|    Sep 19 Wed, 2018 10:55 am
FLASH NEWS

എലിപ്പനി; ജാഗ്രതാ നിര്‍ദേശം: ഡിഎം ഓഫിസില്‍ അടിയന്തര യോഗം ചേര്‍ന്നു

Published : 31st August 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ എലിപ്പനി ജാഗ്രതാ നിര്‍ദേശം. ആരോഗ്യവകുപ്പ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡിഎംഒ ഓഫിസില്‍ അടിയന്തരയോഗം ചേര്‍ന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ 6 പേര്‍ക്ക് എലിപ്പനി സാധ്യത റിപോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും 3 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു.
ബാക്കി 3 പേരുടേത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലെത്തുന്നവര്‍ക്കുണ്ടാവുന്ന രോഗസാധ്യതകളും അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ജില്ലയില്‍ അവശേഷിക്കുന്ന 64 ദുരിതാശ്വാസ ക്യാംപുകള്‍ 8 മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ ചികില്‍സ നല്‍കി. ആശാവര്‍ക്കര്‍മാര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ അവരുടെ മേഖലയിലെ വീടുകള്‍ ദിവസേന സന്ദര്‍ശിച്ച് അസുഖവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് യോഗം കര്‍ശന നിര്‍ദേശം നല്‍കി. കിണര്‍വെള്ളം ക്ലോറിനേഷന്‍ നടത്താനുള്ള നടപടികള്‍ ഹെല്‍ത്ത് സെന്ററുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചെയ്യും.
മലിനജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ക്ക് എലിപ്പനി തടയുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടിലേക്ക് തിരിച്ചെത്തിയതിനെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവേകാന്‍ വിപുലമായ രീതിയില്‍ കൗണ്‍സിലിങ്ങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, പ്രോഗ്രാം ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, പി ആര്‍ഒമാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss