|    Jun 23 Fri, 2017 9:15 pm
FLASH NEWS

എറണാകുളം മെഡിക്കല്‍ കോളജിലെ വികസന സൊസൈറ്റിക്ക് രജിസ്‌ട്രേഷന്‍ ഇല്ല

Published : 22nd October 2016 | Posted By: SMR

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജിന്റെ വികസനം ലക്ഷ്യംവച്ച് രൂപീകരിച്ച ആശുപത്രി വികസന സൊസൈറ്റിക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രജിസ്‌ട്രേഷന്‍ ഇല്ല. ജില്ലാ കലക്ടര്‍, എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥ ര്‍ എന്നിവരടങ്ങിയ സമിതിക്ക് നിയമാവലിയും രജിസ്‌ട്രേഷന്‍ എടുക്കണമെന്നും 2015 ജനുവരി 1ന് കൂടിയ യോഗത്തില്‍ തീരുമാനിച്ചതാണ്. എന്നാല്‍ 11 മാസം പിന്നിട്ട് 2015 ഡിസംബര്‍ 30ന് വീണ്ടും യോഗം കൂടുമ്പോള്‍ ഒന്നാമത്തെ തീരുമാനമായും സൊസൈറ്റി രജിസ്റ്റര്‍ ചെയ്യണമെന്ന് വീണ്ടും തീരുമാനിച്ചു. എന്നാല്‍ വര്‍ഷം രണ്ടുകഴിഞ്ഞിട്ടും വികസനസമിതി സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാനോ ബൈലോ അംഗീകരിക്കാനോ ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികള്‍ വാങ്ങുന്നതിനും ചില സ്ഥലങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിനും അംഗീകാരം നല്‍കുന്ന ഒരു കമ്മിറ്റിയായി എച്ച്ഡിഎസ് മാറിയെന്ന് സമിതിയംഗം എന്‍ എ മുഹമ്മദാലി കുറ്റപ്പെടുത്തി. മൂന്നുമാസത്തിലൊരിക്കലെങ്കിലും കമ്മിറ്റി യോഗം കൂടണമെന്നാണ് നിയമം എങ്കിലും രണ്ടുവര്‍ഷത്തിനിടയില്‍ മൂന്നുവട്ടം മാത്രമാണ് യോഗം ചേര്‍ന്നിട്ടുള്ളതെന്നും മുഹമ്മദാലി പറഞ്ഞു. അതേസമയം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ വികസനസമിതി യോഗം എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞിനെ അറിയിക്കാത്ത സാഹചര്യത്തില്‍ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് എംഎല്‍എയുടെ പേഴ്‌സണല്‍ അസി. അഷറഫ് മൂപ്പന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന സമയം വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ പങ്കെടുക്കേണ്ട യോഗങ്ങള്‍ വിളിക്കരുതെന്ന് നിയമംനിലനില്‍ക്കെ അത് പാലിക്കാതെയാണ് ആശുപത്രിയുടെ വികസനസമിതിയോഗം ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജിലെ ജീവനക്കാരുടേയും ആശുപത്രിയുടെ വികസനവും സംബന്ധിച്ച് എംഎല്‍എയ്ക്കു ലഭിച്ച നിവേദനങ്ങളും പരാതികളും വികസനസമിതിയോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന് തീരുമാനിച്ചിരിക്കെ എംഎല്‍എയെ യോഗം അറിയിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അഷറഫ് മൂപ്പന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക