|    Jan 18 Wed, 2017 12:44 am
FLASH NEWS

എരൂം പുളീം; പ്ലിങായ ഒരു സൈബര്‍ സ്റ്റോറി

Published : 24th November 2015 | Posted By: SMR

റഫീഖ് റമദാന്‍

ഫാറൂഖ് കോളജായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അവിടെ ശരീഅത്ത് വിധി നടപ്പാക്കുകയാണത്രേ മൊല്ലാക്കമാര്‍. താലിബാനിസം, ലിംഗവിവേചനം, മതഭീകരത… വിശേഷണങ്ങള്‍ക്കു പഞ്ഞമില്ല. നാടുണര്‍ന്നു, നഗരമുണര്‍ന്നു, സോഷ്യല്‍ മീഡിയയിലെ പശുപാലന്മാര്‍ കുന്തിരിയെടുക്കാന്‍ തുടങ്ങി. അപ്പോഴാണ് പോലിസ് പശുപാലനെ പൊക്കിയത്. സംഗതി നാറ്റക്കേസാണ്- പെണ്‍വാണിഭം. പെണ്ണുള്ളിടത്തെല്ലാം പെണ്‍വാണിഭവും ഉണ്ടാവുമെന്നു കേട്ടിട്ടുണ്ട്. പക്ഷേ, ചുംബനമുള്ളിടത്തെല്ലാം ‘ലത്’ ഉണ്ടെന്നു കേള്‍ക്കുന്നത് ഇതാദ്യമായാണ്, സത്യം.
ആണും പെണ്ണും വെവ്വേറെ ബെഞ്ചിലിരിക്കുന്നതാണോ ചുംബനസമരം നടത്തുന്നതാണോ തെറ്റ് എന്ന ചോദ്യമാണ് പുതിയ ട്രോള്‍ വാര്‍ത്ത. പെണ്‍വാണിഭക്കേസില്‍ ചുംബനസമര നായകന്‍ പശുപാലനും ഭാര്യയും പിടിയിലായപ്പോള്‍ തൊഴുത്തിലെ ഒരു സുഹൃത്ത് ചോദിച്ചു: ‘ഇല്ലായ്മ കൊണ്ട് വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനം നല്‍കാന്‍ ശ്രമിച്ചതാണോ രാഹുല്‍ പശുപാലന്‍ ചെയ്ത തെറ്റ്?’ ന്യായമായ ചോദ്യം. പെണ്‍വാണിഭവും ചിലര്‍ക്ക് സാന്ത്വനമേകുമല്ലോ! ‘പേര് പശു എന്നാണെങ്കിലും കോഴിയുടെ സ്വഭാവമാണെ’ന്ന് മറ്റൊരാള്‍.
ഇതൊരു നിയോഗമാകാം പശുപാലന്. അല്ലെങ്കില്‍ ഫ്‌ളോപ് ആകാനായി പിറക്കുന്ന തന്റെ സിനിമക്ക് ‘പ്ലിങ്’ എന്നു പേരിടുമായിരുന്നോ? കിസ് ഓഫ് ലൗ എഫ്ബി പേജിന്റെ ലൈക്ക് ഒന്നര ലക്ഷത്തോടടുത്തപ്പോള്‍ സദാചാരഫോബിയ ബാധിച്ച ലൈക്കന്മാര്‍ക്കു വേണ്ടി ഒരു ഇക്കിളിപ്പടമെടുത്താല്‍ സൂപ്പര്‍ഹിറ്റാവുമെന്നാണ് പാവം പശുപാലന്‍ കരുതിയത്. തിരക്കഥയൊരുക്കിയത് ഭാര്യ രശ്മി ആര്‍ നായര്‍. ബാനറിന്റെ പേരാകട്ടെ ‘എരൂം പുളീം.’ ചുംബനവീരന്മാരുടെ ചിത്രത്തിന് ഇതിലും നല്ല ബാനറുണ്ടാകുമോ?
എരൂം പുളീം ഇത്തിരി കൂടിപ്പോയെങ്കിലും ജീവിതത്തില്‍ പശുപാലന്‍ താന്‍ ആഗ്രഹിച്ച നിലയിലെത്തി- കൂട്ടിക്കൊടുപ്പുകാരന്റെ റോളില്‍. സിനിമയ്ക്ക് പണം കണ്ടെത്താനാണത്രേ ഇയാള്‍ ഭാര്യ രശ്മിയുടെ സഹായത്തോടെ പെണ്‍വാണിഭം നടത്തിയത്. ഒടുവില്‍ സൈബര്‍ പോലിസ് പൊക്കി പശുപാലനെയും ടീമിനെയും.
പടം ചാപിള്ളയായെങ്കിലും ഗോസിപ്പുകള്‍ ബാക്കിയാണ്. ഏറ്റവും ശ്രദ്ധേയമായത് ടൈംസ് ഓഫ് ഇന്ത്യയും മലയാള മനോരമയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പശുപാലന്റെ സിനിമയ്ക്ക് സൗജന്യമായ പരസ്യം കൊടുത്തിരുന്നു എന്നതാണ്. രാഹുല്‍ പശുപാലന്‍ പൊളിറ്റിക്കല്‍ സറ്റയര്‍ ഒരുക്കാന്‍ പോവുകയാണെന്ന്!
സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചാണ് പശുപാലനും സംഘവും വിവിധ ജില്ലകളില്‍ ചുംബനസമരങ്ങള്‍ നടത്തിയിരുന്നത്. സമരസ്ഥലത്തു പ്രവര്‍ത്തകരെ എത്തിച്ചതും നവമാധ്യമങ്ങളിലൂടെ തന്നെ. ഇപ്പോള്‍ അതേ മാധ്യമം ഇവരുടെ തട്ടിപ്പ് പുറത്താവാനും സഹായകമായി. വാളെടുത്തവന്റെ തലവര! അതോടെ പശുപാലനെ തള്ളിപ്പറയുകയാണ് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍. നേരത്തെ പശുപാലനൊപ്പം കിസ് ഓഫ് ലൗവിനെ ന്യായീകരിക്കാന്‍ ചാനലുകളില്‍ നിറഞ്ഞുനിന്നവര്‍ ചുംബനസമരത്തിനു നേതാക്കളില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്.
പശുപാലനെ തള്ളിപ്പറയാത്ത ‘നന്ദിയുള്ള’ ഒരു വിഭാഗവും കിസ് ഓഫ് ലൗവിലുണ്ട്. നിരപരാധിത്വം തെളിയിച്ച് പശു കയറുപൊട്ടിച്ചു പുറത്തുവരുന്ന, സദാചാരത്തിനെതിരായ സമരങ്ങള്‍ വീണ്ടും നാടെങ്ങും നിറയുന്ന ഒരു കിണാശ്ശേരിയാണ് അവര്‍ സ്വപ്‌നം കാണുന്നത്. സ്വപ്‌നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ.
ജയിലിലായതോടെ പശുപാലന്റെ പേജിന്റെ ലൈക്കുകള്‍ കുത്തനെ കുറഞ്ഞു. കിസ് ഓഫ് ലൗക്കാര്‍ ഉള്‍പ്പെടെ ഞങ്ങളീ നേതാവിനെ അറിയില്ലേന്നും പറഞ്ഞ് അണ്‍ഫ്രണ്ടാക്കിയും ബ്ലോക്കിയും സ്ഥലംവിട്ടു. ആയിരങ്ങള്‍ ഉണ്ടായിരുന്നിടത്ത് 213 പേരുടെ മാത്രം പിന്തുണ! അവരാകട്ടെ, തെറിയഭിഷേകത്തിനായി മാത്രം അവിടെ തങ്ങുന്നവര്‍. സിനിമയുടെ നിര്‍മാതാവു പോലും തള്ളിപ്പറഞ്ഞു. അപ്പോഴും ആക്റ്റി’വേസ്റ്റു’കള്‍ ‘പശുപൂജ’കരായി. കുറ്റം തെളിയുംവരെ ഒരാളും കുറ്റവാളിയാകുന്നില്ലല്ലോ. മഅ്ദനി നിരപരാധിയെങ്കില്‍ പശുപാലനും നിരപരാധി എന്ന രീതിയില്‍. നോക്കണേ താരതമ്യം!
താന്‍ പിടിയിലാകുമെന്ന് രാഹുല്‍ പശുപാലന്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. അയാളുടെ മുഖപുസ്തകം അതാണ് പറയുന്നത്. ഫാറൂഖ് കോളജില്‍ ആണ്‍-പെണ്‍കുട്ടികള്‍ ഒന്നിച്ചിരിക്കാന്‍ മാനേജ്‌മെന്റ് സമ്മതിക്കാത്തതിലായിരുന്നു പശുപാലന്റെ അവസാന എഫ്ബി പോസ്റ്റ്. ലിംഗവിവേചനത്തിനെതിരേ ശക്തമായി ശബ്ദിച്ച പശുപാലന്‍ ലിംഗവിവേചനമില്ലാതെ പെരുമാറിയതിന് താന്‍ അകത്താകാറായി എന്ന കാര്യം മറന്നു. ഇപ്പോള്‍ പശു ദയനീയമായി വിലപിക്കുന്നു, കോടതിവിധിക്കു മുമ്പേ ഞങ്ങള്‍ നിങ്ങളാല്‍ വിധിക്കപ്പെടുന്നുവെന്ന്. രശ്മിയാകട്ടെ വീണ്ടും ചുടുകാപ്പിയുമായി എഫ്ബിയില്‍ രംഗത്തെത്തിയിരിക്കുന്നു. ഏതായാലും ഇവരുടെ സിനിമയുടെ പേര് അന്വര്‍ഥമായിരിക്കുന്നു- പ്ലിങ്!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക