|    Nov 13 Tue, 2018 8:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എറണാകുളം ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; സൈന്യവും രംഗത്ത്

Published : 19th August 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ പ്രളയബാധിത മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമ്പോഴും ദുരിതാശ്വാസ ക്യാംപിലും രക്ഷാപ്രവര്‍ത്തനത്തിനിടയിലും മരിക്കുന്നവരുടെ എണ്ണവും കൂടുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്ത്.
പറവൂര്‍ കുത്തിയതോട് പാരിഷ് ഹാളില്‍ അഭയം തേടിയ ആറു പേര്‍ മതിലിടിഞ്ഞുവീണു മരിച്ചു. ഇതു കൂടാതെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ഒരു കുട്ടിയടക്കം മൂന്നു പേരും രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഒരു യുവാവും മരിച്ചതായും വിവരമുണ്ട്്. വെള്ളക്കെട്ടില്‍ വീണ് കാണാതായ കോതമംഗലം പോത്താനിക്കാട് സ്വദേശി മാനുവേല്‍ ചാക്കോ(58)യുടെ മൃതദേഹം ഇന്നലെ കണ്ടുകിട്ടി. ബുധനാഴ്ച വീടിന് സമീപത്തുനിന്ന് മടങ്ങുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വരാപ്പുഴ സ്വദേശി സുനോജ്, മൂവാറ്റുപുഴ സ്വദേശി ബിനു(40) എന്നിവരും ആലുവയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരാളും വെള്ളം നീന്തിക്കടക്കുന്നതിനിടെ പറവൂര്‍ സ്വദേശി നൗഷാദ്(34), ദുരിതാശ്വാസ ക്യാംപിലേക്ക് പോവുന്ന വഴി ചങ്ങാടം മറിഞ്ഞ് മണികണ്ഠന്‍(24) എന്നിവരും മരിച്ചതായി വിവരമുണ്ട്.
പറവൂര്‍ മേഖലയില്‍ ഏഴായിരത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വി ഡി സതീശന്‍ എംഎല്‍എ പറയുന്നത് ഇവിടെ കാര്യമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ല. ക്യാംപുകളില്‍ വൈദ്യസഹായവും ലഭിക്കുന്നില്ലെന്നും വൈകിയാല്‍ നിരവധി പേര്‍ ഇവിടെ മരിച്ചുവീഴുമെന്നും എംഎല്‍എ മുന്നറിയിപ്പു നല്‍കുന്നു.
ജില്ലയില്‍ ഇന്നലെ കാര്യമായ രീതിയില്‍ മഴ പെയ്യാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായകരമായി. ആലുവ മേഖലയുടെ ഉള്‍ഭാഗങ്ങളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന തരത്തില്‍ ഫോണ്‍വിളികളും മെസേജുകളും പ്രവഹിക്കുകയാണ്. നാട്ടുകാര്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കുമൊപ്പം സിഐഎസ്എഫിന്റെ 150 പേരടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 55പേര്‍ എത്തി പ്രവര്‍ത്തനമാരംഭിച്ചു.
ബാക്കി 95 പേര്‍ കൂടി ഉടന്‍ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍ ഇന്നലെ ജില്ലയിലെത്തി. നേവിയുടെ രണ്ട് ഹെലികോപ്റ്ററുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. നാവികസേനയുടെ 20 ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്.
സേനയുടെ ബോട്ടുകളും മല്‍സ്യത്തൊഴിലാളികളുടെയും സ്വകാര്യ വ്യക്തികളുടെയും ബോട്ടുകളടക്കം 210 ഓളം ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. നേവിയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ പ്രളയബാധിത മേഖലയില്‍ ഭക്ഷണവിതരണം നടത്തുന്നുണ്ട്. പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഷിഫ്റ്റ് ചെയ്യുവാന്‍ സാധ്യമാവാത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരായ രോഗികള്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഐഎംഎ, ഐഎപി, കെജിഎംഒഎ, പാരാമെഡിക്കല്‍ അസോസിയേഷനുകളും എറണാകുളം ജനറല്‍ ആശുപത്രിയും കൈകോര്‍ത്ത് മെഡിക്കല്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 9946992995 എന്നതാണ് നമ്പര്‍. വൈദ്യസഹായത്തിനു മാത്രമാണ് ഈ നമ്പര്‍.
എറണാകുളം, തൃപ്പൂണിത്തുറ, തുടങ്ങിയ നഗരപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ മാത്രമാണ് ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും വസ്ത്രവും എത്തിക്കാന്‍ ആവുന്നുള്ളൂ. വെള്ളപൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പറവൂര്‍, ആലുവ, കാലടി എന്നിവിടങ്ങളിലെ ക്യാംപുകള്‍ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്. സന്നദ്ധപ്രവര്‍ത്തകര്‍ക്ക്് കടന്നുചെല്ലാന്‍ കഴിയാത്ത വിധം ഇവിടെ വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. നേവിയുടെ സഹായത്തോടെയാണ് ഇവിടെ ഭക്ഷണം എത്തിക്കുന്നത്. പല ക്യാംപുകളിലും വെള്ളംകയറിയ സ്ഥിതിയിലാണ്. ഇതിനെ തുടര്‍ന്ന് വെള്ളപ്പൊക്കമില്ലാത്ത കാക്കനാട്, എറണാകുളം നഗരം, തൃപ്പൂണിത്തുറ, അമ്പലമേട്, പുത്തന്‍കുരിശ്, പള്ളിക്കര എന്നിവിടങ്ങളില്‍ കൂടുതല്‍ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ആകെ 597 ക്യാംപുകളാണുള്ളത്്. 47,138 കുടുംബങ്ങള്‍. 1,81,607 പേരാണുള്ളത്. പ്രളയക്കെടുതിയില്‍ പെട്ട 54,800 പേരെ രക്ഷപ്പെടുത്തിയതായാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. ബോട്ട്, ഹെലികോപ്റ്റര്‍, ചെറുവഞ്ചികള്‍ എന്നിവയിലൂടെയും ബാര്‍ജിലൂടെയുമാണ് ഇവരെ രക്ഷിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss