|    Nov 14 Wed, 2018 10:56 pm
FLASH NEWS

എലിപ്പനി: ഭീതി വര്‍ധിപ്പിച്ച് സന്നദ്ധപ്രവര്‍ത്തകരുടെ മരണം

Published : 4th September 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയെ ഭീതിയിലാഴ്ത്തി എലിപ്പനി പടരുന്നതിനിടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഒരാള്‍കൂടി മരണത്തിന് കീഴടങ്ങി. എരഞ്ഞിക്കല്‍ സ്വദേശി എന്‍ ടി അനില്‍ കുമാറാണ് ഇന്നലെ എലിപ്പനി ബാധിച്ച് മരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്ന രണ്ട് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ചിരുന്നു. കല്ലായി അശ്വനി വീട്ടില്‍ രവി, കണ്ണാടിക്കല്‍ നെച്ചന്‍ കുഴിയില്‍ സുമേഷ് എന്നിവര്‍ക്കാണ് ഞായറാഴ്ച ജീവന്‍ നഷ്ടമായത്. ഇതോടെ പ്രളയ ബാധിതര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍കൂടി കടുത്ത ഭീതിയിലായിരിക്കുകയാണ്. വെള്ളം കയറിയ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ശുചീകരണത്തിനുമെല്ലാം നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് പങ്കാളികളായത്. തങ്ങള്‍ക്ക് വേണ്ടി സന്നദ്ധ സേവനത്തിനിറങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കിടെ രോഗം ബാധിച്ച് മരിച്ചത് നാട്ടുകാരെ ദുഖത്തിലാഴ്ത്തി. അതിനിടെ പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ അധികൃതര്‍ വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകളില്‍ പോലും എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ആവശ്യമായ പ്രതിരോധ മരുന്നുകള്‍ കാര്യക്ഷമമായി വിതരണം ചെയ്തിട്ടിലെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അനില്‍ കുമാര്‍ കോണ്‍ഗ്രസ് എലത്തൂര്‍ മണ്ഡലം സെക്രട്ടറി കൂടിയായിരുന്നു. കുറച്ച് ദിവസങ്ങളായി എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്ന അനില്‍ കുമാര്‍ പ്രളയ ദുരിതം തുടങ്ങിയ അന്നു മുതല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂടിയായ ഇദ്ദേഹം നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്നിലുണ്ടാവാറുണ്ട്. കോര്‍പറേഷന്‍ മൂന്നാം ഡിവിഷനിലെ വീടുകളില്‍ വെള്ളം കയറി ദുരിതത്തിലായപ്പോള്‍ കൈമെയ് മറന്ന് സഹായിക്കാന്‍ അനില്‍കുമാറും സംഘവും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, വെള്ളമിറങ്ങി നാടും നാട്ടുകാരും സാധാരണ നിലയിലേക്കെത്തുമ്പോഴേക്കും അനില്‍ കുമാറിന് കടുത്ത പനി പിടിപെട്ടു. സാധാരണ പനിയെന്ന് കരുതി രണ്ടു ദിവസം കാത്തിരുന്നെങ്കിലും രോഗം മൂര്‍ച്ഛിച്ചതോടെ 25ാം തിയ്യതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 26ന് അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ പത്ത് ദിവസത്തോളം ചികില്‍സ തേടിയെങ്കിലും കഴിഞ്ഞ ദിവസം സ്ഥിതി വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എരഞ്ഞിക്കല്‍ നെട്ടോടി താഴത്ത് പരേതനായ ഇമ്പിച്ചിയുടേയും ദേവകിയുടേയും മകനാണ്. ഭാര്യ ശ്രീജ. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ കല്ലായി അശ്വനി വീട്ടില്‍ രവിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പനി മൂര്‍ച്ഛിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഞായറാഴ്ച രാവിലെയോടെയാണ് മരിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മാനാരി, മൈത്രി റോഡ് എന്നിവിടങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും രവി മുന്‍പന്തിയിലുണ്ടായിരുന്നു. പന്നിയങ്കര വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മലയുടെ സഹോദരനാണ്. കേബിള്‍ തൊഴിലാളിയായിരുന്ന കണ്ണാടിക്കല്‍ നെച്ചന്‍ കുഴിയില്‍ സുമേഷ് പൂനൂര്‍ പുഴ കരവിഞ്ഞ് വെള്ളത്തിനടിയിലായ പറമ്പില്‍ കടവ്, കണ്ണാടിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss