|    Jan 20 Fri, 2017 9:39 pm
FLASH NEWS

എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥിത്വം; അനിശ്ചിതത്വം തുടരുന്നു

Published : 21st March 2016 | Posted By: SMR

കൊച്ചി: എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മിക്ക സീറ്റുകളിലും അന്തിമ തീരുമാനത്തിലെത്താന്‍ ഇടതുവലതുമുന്നണികള്‍ക്കായിട്ടില്ല. 14 നിയസഭാ മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. നിരവധി തവണ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും കൂടിയെങ്കിലും പൂര്‍ണമായ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.
ജില്ലയില്‍നിന്ന് ആദ്യം നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ തൃപ്പൂണിത്തുറയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്റെ പേര്മാത്രമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ രാജീവ് മല്‍സരിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും തീരുമാനമെടുത്തതോടെ ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായി മാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ യേശുദാസ് പറപ്പിള്ളി കളമശ്ശേരിയിലെ സമുദായ സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ് സ്ഥാനാര്‍ഥി പട്ടികയിലെത്തിയത്. അദ്ദേഹത്തിന്റെ പേര് നേരത്തേ എറണാകുളം മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. സഭാ നേതൃത്വവുമായി അടുപ്പമുള്ള ആള്‍ എന്ന പരിഗണനയാണ് അദ്ദേഹത്തിനു ലഭിച്ചത്. ഔദ്യോഗിക പക്ഷക്കാരനുമാണ് യേശുദാസ്. തൃക്കാക്കരയില്‍ കെ എന്‍ ഉണ്ണികൃഷ്ണനെയും സെബാസ്റ്റ്യന്‍ പോളിനെയും പിന്തള്ളിയാണ് പിണറായി പക്ഷക്കാരനായ സി എന്‍ മോഹനന്‍ സ്ഥാനാര്‍ഥിയായത്. കൊച്ചിയില്‍ സെബാസ്റ്റ്യന്‍ പോള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവിടെ കെ ജെ മാക്‌സിയുടെ പേര് അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ എന്തെങ്കിലും അദ്ഭുതം സംഭവിച്ചാല്‍ മാത്രമേ ഇനി മാറ്റത്തിന് സാധ്യതയുള്ളൂ.
എറണാകുളത്ത് അഡ്വ. എം അനില്‍കുമാര്‍, പിറവത്ത് കെ ജെ ജേക്കബ്, ആലുവയില്‍ വി സലിം, വൈപ്പിനില്‍ എസ് ശര്‍മ, പെരുമ്പാവൂരില്‍ സാജു പോള്‍, കുന്നത്തുനാട് അഡ്വ. ഷൈജി ശിവജി എന്നിവരാണ് സിപിഎമ്മിന്റെ മറ്റു സ്ഥാനാര്‍ഥികള്‍. പറവൂരും മൂവാറ്റുപുഴയിലുമാണ് സിപിഐ മത്സരിക്കുന്നത്.
24ന് ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവുമെന്നാണ് സിപിഐ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജു, കേരളാ മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍ എന്നിവരുടെ പേരുകളാണ് പറവൂരിലേക്ക് പരിഗണനയിലുളളത്.
എല്‍ദോ എബ്രഹാമിനാണ് മൂവാറ്റുപുഴയില്‍ മുന്‍തൂക്കം. ജില്ലാ പഞ്ചായത്തംഗം എന്‍ അരുണ്‍, ബാബു പോള്‍ എന്നിവരുടെ പേരും ഇവിടേക്ക് പരിഗണനയിലുണ്ട്. യുഡിഎഫില്‍ കളമശ്ശേരി, എറണാകുളം, ആലുവ, പറവൂര്‍ എന്നിവടങ്ങളില്‍ മാത്രമാണ് ഏകദേശം സ്ഥാനാര്‍ഥികള്‍ ഏറെക്കുറ ഉറപ്പായിട്ടുള്ളത്. ഇവിടങ്ങളില്‍ നിലവിലെ സിറ്റിങ് എംഎല്‍എമാര്‍ തന്നെ മല്‍സരിക്കുമെന്നാണ് വിവരം.
അങ്കമാലിയില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പോ കോണ്‍ഗ്രസ്സോ എന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൊച്ചിയില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി, സിറ്റിങ് എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ പേരുകളാണ് മുന്‍നിരയില്‍. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനും തൃക്കാക്കരയില്‍ ബെന്നി ബഹനാനും കുന്നത്തുനാട്ടില്‍ വി പി സജീന്ദ്രനും വീണ്ടും മല്‍സരിക്കുമെന്നാണ് സൂചനയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. പെരുമ്പാവൂരില്‍ ആരാണ് സ്ഥാനാര്‍ഥിയാവുകെയന്നത് സംബന്ധിച്ച് വ്യക്തയില്ല. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കേന്ദ്രനേതൃത്വം തള്ളിയതോടെ ബിജെപി ഇന്നലെ കോര്‍കമ്മിറ്റി ചേര്‍ന്നു. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക