|    Oct 17 Wed, 2018 8:25 am
FLASH NEWS

എരുമേലി ഫയര്‍ഫോഴ്സ് പരിശീലന ക്ലാസ് വൈകുന്നു; പ്രതിഷേധം ശക്തം

Published : 16th September 2017 | Posted By: fsq

 

എരുമേലി: താലൂക്കിലെ പഞ്ചായത്തുകളില്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജീവന്‍ രക്ഷാ പരിശീലന ക്ലാസ് നടക്കാതിരുന്നത് എരുമേലിയില്‍ മാത്രം. പഞ്ചായത്തധികൃതര്‍ താല്‍പര്യം കാട്ടാതിരുന്നതാണ് കാരണമെന്ന് ഫയര്‍ഫോഴ്‌സ്. ശബരിമല തീര്‍ത്ഥാടനത്തിലെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ തീര്‍ത്ഥാടന കാലം അപകടങ്ങളുടെ കാലം കൂടിയാണ്. ഗൗരവമായ ഈ വസ്തുത മുന്‍നിര്‍ത്തി രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടികള്‍ കൂടുതലായി നടത്തേണ്ടത് എരുമേലിയിലാണെന്നിരിക്കെയാണ് ഈ അനാസ്ഥയെന്ന് ആരോപണം. സമീപ പഞ്ചായത്തുകളില്‍ പരിശീലന ക്ലാസുകള്‍ മാസങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായി. ക്ലാസുകള്‍ നടത്താന്‍ സൗകര്യം ഒരുക്കികൊടുക്കേണ്ടത് അതാത് പ്രദേശത്തെ പഞ്ചായത്തുകളാണ്. വാഹനാപകടങ്ങള്‍, വെള്ളത്തിലുണ്ടാകുന്ന അപകട സംഭവങ്ങള്‍, തീപിടുത്തം തുടങ്ങിയ അത്യാഹിതങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തിര പ്രവര്‍ത്തനങ്ങളാണ് ക്ലാസില്‍ പരിശീലിപ്പിക്കുന്നത്. ശരിയായ രക്ഷാപ്രവര്‍ത്തന രീതി അറിയാത്തതും തെറ്റായ ധാരണ മൂലം ചെയ്യുന്ന രക്ഷാപ്രവര്‍ത്തന രീതികളും അപകടഘട്ടങ്ങളില്‍ ജീവഹാനിക്കിടയാക്കാറുണ്ട്. സ്ത്രീകള്‍ അപകടത്തില്‍ പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അറിയാമെങ്കിലും അടുത്ത ബന്ധമുള്ളവരല്ലാത്ത പുരുഷന്മാര്‍ പലപ്പോഴും തയ്യാറാകില്ല. അതേസമയം സ്ത്രീകളില്‍ രക്ഷാ പ്രവര്‍ത്തന പരിശീലനം സിദ്ധിച്ചവരുണ്ടെങ്കില്‍ രക്ഷകരാകാന്‍ സാധിക്കും. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ പരിശീലന പരിപാടികള്‍ നടത്താത്തത് പരിശീലനം നേടിയവരുടെ എണ്ണം വിരളമാക്കുകയാണ്. കഴിഞ്ഞയിടെ എരുമേലിയില്‍ ബസ് യാത്രക്കിടെ വീട്ടമ്മ നെഞ്ച് വേദനയില്‍ കുഴഞ്ഞ് വീണ് അത്യാസന്ന നിലയിലായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ബസിലുണ്ടായിരുന്ന പുരുഷന്മാരും മുതിര്‍ന്നില്ല. യാത്രക്കാരിയും മുമ്പ് രക്ഷാ പ്രവര്‍ത്തന പരിശീലനം നേടിയിട്ടുള്ളതുമായ മറ്റൊരു വീട്ടമ്മയാണ് സന്ദര്‍ഭോചിതമായി പ്രവര്‍ത്തിച്ച് അടിയന്തിര ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ചത്. അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തകരായി മാറാന്‍ പ്രദേശവാസികളെ പരിശീലിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷാ മരുന്നുകള്‍ ഏര്‍പ്പെടുത്തുകയും വിവിധ രക്ത ഗ്രൂപ്പുകളില്‍ പെട്ടവരായ സന്നദ്ധ സേവകരെ തിരഞ്ഞെടുത്ത് അംഗീകൃത വാളന്റിയര്‍മാരാക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി സേവനങ്ങള്‍ നടപ്പിലാക്കാന്‍ പരിശീലന പരിപാടികളിലൂടെ സാധിക്കുമെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കുന്നു. ഒപ്പം വിവിധ വകുപ്പുകളുടെ ഏകോപനവും സാധ്യമാകും. എന്നാല്‍ കാലങ്ങളായി ഇത്തരം ജനകീയ സുരക്ഷാ ക്രമീകരണ സംരഭങ്ങള്‍ നടപ്പിലാക്കിയിട്ടില്ലാത്തത് മൂലം അപകടമേഖലയായ ശബരിമല പാതകളിലും തീര്‍ത്ഥാടകര്‍ കുളിക്കുന്ന നദികളിലും സ്ഥിരമായ സുരക്ഷാക്രമീകരണങ്ങളില്ല.ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ശബരിമല സീസണില്‍ മാത്രം നദികളിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാറുള്ളത്. പ്രാദേശികമായി ജനകീയ സുരക്ഷാ സംരഭങ്ങള്‍ ശബരിമല പ്രദേശങ്ങളില്‍ അനിവാര്യമാണെന്നാണ് ദുരന്ത നിവാരണ സമിതി വിലതിരുത്തിയിട്ടുളളത്.  തീര്‍ത്ഥാടന അവലോകനമുന്നൊരുക്ക യോഗങ്ങളില്‍ ഇക്കാര്യം നിര്‍ദേശമായി ഉയരാറുമുണ്ട്. അടുത്ത തീര്‍ത്ഥാടന കാലം അടുത്തിരിക്കെ സുരക്ഷയുടെ കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ കൂട്ടായ്മകളും പരിശീലന പരിപാടികളും നടപ്പിലാക്കാന്‍ വൈകുന്നത് കടുത്ത അനാസ്ഥയായി മാറുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss