|    Apr 20 Fri, 2018 11:52 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നവര്‍

Published : 2nd December 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ പ്രധാനമന്ത്രി മോദി മൂഢസ്വര്‍ഗത്തിലാണെന്നു നടത്തിയ വിമര്‍ശനം കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും ബാധകമാണ്. നോട്ട് നിരോധനം സംബന്ധിച്ച് കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രകടിപ്പിക്കുന്ന അഹന്തയും അജ്ഞതയും ജനവികാരങ്ങളില്‍ നിന്നു സൂക്ഷിക്കുന്ന അകലവും ഇതു വ്യക്തമാക്കുന്നു.
സാധാരണക്കാരുടെ വേദനകളും ദുരിതങ്ങളും മനസ്സിലാക്കുക. അമ്മമാരും സഹോദരിമാരും സമ്പാദിച്ചുണ്ടാക്കിയ പണത്തെ കള്ളപ്പണവുമായി താരതമ്യം ചെയ്യരുത്- പ്രധാനമന്ത്രിയോട് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. സംസ്ഥാനത്തെ സാധാരണക്കാരുടെയോ അമ്മപെങ്ങന്മാരുടെയോ അവസ്ഥയെക്കുറിച്ചോ വേദനയെക്കുറിച്ചോ മനസ്സുരുകുന്നതിന്റെ ഒരു ലാഞ്ഛനയും കേരളത്തിലെ ബിജെപി നേതാക്കളുടെ വാക്കുകളിലില്ല.
മുമ്പൊക്കെ യുക്തിസഹമായും കാര്യകാരണസഹിതവും സംസാരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമം നടത്തിയിരുന്നു ബിജെപി വക്താക്കള്‍. സംസ്ഥാനത്തെ ജനങ്ങളില്‍ ഒരുവിഭാഗത്തെയെങ്കിലും തങ്ങളുടെ നിലപാടിനൊപ്പം കൊണ്ടുവരാന്‍ കഴിയണമെന്ന പരിശ്രമമാണ് അവര്‍ നടത്തിപ്പോന്നിരുന്നത്. ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ പ്രതിപുരുഷരെന്ന നിലയില്‍ തങ്ങളാണ് സംസാരിക്കുന്നതെന്ന ആധികാരികതയും അഹന്തയും പ്രകടിപ്പിക്കുന്നതായി ഇപ്പോള്‍ അവരുടെ പ്രതികരണങ്ങള്‍.
നവംബര്‍ 8ന്റെ പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ കേരളത്തിലെ ബിജെപി നേതാക്കള്‍ ജനങ്ങളെ വിട്ട് മോദിപക്ഷത്തായി. നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും റിസര്‍വ് ബാങ്കിനും തെറ്റുപറ്റിയിട്ടുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, അരുണ്‍ഷൂരി തുടങ്ങിയ ബിജെപി നേതാക്കളുടെ വിമര്‍ശനം പോലും അവര്‍ കണ്ടമട്ടില്ല.
അവരുടെ കാഴ്ചപ്പാടില്‍ നോട്ട് പ്രതിസന്ധിയെന്നാല്‍ കള്ളപ്പണം മാത്രം. സംസ്ഥാന ഗവണ്‍മെന്റും സംസ്ഥാനത്തെ 99 ശതമാനം വോട്ടര്‍മാരും നിയമസഭയിലേക്ക് തിരഞ്ഞെടുത്തയച്ച എല്‍ഡിഎഫിലെയും യുഡിഎഫിലെയും മറ്റു പാര്‍ട്ടികളിലെയും സാമാജികരെല്ലാം കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും അത് ഉപയോഗപ്പെടുത്തുന്ന ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും കൂട്ടുനില്‍ക്കുന്നവരും സംരക്ഷണം നല്‍കുന്നവരും. ബിജെപി പ്രവര്‍ത്തകരുടെയടക്കം അമ്മപെങ്ങന്മാര്‍ വിയര്‍പ്പൊഴുക്കി, വയറുമുറുക്കി മിച്ചം വച്ച് ശക്തിപ്പെടുത്തിയ സഹകരണ ബാങ്കുകളിലെയും ജില്ലാ ബാങ്കുകളിലെയും പ്രൈമറി സംഘങ്ങളിലെയും നിക്ഷേപങ്ങളെല്ലാം കള്ളപ്പണം.
ഇന്ത്യയിലെ ഉദാരവല്‍ക്കരണവുമായി ബന്ധപ്പെട്ട സാമ്പത്തിക പരിഷ്‌കരണത്തിന്റെ തലതൊട്ടപ്പനായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പോലും മനുഷ്യത്വപരമായി പ്രതികരിച്ചു, മോദിയുടേത് ജനങ്ങളുടെ മേലുള്ള സംഘടിതമായ കൊള്ളയെന്നും നിയമപരമായ കവര്‍ച്ചയെന്നും. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടപ്പാക്കിയ നോട്ട് റദ്ദാക്കലുകളെല്ലാം ഓര്‍ഡിനന്‍സുകളിലൂടെ പാര്‍ലമെന്റിന്റെ അംഗീകാരത്തിനു വിധേയമായിട്ടായിരുന്നു.  പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടശേഷം പാര്‍ലമെന്റിന്റെ തലയ്ക്കു മുകളിലൂടെ പ്രധാനമന്ത്രി പരിഷ്‌കാരം  പ്രഖ്യാപിക്കുകയായിരുന്നു; തീരുമാനം കേവലം ഗസറ്റ് വിജ്ഞാപനമായി പാര്‍ലമെന്ററി മര്യാദയ്ക്കു മേല്‍ അശ്ലീലമായി രേഖപ്പെടുത്തുകയും.
അതോടെ വാഗ്ദാനങ്ങളുടെ ലംഘനങ്ങളും ആരംഭിച്ചു. ഒരാഴ്ച മാത്രം നീളുന്ന  പ്രതിസന്ധിയെന്ന് ആദ്യം പറഞ്ഞു. പിന്നീടത് 50 ദിവസമായി. ആറു മാസം കൊണ്ടുപോലും പരിഹരിക്കാത്ത നിലയില്‍ അത് രൂക്ഷമാവുകയാണ്. എടിഎം വഴിയും ബാങ്കുകള്‍ വഴിയും നിക്ഷേപകരുടെ പണം പിന്‍വലിക്കാനുള്ള അവകാശം തുക കുറച്ച് ചുരുക്കിക്കൊണ്ടുവന്നു.
അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന പ്രഖ്യാപനവും പിന്‍വലിച്ചു. അസാധു നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. പറ്റില്ല, റിസര്‍വ് ബാങ്കിന്റെ കൗണ്ടറുകളില്‍ പോവണമെന്ന് വെള്ളിയാഴ്ച മാറ്റിപ്പറഞ്ഞു. വട്ടിപ്പലിശക്കാരും ബ്ലേഡ് മാഫിയപോലും കാണിക്കാത്ത വിശ്വാസവഞ്ചനയാണ് റിസര്‍വ് ബാങ്കും പ്രധാനമന്ത്രിയും കാണിക്കുന്നത്.
ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്തു മാത്രമാണ് ദിവസംതോറുമോ ദിവസത്തില്‍ തന്നെ മണിക്കൂറുകള്‍ ഇടവിട്ടോ സെന്‍സര്‍ഷിപ് അടക്കമുള്ള ജനാധിപത്യവിരുദ്ധ ഉത്തരവുകള്‍ ഒന്നിനു പിറകെ ഒന്നായി പുറപ്പെടുവിച്ചുകൊണ്ടിരുന്നത്.  രാഷ്ട്രപതിയുടെ കൈയൊപ്പ് വാങ്ങിയ വിളംബരത്തിലൂടെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകരിക്കുകയായിരുന്നു. ഭരണഘടന പോലും അന്ന് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തു.
രാഷ്ട്രപതിയുടെ മൗനസമ്മതത്തോടെ പ്രധാനമന്ത്രി മോദി മന്ത്രിസഭയ്ക്കും ബിജെപി നേതൃത്വത്തിനും മേല്‍ ഈ സാമ്പത്തിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു എന്നതാണ് വസ്തുത. ഇന്ദിരാഗാന്ധിയാണ് ഇന്ത്യ എന്ന് പറഞ്ഞതുപോലെ, നരേന്ദ്ര മോദിയാണ് ഇന്ത്യ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീക്കുന്നത്. നേരും നെറിയുമുള്ള ഒരു പ്രധാനമന്ത്രിക്കോ സര്‍ക്കാരിനോ ജനാധിപത്യ ഭരണകൂടത്തിനോ ചേര്‍ന്നതല്ല ഇതിനകം സ്വീകരിച്ച നടപടികളെന്ന് സത്യസന്ധമായി ചിന്തിച്ചാല്‍ ബിജെപി നേതാക്കള്‍ക്ക് മനസ്സിലാവും. ഒരു ഏകാധിപതിയുടെയും സര്‍വാധിപത്യത്തിന്റെയും ചുവടുവയ്പുകളാണ് സാമ്പത്തികരംഗത്ത് ഇപ്പോള്‍ പ്രകടമാവുന്നതെന്ന് ബോധ്യപ്പെടും. ഇതു വൈകാതെ രാഷ്ട്രീയ-ഭരണതലത്തെ വിഴുങ്ങുമെന്നത് സ്വേച്ഛാധിപത്യത്തിന്റെ ചരിത്രപാഠമാണ്. അത്തരമൊരവസ്ഥയെ നേരിട്ട് ജയിലില്‍ കിടന്ന നേതാക്കളാണ് പിന്നീട് ബിജെപി സ്ഥാപിച്ചത് എന്ന ചരിത്രമെങ്കിലും കേരളത്തിലെ ബിജെപി നേതാക്കള്‍ ഓര്‍ക്കേണ്ടതാണ്.
സുപ്രിംകോടതിയില്‍ കേന്ദ്രഗവണ്‍മെന്റ് സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 14 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് അസാധുവാക്കിയത്. 400 കോടി രൂപയുടെ കള്ളപ്പണം ഇല്ലാതാക്കാനാണ് എലിയെ പേടിച്ച് ഇല്ലം ചുട്ടതെന്നര്‍ഥം. ഈ 400 കോടിയുടെ കള്ളപ്പണം കറന്‍സി നോട്ടായി സൂക്ഷിച്ചതല്ല. സ്വര്‍ണത്തിലും റിയല്‍ എസ്‌റ്റേറ്റിലും മറ്റുമായി സമാന്തര ധനവ്യാപനം നടത്തുകയാണ് കള്ളപ്പണം. വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ വലിയൊരളവ് വിവരവും നിക്ഷേപകരുടെ വിവരങ്ങളും സുപ്രിംകോടതിയില്‍ ഗവണ്‍മെന്റ് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ശിക്ഷിക്കപ്പെടുന്നത് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന, അത്യാവശ്യത്തിനു പണം കൈവശമില്ലാത്ത കോടിക്കണക്കായ ജനങ്ങളാണ്. വിജയ് മല്യമാരെ പോലുള്ളവര്‍ നിയമത്തിന്റെയും കോടതിയുടെയും കൈയെത്താദൂരത്ത് സുരക്ഷിതരായി കഴിയുന്നവരാണ്.
ഇന്ത്യയിലെ 90 ശതമാനം ആളുകളും കറന്‍സി വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ലോകത്ത് സ്വീഡന്‍ മാത്രമാണ് ഇലക്ട്രോണിക് മാധ്യമം വഴി കറന്‍സിയില്ലാത്ത പണമിടപാട് നടത്തുന്നത്. 130 കോടി ജനങ്ങളും വൈവിധ്യമായ ഭൂമേഖലകളുമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അതിനായി എടുത്തുചാടാനാവുമോ, പൂര്‍ണമായ ഇന്റര്‍നെറ്റ് സംവിധാനവും ആവശ്യമായ ബാങ്ക് ശാഖകളും ഇനിയും ലക്ഷക്കണക്കിന് എടിഎം ശാഖകളും ഇല്ലാതെ? ജനസംഖ്യയുടെ എത്ര ശതമാനം പേരുടെ കൈയിലാണ് മൊബൈല്‍ ഫോണ്‍ തന്നെയുള്ളത്? ബാങ്ക് അക്കൗണ്ടുകള്‍ ഇനിയും ഇല്ലാത്തവര്‍ തന്നെ എത്രയെത്ര കോടി! നോട്ടില്ലാത്ത പണവിനിമയം  നടപ്പാക്കാന്‍ നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയായി ഇനിയും എത്ര വട്ടം ജയിച്ചുവരേണ്ടിവരും!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss