|    Jun 20 Wed, 2018 7:33 am
Home   >  Editpage  >  Lead Article  >  

എലിമുരുകന്‍മാരുടെ ക്രിമിനല്‍ സേവ

Published : 26th November 2016 | Posted By: SMR

slug-a-bഅമ്പതു ദിവസത്തെ സഹനമാണ് മോദി കല്‍പിച്ചത്. കള്ളുപീടികയില്‍ വരിനില്‍ക്കാമെങ്കില്‍ ഈ ചെറുസഹനത്തിലെന്താ പ്രശ്‌നം എന്നാണ് മോഹന്‍ലാലിന്റെ ചോദ്യം. പ്രധാനമന്ത്രിയില്‍ നിന്ന് സിനിമാക്കാരനിലെത്തുമ്പോള്‍ ബുള്‍ഡോസ് ചെയ്യപ്പെട്ട പൗരന്‍ പരിഹസിക്കപ്പെടുക കൂടി ചെയ്യുന്നതില്‍ അതിശയം വേണ്ട. ഇതിനകം 51 മനുഷ്യജീവന്‍ അപഹരിക്കപ്പെടുകയും പൗരാവലിയെ വട്ടംകറക്കുകയും ചെയ്യുന്ന ഒരു ദേശീയ പ്രശ്‌നത്തിന്മേല്‍ പഞ്ചനക്ഷത്ര ജീവികളില്‍ നിന്ന് കാര്യഗൗരവമുള്ള ചിന്തയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എലികളെ പുലികളാക്കാന്‍ പോളിങ് ബൂത്തിലും ടിക്കറ്റ് കൗണ്ടറിലും വരി നിന്നുകൊടുത്ത ലക്ഷോപലക്ഷം മനുഷ്യരുടെ ഗതികേട് അവരുടെ തലേലെഴുത്ത്. എന്നാല്‍ വാചകമടിയില്‍ ഒരു സമാനതയുള്ളതാണ് ശ്രദ്ധിക്കേണ്ടത്- ചെറിയ ‘അസൗകര്യം’ എന്ന വാക്ക്.
ലൈന്‍ ബസ് ബ്രേക്ക് ഡൗണാവുകയോ തീവണ്ടി വൈകിയോടുകയോ ഒക്കെ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന അസൗകര്യത്തിന്റെ മട്ടിലേക്കാണ് ഈ സാമ്പത്തിക അടിയന്തരാവസ്ഥയെ ഈ വിദ്വാന്‍മാര്‍ ലളിതവല്‍ക്കരിക്കുന്നത്. അതുവഴി വാസ്തവത്തില്‍ അവര്‍ സാധിച്ചെടുക്കുന്നത് മറ്റൊരു ലക്ഷ്യമാണ്. അതായത്, കറന്‍സി റദ്ദാക്കലും അതുണ്ടാക്കിയിരിക്കുന്ന ദേശീയ അലമ്പും സംബന്ധിച്ച പ്രതിഷേധങ്ങള്‍ രാജ്യത്തിന് പ്രതിലോമകരമായ അക്ഷമയാണെന്ന്. ജനകീയ പ്രതിഷേധത്തിന്റെ സാധുത നിരാകരിക്കുകയും ഭരണകൂടത്തെ സ്വന്തം ചെയ്തിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്യുന്ന അടവ്.
ഈ നടപടി എന്തിനുവേണ്ടി? നടപടിയുടെ ഔദ്യോഗിക ന്യായീകരണം ഭ്രമിക്കുന്നത് രണ്ടു വാക്കുകള്‍ക്കു മേലാണ്- സമ്പദ്ഘടന, ജനത. സമ്പദ്ഘടനയില്‍ നിന്ന് കള്ളപ്പണത്തെ ഉച്ചാടനം ചെയ്യാന്‍ വേണ്ടി ജനത അല്‍പം സഹിക്കണമെന്ന്. ജനതയില്ലെങ്കില്‍ എന്തു സമ്പദ്ഘടന? ഇവിടെയാണ് പ്രതിഷേധങ്ങള്‍ക്കെതിരേ എല്ലാതരം മാധ്യമങ്ങളിലൂടെയും പ്രതികരിക്കുന്നവരുടെ പൊള്ളത്തരം തിരിച്ചറിയേണ്ടത്. എതിര്‍ക്കുന്നവരൊക്കെ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കുറ്റപ്പെടുത്തല്‍. പൗരാവലിയിലെ വ്യക്തികളുടെയും ജനവിഭാഗങ്ങളുടെയും സാമ്പത്തികാരോഗ്യം നിര്‍ണയിക്കാനായി അധികാരത്തെ പല വിധത്തില്‍ വിതരണം ചെയ്യാനുള്ളതാണ് സമ്പദ്ഘടന. അങ്ങനെയാണത് രാഷ്ട്രീയപ്രവര്‍ത്തനമാവുന്നത്. സത്യത്തില്‍, ഇപ്പോഴത്തെ നാണയപ്രശ്‌നവും സാമ്പത്തിക പദാവലിയില്‍ പൊതിഞ്ഞ് ഒളിച്ചുകടത്തുന്ന രാഷ്ട്രീയനീക്കം തന്നെയാണ്. ‘അസൗകര്യം’, ‘സഹനം’ ഇത്യാദി കൊച്ചുവര്‍ത്തമാനങ്ങളിലൂടെ ജനകീയ എതിര്‍പ്പില്‍ നിന്ന് അതിനൊരു മറ തീര്‍ക്കുകയാണ്. ഇംഗിതം ലളിതം- സാമ്പത്തികതയെ രാഷ്ട്രീയ, ജനാധിപത്യ പ്രക്രിയയുടെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിനിര്‍ത്തുക.
കള്ളപ്പണം സംബന്ധിച്ച റെട്ടറിക്ക് നോക്കുക. നാട്ടിലാകെ കള്ളപ്പണമാണ്, അതാണ് നാട്ടാരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണഭൂതം എന്നിങ്ങനെ കാടടച്ചു പറയുമ്പോള്‍ കള്ളപ്പണം പിടിക്കല്‍ രാഷ്ട്രീയലാഭമുള്ള ജനപ്രിയ സംഗതിയാവുന്നു. കള്ളപ്പണക്കാരെ കൊള്ളയടിച്ച് പാവങ്ങളെ രക്ഷിക്കാന്‍ പോകുന്നുവെന്നൊരു വെടിമുഴക്കലാണ് നടക്കുന്നത്. ഒരു കായംകുളം കൊച്ചുണ്ണി ലൈന്‍. നാട്ടില്‍ കള്ളപ്പണമില്ലെങ്കില്‍ പാവങ്ങളുടെ ജീവിതമങ്ങ് സ്വര്‍ഗീയമാകും എന്നതാണ് ഈ വെടിയുണ്ടാക്കുന്ന പുകപടലം. നേരെന്താണ്?
നാണയം മാറ്റിയാലും ഇല്ലെങ്കിലും ഇവിടത്തെ സമ്പന്നര്‍ സമ്പന്നരും പാവങ്ങള്‍ പാവങ്ങളും തന്നെയായി തുടരും. കള്ളപ്പണം കാഷായി അരയില്‍ തിരുകിയ ചില്ലറ മണ്ടന്‍മാര്‍ക്ക് ഇത്തിരി കാശ് തല്‍ക്കാലത്തേക്ക് കുറയും എന്നതിനപ്പുറം നാണയമാറ്റം കൊണ്ട് മാറ്റമൊന്നുമില്ല. ഇനി, നയാപൈസയുടെ കള്ളപ്പണമില്ലാത്ത സമ്പദ്‌വ്യവസ്ഥയാണെന്നിരിക്കട്ടെ. പൗരാവലി തുല്യതയോടെ ക്ഷേമം വരിക്കുന്ന പ്രശ്‌നമുണ്ടോ? സാമ്പത്തികതയെ സേവിക്കുക എന്നതില്‍ നിന്ന് ജനതയെ സേവിക്കുക എന്ന റാഡിക്കല്‍ ലൈനിലേക്ക് രാഷ്ട്രീയം മാറാതെ അതൊന്നും സ്വപ്‌നേപി സങ്കല്‍പിക്കാന്‍ പറ്റില്ല. അതുകൊണ്ട് നിലവിലുള്ള നയങ്ങള്‍ തുടരുന്നിടത്തോളം കള്ളപ്പണമില്ലെങ്കില്‍പോലും സാമൂഹികസൂചികകളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാവില്ല. എന്നിരിക്കെ, കള്ളപ്പണം എന്ന ജനപ്രിയ ഉരുപ്പടി ലക്ഷണമൊത്ത രാഷ്ട്രീയ പുകമറയാകുന്നു. അതു വച്ച് റോബിന്‍ഹുഡ് കളിക്കുന്ന മോദി ഭരണകൂടം കഴിഞ്ഞ രണ്ടരക്കൊല്ലത്തില്‍ അനുഷ്ഠിച്ച ദരിദ്രസേവ നോക്കുക- കോര്‍പറേറ്റ് നികുതികള്‍ ഇളവു ചെയ്തു, തൊഴിലുറപ്പു പദ്ധതി ദുര്‍ബലമാക്കി, തൊഴില്‍ സംരക്ഷണം വെള്ളത്തിലാക്കി, പല മേഖലകളിലും വേതനം ഇടിച്ചു.
കീശക്കാശും കള്ളപ്പണവും തമ്മിലുള്ള ബന്ധം സംബന്ധിച്ചാണ് അടുത്ത കള്ളപ്രചാരണം. സമ്പാദ്യത്തെ കറന്‍സി നോട്ടിലാക്കി സൂക്ഷിക്കുന്ന പാവങ്ങളെയും ഇടത്തരക്കാരെയും പ്രതിക്കൂട്ടിലാക്കുന്ന ഒഴുക്കന്‍ വാചകമടിയാണ് നടത്തിവരുന്നത്. കാര്‍ഡ് വിനിമയക്കാരായ നാഗരികരുടെ പക്ഷത്തുനിന്നുള്ള  ഡയലോഗാണിത്. ബാങ്കില്‍ നിന്നു സ്വന്തം കാശെടുക്കുന്നതിനുള്ള കര്‍ശന നിയന്ത്രണം തൊട്ട് വിരലില്‍ മഷിപുരട്ടല്‍ വരെ ജനതയെ മൊത്തത്തില്‍ നോട്ടപ്പുള്ളികളാക്കുന്ന ഏര്‍പ്പാടാണ് അതിന്റെ ബാക്കിപത്രം. കറന്‍സിരഹിത വിനിമയത്തിലേക്ക് സകലരും മാറണം എന്നതാണ് ധ്വനി. 80 ശതമാനം തൊഴിലാളികളും 45 ശതമാനം സാമ്പത്തിക പ്രവര്‍ത്തനവും നടക്കുന്ന അനൗപചാരിക മേഖലയിലാണ് കറന്‍സിയെ അച്ചുതണ്ടാക്കി ഭ്രമിക്കുന്നതെന്നോര്‍ക്കുക. ടി മേഖലയെ വെള്ളത്തിലാക്കുക എന്നതിന്റെ ലളിത പരിഭാഷ, വന്‍കിടക്കാരെ ഗുണപ്പെടുത്തുക എന്നു മാത്രമാണ്.
നിത്യവും മണിക്കൂറുകള്‍ വരിനില്‍ക്കുക, അങ്ങനെ നിന്നാല്‍ തന്നെ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ആവശ്യമുള്ള തുകയെടുക്കാന്‍ പറ്റാതിരിക്കുക, പിച്ചക്കാശെന്നപോലെ സര്‍ക്കാര്‍ തരംപോലെ നിശ്ചയിക്കുന്ന തുക മാത്രം കിട്ടുക… അതൊരു വഴിക്ക്. കല്യാണങ്ങള്‍ റദ്ദാക്കുക, ചെറുകിട കച്ചോടം പൂട്ടുക, വിതയ്ക്കാന്‍ വച്ച വിത്ത് ഉപേക്ഷിക്കുക, വായ്പയെടുത്താലും കാശ് കിട്ടാതെ പോവുക, നിത്യക്കൂലിക്ക് നോട്ടില്ലാതിരിക്കുക… ഓരോ ദിവസവും ഓരോ പുതിയ ദുരന്തങ്ങളാണ് കയറിവരുന്നത്. നിത്യേന പരിഷ്‌കരണ നടപടികള്‍ വേണ്ടിവരുന്നു എന്നതു തന്നെ ഭരണകൂടത്തിന് സ്വന്തം നടപടിക്കുമേല്‍ വകതിരിവില്ലായിരുന്നു എന്നതിന്റെ തെളിവല്ലേ?
ഇതിനെയെല്ലാം ‘അസൗകര്യം’ എന്നു ചാപ്പയടിക്കുന്നവര്‍ സമര്‍ഥമായി കണ്ണടച്ചുവിടുന്ന പൗരാവകാശലംഘനങ്ങള്‍ നോക്കുക. പൗരന് ജീവിക്കാനും സ്വത്തിനും ആരോഗ്യത്തിനും സ്വകാര്യതയ്ക്കും സഞ്ചാരത്തിനുമൊക്കെയുള്ള അവകാശം ഭരണഘടന ഉറപ്പുതരുന്നുണ്ട്. എന്നുവച്ചാല്‍ ഇതൊന്നും ഭരണകൂടത്തിന്റെ ഔദാര്യമോ തന്നിഷ്ടമോ അനുസരിച്ചുള്ളതല്ല. 50 ദിവസമെന്നല്ല, ഒരു മണിക്കൂര്‍ പോലും അതു തടയാന്‍ ഒരുത്തനും അവകാശമില്ല. ദേശീയമായ അടിയന്തരഘട്ടത്തില്‍പോലും ഇതില്‍ അപൂര്‍വം ചിലത് തല്‍ക്കാലത്തേക്ക് തടയാമെങ്കിലും മറ്റുള്ളവ സ്വാഭാവികമായി ഉറപ്പാക്കേണ്ട ചുമതല ഭരണകൂടത്തിനുണ്ടുതാനും.
അപ്പോള്‍ പ്രത്യേകിച്ചൊരു ഭരണഘടനാ പിന്തുണയും ഇപ്പോഴത്തെ നടപടിക്കില്ല എന്നു വരുന്നു. സ്വാഭാവികമായും ഈ നടപടിയും തുടര്‍നടപടികളും ഗൗരവതരമായ പൗരാവകാശ പ്രശ്‌നങ്ങളുയര്‍ത്തുന്നു. ഒന്നാമതായി, ജനതയുടെ പണസ്വത്ത് ഭരണകൂടം ഒറ്റയടിക്ക് കൈയടക്കി പണം വിനിമയം ചെയ്യാനും നേടാനുമുള്ള അവകാശത്തെ അന്യായമായി തടവിലിടുന്നു. ആര്‍ട്ടിക്കിള്‍ 300 (എ) പ്രകാരം ഒരു പൗരന്റെയും സ്വത്തുവകയില്‍ നിന്ന് അയാളെ തടയാന്‍ അധികാരികള്‍ക്ക് നിയമപരമായ അവകാശമില്ല. ഇപ്പോഴത്തെ കറന്‍സി റദ്ദാക്കലിന്റെ നിയമപരമായ അടിസ്ഥാനം റിസര്‍വ് ബാങ്ക് ചട്ടത്തിന്റെ 26(2) വകുപ്പു പ്രകാരമുള്ള ഒരു ഗസറ്റ് വിജ്ഞാപനമാണ്. നോട്ട് റദ്ദാക്കാനുള്ള അധികാരം ഈ ചട്ടത്തിലുണ്ടെങ്കിലും വ്യക്തികള്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് നിയന്ത്രിക്കാന്‍ ചട്ടത്തില്‍ വകുപ്പില്ല. പകരം നോട്ടുകള്‍ ഇല്ലാത്തതുകൊണ്ടാണീ നിയന്ത്രണം എന്ന ഉഡായിപ്പിനുമില്ല നിയമപരിരക്ഷ. പോംവഴി സംവിധാനമുണ്ടാക്കാതെ എടുത്തുചാടാന്‍ ആരു പറഞ്ഞു? ടി ചാട്ടം അനിവാര്യമാക്കുന്ന എന്ത് അടിയന്തര സാഹചര്യമാണുണ്ടായിരുന്നത്? പൗരാവകാശങ്ങള്‍ ഒറ്റയടിക്ക് കവര്‍ന്നെടുക്കുകയും മുഴുവന്‍ പൗരാവലിയുടെയും നിത്യജീവിതം താറുമാറാക്കുകയും ചെയ്തതാണ് ഈ ക്രിമിനല്‍ കുറ്റകൃത്യം എന്ന് പച്ചയായി അനുഭവവേദ്യമായിരിക്കെ ഭരണകൂട നേതൃത്വത്തെ ഏത് നടപടിക്കാണ് വിധേയമാക്കേണ്ടത്?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss