|    Sep 23 Sun, 2018 2:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എറണാകുളം മഹാരാജാസ് കോളജ് പ്രശ്‌നം : നിലപാടിലുറച്ച് വിദ്യാര്‍ഥിസംഘ ടനകള്‍; ചര്‍ച്ച പരാജയം

Published : 24th January 2017 | Posted By: fsq

 

കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എന്‍ എല്‍ ബീനയെ സ്ഥലംമാറ്റാതെ  സമരം പിന്‍വലിക്കില്ലെന്ന നിലപാടില്‍ വിദ്യാര്‍ഥിസംഘടനകള്‍ ഉറച്ചുനിന്നതോടെ ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ല വിളിച്ചുചേര്‍ത്ത യോഗവും അലസിപ്പിരിഞ്ഞു. കോളജില്‍ ദിവസങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് കലക്ടര്‍ അധ്യാപകരുടെയും വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളുടെയുംയോഗം വിളിച്ചത്. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതു ശരിയായില്ലെന്ന് എസ്എഫ്‌ഐ പ്രതിനിധികള്‍ പറഞ്ഞെങ്കിലും സമരത്തില്‍നിന്നു പിന്‍മാറില്ലെന്ന് അവര്‍ വ്യക്തമാക്കി. മറ്റു വിദ്യാര്‍ഥിസംഘടനാപ്രതിനിധികളും സമാനനിലപാടാണു സ്വീകരിച്ചത്. കാംപസിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നു യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. നിലവിലെ ഹോസ്റ്റല്‍ കെട്ടിടം പുനരുദ്ധരിക്കുന്നതിനു പിഡബ്ബ്യൂഡി തയ്യാറാക്കിയ 1.8 കോടിരൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കു സമര്‍പ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു. സ്വയംഭരണം നടപ്പാക്കിയതിനെ തുടര്‍ന്നുള്ള പരിഷ്‌കാരങ്ങളാണു പ്രശ്‌നത്തിനു കാരണമെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞപ്പോള്‍ സമരവും വിദ്യാര്‍ഥികളുടെ  നിസ്സഹകരണവുമാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് അധ്യാപകരും ആരോപിച്ചു. ഹോസ്റ്റല്‍ പുനര്‍നിര്‍മിക്കാന്‍ പ്രിന്‍സിപ്പല്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും വിദ്യാര്‍ഥികള്‍ ഉയര്‍ത്തി. 22 വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ലഭിച്ചിട്ടില്ല. കാംപസിനുള്ളിലെ അധ്യാപക ഹോസ്റ്റിലെ നാലു മുറികള്‍ ലഭിച്ചാല്‍ ഇവര്‍ക്ക് താമസിക്കാന്‍ സാധിക്കുമെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞെങ്കിലും അധ്യാപകര്‍ എതിര്‍ത്തു. ഇക്കാര്യം കോളജ് ഗവേണിങ്  കൗണ്‍സില്‍ ചര്‍ച്ചചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു. കോളജില്‍ പിടിഎ യോഗം വിളിക്കാറില്ലെന്ന പരാതി മാതാപിതാക്കളുടെ പ്രതിനിധിയായി പങ്കെടുത്തയാള്‍ ഉയര്‍ത്തി. പ്രശ്‌നം പരിഹരിക്കാന്‍ പൂര്‍വവിദ്യാര്‍ഥികളുമായും പൗരപ്രമുഖരുമായും ചര്‍ച്ച നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല, അസി. കമ്മീഷണര്‍ കെ ലാല്‍ജി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകീട്ട് ആറരയോടെ ആരംഭിച്ച ചര്‍ച്ച 10 മണിയോടെയാണു അവസാനിച്ചത്. മഹാരാജാസ് കോളജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച തുടരുമെന്ന് യോഗത്തിനുശേഷം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. കോളജ് കാംപസിനകത്തുള്ള സ്റ്റാഫ് ഹോസ്റ്റലിലെ നാല് മുറികള്‍ 22 വിദ്യാര്‍ഥികള്‍ക്കായി വിട്ടുനല്‍കണമെന്ന ആവശ്യം കോളജ് ഗവേണിങ് കൗണ്‍സില്‍ ചര്‍ച്ചചെയ്യും. ഹോസ്റ്റലിന് സൗകര്യമുള്ള മറ്റു കെട്ടിടങ്ങള്‍ കണ്ടെത്തി നിര്‍ദേശം സമര്‍പ്പിക്കാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യയനനിലവാരം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും അനുകൂലമായ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. ഇവ സംബന്ധിച്ചും ഗവേണിങ് കൗണ്‍സില്‍ അഭിപ്രായരൂപീകരണം നടത്തണം. വിദ്യാര്‍ഥിസമരവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പൊതുവെ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss