|    Mar 21 Wed, 2018 7:06 am
FLASH NEWS

എല്ലാം കൊട്ടിക്കലാശിച്ചു; ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

Published : 15th May 2016 | Posted By: SMR

പാലക്കാട്: കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്നലെ നാടിനും നഗരത്തിനും ആവേശം വിതറി മുന്നണികള്‍ കൊട്ടിക്കലാശം നടത്തിയതോടെ ശബ്ദപ്രചാരണം നിശബ്ദ പ്രചാരണത്തിലേക്ക് നീങ്ങി. നാടും നഗരവും ഇനി വിധിയെഴുത്തിനുള്ള കാത്തിരിപ്പിലാണ്.
പാലക്കാട് മണ്ഡലം ഇടതുമുന്നണി കൊട്ടിക്കലാശത്തോടനുബന്ധിച്ച് നടന്ന റാലി വിക്ടോറിയ കോളജ്, സുല്‍ത്താന്‍പേട്ട വഴി സ്‌റ്റേഡിയം സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. യുവജന പോഷക സംഘടനകളും പ്രവര്‍ത്തകരുമടക്കം ആയിരങ്ങള്‍ ആവേശത്തോടെ പങ്കെടുത്ത് സ്ഥാനാര്‍ഥി എന്‍ എന്‍ കൃഷ്ണദാസിനെ തുറന്ന വാഹനത്തില്‍ ആനയിച്ചു. നിരവധി ബൈക്കുകളുടെയും സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകളണിഞ്ഞ യുവാക്കളുടേയും അകമ്പടിയോടെയാണ് കൊട്ടികലാശം അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശോജ്ജ്വലമായിരുന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കൊപ്പം സഖ്യകക്ഷിയായ ലീഗ് നേതാക്കളും പ്രവര്‍ത്തകരും പ്രകടനത്തിന് അണിനിരന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ സമാപനം നഗരം ചുറ്റി കോട്ടമൈതാനിയിലാണ് സമാപിച്ചത്. ബിജെപി, ബിഡിജെഎസ് നേതാക്കളും നഗരസഭാ ബി.ജെപി കൗണ്‍സിലര്‍മാരും നിരവധി നേതാക്കളും പ്രകടനമായിരുന്നു നടന്നത്.
രാഷ്ട്രീയ പ്രതിയോഗികളെ പിന്തള്ളി കലാശക്കൊട്ടില്‍ മേല്‍ക്കൈ നേടാന്‍ എല്ലാ മുന്നണികളും ശ്രമം നടത്തി. ഇടതു വലതു മുന്നണികളിലെ സംസ്ഥാന നേതാക്കളെല്ലാവരും മല്‍സരിക്കുന്നതിനാല്‍ ത്രികോണ മല്‍സരം നടക്കുന്ന പാലക്കാടും കനത്ത മല്‍സരം നടക്കുന്ന തൃത്താല, പട്ടാമ്പി, ചിറ്റൂര്‍, നെന്മാറ മണ്ഡലങ്ങളിലും സംസ്ഥാന നേതാക്കളാരും കലാശക്കൊട്ടിന് ഹരം പകരാന്‍ എത്തിയില്ല. ദേശീയ-സംസ്ഥാന നേതാക്കളെല്ലാം ജില്ലയില്‍ പ്രചാരണത്തിന് എത്തിയത് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, പ്രകാശ് കാരാട്ട്, ഹൈദരലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ തുടങ്ങി പ്രമുഖ ദേശീയ നേതാക്കളെല്ലാം ജില്ലയിലെത്തിയിരുന്നു. അവസാന നിമിഷം വീടുകള്‍ തോറും കയറിയിറങ്ങി പരമാവധി വോട്ട് സമാഹരിക്കുകയാണ് ഇനി മുന്നണികളുടെ ലക്ഷ്യം.
ഇപ്രാവശ്യം നിശബ്ദ പ്രചാരണത്തിന് അവധി ദിനമായ ഞായറാഴ്ച ലഭിച്ചതിന്റെ ആശ്വാസവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. ജോലിക്കാരും വിദ്യാര്‍ഥികളുമടക്കം എല്ലാവരെയും വീടുകളില്‍ ചെന്നുകണ്ട് വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് പ്രവര്‍ത്തകര്‍. ഓരോ ബൂത്തുകളിലും വീഴുന്ന വോട്ടുകളുടെ ഏകദേശ കണക്കുകൂട്ടലും ഇന്നുതന്നെ കക്ഷികള്‍ക്ക് ലഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തിലെ പ്രചാരണ വിഷയങ്ങളെല്ലാം അവസാന റൗണ്ടെത്തിയപ്പോഴേക്കും മാറിക്കഴിഞ്ഞു. നരേന്ദ്ര മോദിയുടെ സൊമാലിയ പരാമര്‍ശവും സോളാറും പെരുമ്പാവൂര്‍ കൊലപാതകവുമാണ് ഇപ്പോള്‍ കത്തിപ്പടരുന്നത്. പറവൂര്‍ വെടിക്കെട്ടപകടം, മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെയുളള കേസുകള്‍, സ്ത്രീ സുരക്ഷ, ഭൂമി ദാനം, ബിജെപി ബന്ധം, ബംഗാളിലെ കോണ്‍ഗ്രസ് സിപിഎം ബന്ധം തുടങ്ങിയവയെല്ലാം നേതാക്കളുടെ പ്രസംഗങ്ങളില്‍ ഇടം നേടിയിരുന്നു.
പ്രചാരണം സമാപിച്ചപ്പോള്‍ പല മണ്ഡലങ്ങളിലും ഫലം പ്രവചനാതീതമാണ്. ബിജെപിക്ക് വേരോട്ടമുള്ള പാലക്കാട്, വിധി മാറാന്‍ സാധ്യതയുള്ള തൃത്താല, പട്ടാമ്പി, ചിറ്റൂര്‍, കോങ്ങാട്, നെന്മാറ എന്നിവിടങ്ങളിലെല്ലാം ഇത്തവണ കനത്ത മല്‍സരമാകുമെന്നാണ് വിലയിരുത്തല്‍. കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് മണ്ഡലങ്ങളിലെ പ്രധാന ടൗണുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രശ്‌നസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് കലാശക്കൊട്ട് നടന്നത്. പോലിസ് പ്രത്യേകം അനുവാദം നല്‍കി റൂട്ടുകളിലാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊട്ടിക്കലാശവും പ്രചാരണ സമാപന ഘോഷയാത്രയും നടന്നത്.
മണ്ണാര്‍ക്കാട് : വര്‍ണ്ണവിസ്മയ കാഴ്ചകളൊരുക്കിയ കലാശകൊട്ടോടെ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിന് സമാപനമായി. നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടി കോടതിപ്പടിയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോകള്‍ നഗരത്തില്‍ ആവേശക്കൊടുങ്കാറ്റ് ഉയര്‍ത്തി. ഉച്ചയോടെ എടത്തനാട്ടുകരയില്‍ നിന്നാരംഭിച്ച യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ ഷംസുദീന്റെ നേത്യത്വത്തിലുള്ള റോഡ് ഷോ ആനമൂളിയില്‍ അവസാനിച്ചു.
ഇടതുപക്ഷ സ്ഥാനാര്‍ഥി കെ പി സുരേഷ് രാജിന്റെ റോഡ് ഷോ കോടതിപ്പടിയില്‍ നിന്നാരംഭിച്ച് ങ്കൈരയില്‍ അവസാനിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കേശവദേവ് പുതുമനയുടെ റോഡ് ഷോ തെങ്കരയില്‍ നിന്നാരംഭിച്ച് കോടതിപ്പടിയില്‍ സമാപിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി യൂസഫ് അലനല്ലൂരിന്റെ നേതൃത്യത്തിലുള്ള റോഡ് ഷേക്ക് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ചു. വൈകിട്ട് 6 വരെ വിവിധ പാര്‍ട്ടികളുടെ നേതൃത്യത്തിലുള്ള ബൈക്ക് റാലികള്‍ നഗരത്തെ കീഴടക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss