|    Oct 20 Fri, 2017 1:43 am

എരുമേലി ശബരിമല പാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

Published : 2nd July 2016 | Posted By: SMR

എരുമേലി: പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നിര്‍ദേശം ഫലം കണ്ടു. ശബരിമല പാതകളില്‍ കരാറുകാര്‍ സ്വന്തം ചെലവില്‍ അറ്റകുറ്റപ്പണികള്‍ ഇന്നലെ ആരംഭിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരാമത്ത് ഉദ്യോഗസ്ഥര്‍ ശബരിമല പാതകള്‍ സന്ദര്‍ശിച്ച് വിലയിരുത്തി മന്ത്രിയുടെ ഓഫിസില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്നാണ് പണികള്‍ നടത്താന്‍ കരാറുകാര്‍ തയ്യാറായത്. നിര്‍മാണം നടത്തുന്നവര്‍ തന്നെ നിശ്ചിത വര്‍ഷത്തേക്ക് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് കരാറുകാര്‍ പണികള്‍ നടത്താതിരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട് മന്ത്രി പാതകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എരുമേലി ടൗണില്‍ ടാറിങ് പ്രതലങ്ങള്‍ പൊളിഞ്ഞ് മെറ്റലുകള്‍ ഇളകി നിരന്ന ഭാഗങ്ങള്‍ ബിഎം ആന്റ് ബിസി സാങ്കേതിക വിദ്യയില്‍ ടാറിങ് ഇന്നലെ നടന്നു.
മൂന്നു വര്‍ഷത്തെ ഹെവി മെയിന്റനന്‍സ് വ്യവസ്ഥയില്‍ നിര്‍മിക്കപ്പെട്ട റോഡാണിത്. എരുമേലി പ്ലാച്ചേരി റോഡിലും മുക്കട പൊന്തന്‍പുഴ റോഡിലും പണികള്‍ ആരംഭിച്ചു. പ്രധാന ശബരിമല പാതയായ കണമല റോഡില്‍ ഹെവി മെയിന്റനന്‍സ് കാലാവധി അവസാനിച്ചതിനാല്‍ അടുത്ത ശബരിമല സീസണിന് മുമ്പായി ടാറിങ് ജോലി നടത്താന്‍ നിര്‍ദേശിച്ചു.
ഒരു പാളി ടാറിങാണ് നടത്തുക. അഞ്ചു വര്‍ഷം മുമ്പ് ഹെവി മെയിന്റനന്‍സ് വ്യവസ്ഥയില്‍ നിര്‍മിച്ച ഈ റോഡിന്റെ നിലവാരത്തില്‍ കാര്യമായ അപാകതകളില്ല.
എന്നാല്‍ 53 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിയുടെ കുഴലുകള്‍ സ്ഥാപിക്കാന്‍ മുക്കൂട്ടുതറ മുതല്‍ എരുമേലി വരെ പാതയുടെ ഇരുവശങ്ങള്‍ വെട്ടിപ്പൊളിച്ചിരുന്നു. ജല അതോറിട്ടി ഇതിന് നഷ്ടപരിഹാരവും നല്‍കിയിരുന്നു.
ഈ തുക വിനിയോഗിച്ച് ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ടാറിങ് പ്രതലങ്ങളുടെ ഘടനകളില്‍ അപാകതകള്‍ സംഭവിച്ചിരുന്നു. ഇനി ഒരു പാളി ടാറിങ് അടുത്ത സീസണിന് മുമ്പ് നടത്തുന്നതോടെ പാതയ്ക്ക് കൂടുതല്‍ ഈടും ഗുണനിലവാരവും കൈവരുമെന്നാണ് കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക