|    Sep 24 Mon, 2018 2:24 am
FLASH NEWS
Home   >  Editpage  >  Lead Article  >  

എലിയെ പേടിച്ച് ഇല്ലം ചുടണോ?

Published : 18th January 2017 | Posted By: fsq

ഇംതിഹാന്‍ ഒ അബ്ദുല്ല

പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദാരുണ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം സ്വാശ്രയവിരുദ്ധ വികാരം അലയടിക്കുകയാണല്ലോ. പഠനത്തില്‍ മിടുക്കനായിരുന്ന ജിഷ്ണു പരീക്ഷയില്‍ കോപ്പിയടിച്ചു എന്ന ആരോപണം ജിഷ്ണുവിന്റെ സഹപാഠികളോ രക്ഷിതാക്കളോ വിശ്വസിക്കുന്നില്ല. മരണപ്പെട്ട ജിഷ്ണുവിന്റെ മുഖത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും കോളജ് അധികൃതരുടെ പീഡനമാണ് മരണകാരണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭരണ-പ്രതിപക്ഷ ഭേദമെന്യേ വിദ്യാര്‍ഥിസംഘടനകള്‍. വിദ്യാര്‍ഥിസംഘടനകളുടെ സമരം പലയിടങ്ങളിലും അക്രമാസക്തമാവുകയും പാമ്പാടിയിലേതുള്‍പ്പെടെ നെഹ്‌റു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിലേക്ക് വഴിതെളിക്കുകയും ചെയ്തിരിക്കുന്നു.മരിച്ച ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാനോ സന്തപ്തകുടുംബത്തെ ഏതെങ്കിലും വിധത്തില്‍ ആശ്വസിപ്പിക്കാനോ കോളജ് അധികൃതര്‍ തയ്യാറാവാതിരുന്നതാണ് കാര്യങ്ങള്‍ ഈവിധം വഷളാക്കിയത്. ഏറ്റവുമൊടുവില്‍ വിദ്യാര്‍ഥിപ്രക്ഷോഭങ്ങളും പൊതുസമൂഹത്തിന്റെ പ്രതിഷേധവും വൈസ് പ്രിന്‍സിപ്പലടക്കമുള്ള മൂന്നുപേരുടെ സസ്‌പെന്‍ഷനില്‍ എത്തിനില്‍ക്കുകയാണ്. വിദ്യാഭ്യാസമേഖലയോടോ സമൂഹത്തോടോ പ്രതിബദ്ധതയില്ലാത്ത, കൊള്ളലാഭം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഷൈലോക്കുമാര്‍ എല്ലാ മേഖലയിലുമെന്നപോലെ സ്വാശ്രയ വിദ്യാഭ്യാസരംഗത്തും ഉണ്ട് എന്നത് ഇതിനകം തെളിഞ്ഞ വസ്തുതയാണ്. ഇത്തരക്കാരുടെ സാന്നിധ്യമാണ് പൊതുവെ മിടുക്കന്‍മാര്‍ക്കു മാത്രം പ്രവേശനം ലഭിക്കുന്നു എന്ന് കരുതപ്പെടുന്ന എന്‍ജിനീയറിങ് മേഖലയിലെ വിജയശതമാനം മുപ്പതിലേക്ക് കൂപ്പുകുത്താന്‍ കാരണം. ഏതുവിധേനയും പണം സമ്പാദിക്കണമെന്ന വിചാരം മാത്രമുള്ള ഇവര്‍ സ്ഥാപനങ്ങളില്‍ മതിയായ അടിസ്ഥാനസൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ ഒരുക്കാതെ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുകയും പരാതി പറയുന്ന വിദ്യാര്‍ഥികളെ പലരീതിയില്‍ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. മൂന്നു വര്‍ഷം മുമ്പ് നിലവാരമില്ലാത്ത സ്വാശ്രയ കോളജുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടതാണ്. എന്നാല്‍, നിലവാരം ഉയര്‍ത്താന്‍ സാവകാശം നല്‍കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പക്ഷേ, കാശ് മുടക്കി നിലവാരമുയര്‍ത്തുന്നതിനു പകരം യുവമനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത കര്‍ശന അച്ചടക്കമുറകള്‍ നടപ്പാക്കി നിലവാരമുയര്‍ത്താനാണ് പല സ്ഥാപനമേധാവികളും ശ്രമിച്ചത്. അതാവട്ടെ ഒരുപാട് യൗവനങ്ങളുടെ ഉപരിപഠന പ്രതീക്ഷകളെ തല്ലിത്തകര്‍ക്കുകയും ചെയ്തു. പാമ്പാടി കോളജിലെ വിഷയം ക്രമസമാധാനപ്രശ്‌നമായി മാറിയതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നു. ജിഷ്ണുവിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നു. കുടുംബത്തിന് ആശ്വാസധനവും അനുവദിച്ചിരിക്കുന്നു. കൂടാതെ സ്വാശ്രയ-സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളെ നിരീക്ഷിക്കുന്നതിന് ഉന്നതാധികാരസമിതിയും വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ സ്വതന്ത്ര ഓംബുഡ്‌സ്മാനെയും സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. വിദ്യാര്‍ഥികളോടോ വിദ്യാഭ്യാസത്തോടോ പ്രതിബദ്ധതയില്ലാത്ത നയങ്ങളും നടപടികളും സ്വാശ്രയമേഖലയില്‍ നടമാടുമ്പോള്‍ അത് ഉചിതമായ രീതിയില്‍ നിയന്ത്രിക്കുകയും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്നതില്‍ രണ്ടഭിപ്രായമില്ല. യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാന്‍ വേണമെന്നത് യുജിസി വളരെ നേരത്തേ തന്നെ നിര്‍ദേശിച്ച കാര്യമാണ്. എന്നാല്‍, നമ്മുടെ ഭരണസംവിധാനങ്ങള്‍ സുഷുപ്തിയില്‍നിന്ന് ഉണരണമെങ്കില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുകയും നിരപരാധികളുടെ ജീവന്‍ ഹോമിക്കപ്പെടുകയും ചെയ്യണമെന്ന പതിവ് രീതി ഇപ്രാവശ്യവും ആവര്‍ത്തിച്ചു. എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വാശ്രയമേഖല തന്നെ അനാവശ്യമാണ് എന്ന രീതിയില്‍ കാടടച്ച് വെടിവയ്ക്കുന്നത് എത്രത്തോളം അഭിലഷണീയമാണ് എന്ന കാര്യം അവധാനതയോടെ ചിന്തിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസം പ്രത്യേകിച്ചും മെഡിക്കല്‍-എന്‍ജിനീയറിങ് ഉള്‍പ്പെടുന്ന പ്രഫഷനല്‍ വിദ്യാഭ്യാസമേഖല സാര്‍വത്രികമാക്കുന്നതില്‍ സ്വാശ്രയ വിദ്യാഭ്യാസമേഖല നല്‍കിയ സംഭാവന നിഷേധിക്കാനാവില്ല. ഇതരസംസ്ഥാനങ്ങളില്‍ പോയി എടുത്താല്‍ പൊന്താത്ത കോഴയും ഭാരിച്ച ഫീസും താമസചെലവുകളും നല്‍കി പഠിക്കാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് ഇടത്തരക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഇ കെ നായനാര്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച കേരളത്തിലെ സ്വാശ്രയപ്രസ്ഥാനം ആശ്രയമരുളിയിട്ടുണ്ട്. ഇത്തരത്തില്‍ എന്‍ജിനീയറിങും നഴ്‌സിങ് ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ കോഴ്‌സുകളും പഠിച്ച അനേകായിരങ്ങള്‍ വിദേശനാടുകളില്‍ ജോലിചെയ്ത് നേടിത്തരുന്ന വിദേശനാണ്യം കേരളീയ സമ്പദ്ഘടനയുടെ അടിത്തറയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസരംഗത്ത് പിന്നാക്കംപോയ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെ നടത്താന്‍ സ്വാശ്രയമേഖല കാരണമായിട്ടുണ്ട് എന്നതും കാണാതിരുന്നുകൂടാ.കൊള്ളലാഭം മാത്രം പ്രതീക്ഷിച്ച് കച്ചവടക്കണ്ണോടെ സ്ഥാപനങ്ങള്‍ നടത്തുന്നവയില്‍ മിക്കതും വ്യക്തിഗത മാനേജ്‌മെന്റുകളാണ്. സാമുദായിക-സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാളും മികച്ച രീതിയില്‍ ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇടതുമുന്നണിയാണ്. പിന്നീട് രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന മുദ്രാവാക്യമുയര്‍ത്തി എ കെ ആന്റണിയുടെ യുഡിഎഫ് സര്‍ക്കാര്‍ അതിനെ സാര്‍വത്രികമാക്കി. എന്നാല്‍, നിലവിലെ ഇടതുപക്ഷ സര്‍ക്കാര്‍ വിശിഷ്യാ വിദ്യാഭ്യാസമന്ത്രി അദ്ദേഹത്തിന്റെ പരിഷത്ത് പശ്ചാത്തലം കാരണമായായിരിക്കാം പൊതുവെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കോഴ്‌സുകളോടും വിമുഖനാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന സ്വാശ്രയമേഖലയില്‍ പുതിയ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുകയില്ല എന്നായിരുന്നു. (ഈയൊരു നിഷേധപ്രസ്താവനയല്ലാതെ രണ്ടാം മുണ്ടശ്ശേരി എന്ന് സിപിഎം സ്തുതിപാഠകസംഘം വാഴ്ത്തിപ്പാടിയ ഈ മന്ത്രിപുംഗവന്റെ ഭാഗത്തുനിന്നു വിദ്യാഭ്യാസമേഖലയില്‍ ക്രിയാത്മകമായ ഒരു നടപടിക്കും തുടക്കംപോലും കുറിച്ചിട്ടില്ലെന്നതും പ്രസ്താവന ഇറക്കിയ മന്ത്രി സ്വന്തം മണ്ഡലത്തിന്റെ കാര്യം വന്നപ്പോള്‍ തീരുമാനം കാറ്റില്‍പറത്തിയതും നമുക്ക് തല്‍ക്കാലം മറക്കാം). സ്വാശ്രയമേഖലയോടുള്ള സര്‍ക്കാരിന്റെ ഈ നിഷേധാത്മക നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമില്ല എന്ന ആത്യന്തിക നിലപാടില്‍നിന്നുകൊണ്ട് ജിഷ്ണു വിഷയത്തില്‍ പ്രതികരിക്കുന്നവര്‍ വിസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്. കേരളം ഇന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനം മാത്രമാണ്. അതായത് നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ട എന്നു പറയുമ്പോള്‍ കേരളത്തിനു വെളിയില്‍ ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരുവിധ ഗുണനിലവാരമാനദണ്ഡങ്ങളും പാലിക്കാത്ത ഈ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന മലയാളികളും അല്ലാത്തവരും കേരളത്തിലെ ആരോഗ്യമേഖലയിലുള്‍പ്പെടെ യഥേഷ്ടമുണ്ട്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മാനവിക വിഷയങ്ങള്‍ പഠിച്ചവര്‍ക്കു വരെ എന്‍ജിനീയറിങിനും മെഡിക്കല്‍-പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ നല്‍കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് സിറിഞ്ചോ സ്‌റ്റെതസ്‌കോപോ കാണാതെ സര്‍ട്ടിഫിക്കറ്റ് നേടി കേരളത്തിലെ സ്ഥാപനങ്ങളില്‍നിന്ന് പ്രവൃത്തിപരിചയം നേടി വിദേശത്ത് ജോലി കരസ്ഥമാക്കിയവരുമുണ്ട്. സര്‍ക്കാര്‍ സര്‍വീസിലിരുന്ന് പൊതുഖജനാവിലെ ശബളം പറ്റുന്നവരുമുണ്ട്. ചുരുക്കത്തില്‍ കേരളം മാത്രം കര്‍ശനമായ നിബന്ധനകള്‍ അടിച്ചേല്‍പിക്കുന്നതുകൊണ്ട് വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ പറയത്തക്ക പ്രയോജനങ്ങള്‍ ഉണ്ടാവില്ലെന്നു സാരം. അപ്പോള്‍ പിന്നെ ദേശീയാടിസ്ഥാനത്തിലുള്ള കര്‍ശനമായ ഗുണനിലവാരമാനദണ്ഡ നിബന്ധനകളുടെ അഭാവത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജുകളെ കേരളം മാത്രം വിദ്യാഭ്യാസരംഗത്തെ വെട്ടിമാറ്റിക്കളയേണ്ട അര്‍ബുദമാണ് എന്ന സമീപനം സ്വീകരിക്കുന്നത് ഇതരസംസ്ഥാന വിദ്യാഭ്യാസലോബികളെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ എന്ന് കട്ടായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss