യിപ്പിക്കുകയുമാണുണ്ടായത്.
ഇതിനിടെ അറസ്റ്റ് ചെയ്ത പ്രതികളെ എസ്‌ഐ സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത് വിവാദമാവുകയും എസ്‌ഐക്കെതിരേ നടപടിയെടുക്കാന്‍ തിരൂര്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിക്കുകയും റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരും കുടുംബക്കാരും തമ്മിലുള്ള നിസ്സാര തര്‍ക്കങ്ങളില്‍ പോലും ദുരുദ്ദേശ്യത്തോടെ ഇടപെടുകയും പറഞ്ഞു തീര്‍ക്കുന്ന പ്രശ്‌നങ്ങളെപോലും പര്‍വതീകരിച്ച് പരസ്പരം വൈരാഗ്യം നില നിര്‍ത്തുകയും മുതലെടുപ്പ് നടത്തുകയും ചെയ്യുന്നതാണ് തീരദേശ മേഖലകളില്‍ നിലനില്‍ക്കുന്ന നിരന്തര സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണമെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. അഷ്‌റഫ് ചെലൂര്‍ അധ്യക്ഷത വഹിച്ചു.
കെ പി അബ്ദുല്‍ കരീം, അഡ്വ. കെ സി നസീര്‍, ആബിദ് വെട്ടം, കുഞ്ഞറമുട്ടി ഹാജി, ഇബ്രാഹീം തിരൂര്‍, അന്‍സാര്‍ വെട്ടം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day