|    Jan 23 Mon, 2017 6:01 am
FLASH NEWS

എല്ലാം ഭദ്രമെന്ന് സര്‍ക്കാര്‍; ഇല്ലായ്മയുടെ ദുരിതത്തില്‍ നഗരം

Published : 10th December 2015 | Posted By: SMR

കെ എ സലിം

എല്ലാം ഭദ്രമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇല്ലായ്മയുടെ ദുരിതത്തിലാണ് നഗരം. പൊഴിച്ചല്ലൂരില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കു കഴിയാന്‍ റിലീഫ് ക്യാംപുകള്‍ പോലുമില്ല. പമ്മലിലും സമാനമായ സ്ഥിതിയാണുള്ളത്. ദുരിതത്തിനിരയായവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. പൊഴിച്ചൊല്ലൂരില്‍ ദുരിതമുണ്ടായി ഒരാഴ്ച കഴിഞ്ഞാണ് കുടിവെള്ളമെത്തിക്കുന്നത്. ഭൂരിഭാഗം ക്യാംപുകളും ദുരിതത്തിന്റെ കേന്ദ്രങ്ങളാണ്. 114 ദുരിതാശ്വാസ ക്യാംപുകളിലായി ഒന്നേക്കാല്‍ ലക്ഷം പേരാണു കഴിയുന്നത്.
മാറിയുടുക്കാന്‍ തുണിപോലുമില്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. സൈദാപേട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 2000 കുടുംബങ്ങള്‍ക്ക് ചേരിപ്രദേശത്തെ അവരുടെ കുടിലുകള്‍ മാത്രമല്ല, എല്ലാം നഷ്ടമായി. മൂന്നു നേരം ഭക്ഷണമല്ലാതെ തങ്ങള്‍ക്ക് മറ്റൊന്നും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. മാറാന്‍ വസ്ത്രങ്ങളില്ല. മരുന്നില്ല. പുതപ്പുകളില്ല. കിടന്നുറങ്ങാന്‍ പായ പോലുമില്ല. സൈദാപേട്ട് മോഡല്‍ സ്‌കൂളില്‍ തുറന്ന ക്യാംപില്‍ വെറും നിലത്താണ് ഉറക്കം. മണ്ണും വിയര്‍പ്പും പുരണ്ട വസ്ത്രങ്ങളുമായി തങ്ങള്‍ എത്രനാള്‍ കാത്തുനില്‍ക്കണമെന്ന് ഇവര്‍ക്കറിയില്ല. വീട്ടുപകരണങ്ങള്‍ മാത്രമല്ല നിര്‍ണായക രേഖകളും നഷ്ടപ്പെട്ടു.
വെള്ളമൊഴിഞ്ഞ പ്രദേശങ്ങള്‍ മാലിന്യം നീക്കി വാസയോഗ്യമാക്കിയെടുക്കാന്‍ മാസങ്ങളെടുക്കും. ഒരു പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ശേഷി നഗരത്തിനില്ല. മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 50 ശതമാനം ബസ്സുകളും കേടായിട്ടുണ്ട്. ഇതെല്ലാം നന്നാക്കി നിരത്തിലിറക്കാന്‍ സമയമെടുക്കും. 2.5 കോടിയുടെ നഷ്ടമാണ് ഇതില്‍ കണക്കാക്കുന്നത്. ദുരന്തത്തിന്റെ മറവില്‍ മോഷണവും പിടിച്ചുപറിയും കൊള്ളയും വ്യാപകമായി. ഒഴിഞ്ഞ വീടുകളില്‍കയറി കൊള്ളയടിക്കുന്ന സംഘങ്ങള്‍ വ്യാപിച്ചു. ചെന്നൈ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ചുരുങ്ങിയത് നാലുലക്ഷം പേരാണ് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറിയിട്ടുള്ളത്. ഇവരുടെ വീടുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പോലിസിനു സാധിക്കുന്നില്ല.
ദുരന്തത്തിനിടയില്‍ ഒഴിവാക്കാനാവാത്ത ദുരന്തം പോലെ വംശീയതയും നിരവധി. അഡയാര്‍ കോവും മേഖലകളിലുള്ള കോളനിവാസികള്‍ തുടരുന്ന മഴയില്‍ തുറന്ന പ്രദേശത്ത് ആഴ്ചകളായി കഴിയുമ്പോള്‍ സര്‍ക്കാര്‍ നിര്‍മിച്ച 11,000 വീടുകള്‍ ആരും താമസിക്കാതെ അടച്ചിട്ടിരിക്കുകയാണ്. ദുരന്തമുണ്ടായിട്ടു പോലും അത് ഇവര്‍ക്കായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നൂറ്റാണ്ടിന്റെ ദുരന്തം ചെന്നൈ ചോദിച്ചുവാങ്ങിയതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ ചെന്നൈയില്‍ കനത്ത മഴയുണ്ടാവുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ നവംബര്‍ ആദ്യത്തില്‍ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, ഈ മുന്നറിയിപ്പു പരിഗണിച്ച് ചെമ്പ്രമ്പാക്കം ജലസംഭരണിയുടെ ജലനിരപ്പു താഴ്ത്തി സൂക്ഷിക്കണമായിരുന്നു. എന്നാലിത് സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്നു. ഷട്ടറുകള്‍ തുറക്കാന്‍ പിഡബ്ല്യുഡി സെക്രട്ടറി ചീഫ് സെക്രട്ടറിയുടെ അനുവാദം കാത്തുനിന്നു. സംഭരണി നിറഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോഴാണ് ഷട്ടറുകള്‍ തുറക്കാനുള്ള ഉത്തരവെത്തുന്നത്. ഡിസംബര്‍ ഒന്നിന് ഷട്ടറുകള്‍ തുറക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന സംഭരണിയില്‍ എത്ര അടി വെള്ളമുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതിലും വീഴ്ചയുണ്ടായി. വെള്ളപ്പൊക്കമുണ്ടാവാന്‍ പോവുകയാണെന്ന് അറിവുണ്ടായിട്ടും മുന്നറിയിപ്പു നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. പ്രളയം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ പോലിസ് ഉദ്യോഗസ്ഥരോടും അവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കി വയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പകരം വയര്‍ലസ് മാത്രം മതിയെന്നായിരുന്നു നിര്‍ദേശം. ഇതോടെ പ്രളയദുരിതത്തിലായവര്‍ക്ക് പോലിസ് സഹായം തേടാനുമായില്ല.

(തുടരും)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക