|    Nov 18 Sat, 2017 3:03 am
Home   >  Todays Paper  >  Page 5  >  

എറണാകുളം സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം: എല്‍ഡിഎഫ് മോഹത്തിന് തിരിച്ചടിയാവും

Published : 14th March 2016 | Posted By: sdq

ടോമി മാത്യു

കൊച്ചി: 2006 നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം എറണാകുളത്ത് വീണ്ടും ആവര്‍ത്തിക്കാമെന്ന എല്‍ഡിഎഫ് മോഹത്തിന് സിപിഎം വിഭാഗീയത തിരിച്ചടിയാവും. വിഎസ്-പിണറായി പക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ ചേരിപ്പോരിന് സാക്ഷ്യം വഹിച്ച ജില്ലയാണ് എറണാകുളം. വിഭാഗീയത മൂര്‍ച്ഛിച്ച് ജില്ലാ സെക്രട്ടേറിയറ്റടക്കമുള്ളവര്‍ ഒളികാമറ വിവാദത്തില്‍പ്പെട്ട് പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
പി രാജീവ് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെതുടര്‍ന്ന് വിഭാഗീയതയ്ക്ക് ശമനം ഉണ്ടായെങ്കിലും അടുത്തകാലത്ത് വീണ്ടും ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. പാര്‍ലമെന്ററി രംഗത്ത് സജീവമായിരുന്ന രാജീവിനെ സെക്രട്ടറി സ്ഥാനത്ത് എത്തിച്ചതിനു പിന്നില്‍ പിണറായി വിജയനായിരുന്നു. വിഭാഗീയത ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി രാജീവിനെ രംഗത്തിറക്കിയത്. പീന്നീട് വി എസ് പക്ഷ നേതാവ് ടി രഘുവരനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്റ് ചെയ്തതോടെ വിഭാഗീയത വീണ്ടും രൂക്ഷമായി.
ജില്ലയിലെ 14 നിയമസഭാ സീറ്റില്‍ സിപിഎം 10 എണ്ണത്തിലാണ് മല്‍സരിക്കുന്നത്. പ്രമുഖ വിഎസ് പക്ഷ നേതാവ് കെ ചന്ദ്രന്‍ പിള്ള തോല്‍വി ഉറപ്പാണെന്ന പിണറായി പക്ഷത്തിന്റെ പ്രചാരണത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ചന്ദ്രന്‍ പിള്ളയെ കൂടാതെ സക്കീര്‍ ഹുസൈന്‍, മുന്‍ ആലുവ എംഎല്‍എ എ എം യൂസഫ് എന്നിവരുടെ പേരുകളും ജില്ലാനേതൃത്വം മുന്നോട്ടു വച്ചിരുന്നു.
ജില്ലാ സെക്രട്ടറി പി രാജീവ് മല്‍സരിക്കുന്ന തൃപ്പൂണിത്തുറ മണ്ഡലമാണ് സിപിഎമ്മിന് മറ്റൊരു തലവേദന. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് പ്രതിച്ഛായ നഷ്ടപ്പെട്ട മന്ത്രി കെ ബാബു തന്നെയായിരിക്കും ഇത്തവണയും തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍, പാര്‍ട്ടിക്ക് പ്രത്യേകിച്ച് വിഎസ് പക്ഷത്തിന് ശക്തമായ വേരോട്ടം ഉള്ള ഉദയംപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ വിഭാഗീയത രാജീവിന് വിനയാകുമെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി ശക്തമായി ലീഡ് ചെയ്യുന്ന 26 ബൂത്തുകളാണ് ഉദയം പേരൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ 50 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന ഉദയം പേരൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണം വിഭാഗീയത മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന്, ഉദയം പേരൂരിലെ രണ്ടു ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. മാത്രമല്ല, വി എസ് പക്ഷക്കാരനായ ടി രഘുവരനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്റ് ചെയ്യുകയും ട്രേഡ് യൂനിയനില്‍ നിന്നും ബഹുജന സംഘടനകളില്‍ നിന്നും ഒഴിവാക്കുകയും അഡ്‌ഹോക്ക് കമ്മിറ്റി സെക്രട്ടറിയായി ടി കെ മോഹനനെ നിയോഗിക്കുകയും ചെയ്തു.
എന്നാല്‍, കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് ടി കെ മോഹനനെ മാറ്റി പിണറായി പക്ഷക്കാരന്‍ എം പി ഉദയനെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചു. കോടിയേരിയുടെ നേതൃത്വത്തില്‍ വിമതരുമായി നടന്ന ചര്‍ച്ചയില്‍ രഘുവരനെ തിരിച്ചെടുക്കാമെന്ന ഉറപ്പു നല്‍കി. എന്നാല്‍, ഉദയം പേരൂരില്‍ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള നടപടികളുമായി ഇവര്‍ മുന്നോട്ടു പോവുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ രഘുവരന്റെ നേതൃത്വത്തിലുള്ള വിമതര്‍ പി കൃഷ്ണ പിള്ള സാംസ്‌കാരിക സമിതിയുടെ പേരില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഇതിനു ബദലായി പ്രദേശത്തെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ എന്‍ കെ കൃഷ്ണന്‍ അനുസ്മരണവും നടത്തുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക