|    Aug 19 Sat, 2017 11:03 am
FLASH NEWS

എരുമേലി പഞ്ചായത്ത് അധികൃതര്‍ ചക്കുപള്ളത്തും കുമളിയിലും സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിച്ചു

Published : 10th August 2017 | Posted By: fsq

 

എരുമേലി: മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ മാര്‍ഗം തേടി എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ സംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിച്ചു. കുമളി, ചക്കുപള്ളം പഞ്ചായത്തുകളുടെ പ്ലാന്റുകളാണു പ്രസിഡന്റ് ടി എസ് കൃഷ്ണകുമാറും സംഘവും സന്ദര്‍ശിച്ചത്. രണ്ടിടത്തും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റി വിറ്റഴിച്ച് വരുമാനം നേടുന്നവയാണ്. ഇതിനു പ്രധാനമായും മാലിന്യങ്ങളില്‍ ബാക്ടീരിയ സമൃദ്ധമായി ഉല്‍പ്പാദിക്കപ്പെട്ടാലാണ് സാധ്യമാവുക. അതേ സമയം എരുമേലിയില്‍ ശബരിമല സീസണിലാണ് വന്‍ തോതില്‍ മാലിന്യങ്ങള്‍ കൂടുന്നതെന്നും ശുചീകരണമായി  ബ്ലീച്ചിങ് പൗഡര്‍ വിതറുന്നതിനാല്‍ മാലിന്യങ്ങളിലെ ബാക്ടീരിയ നശിക്കുകയാണെന്നും പ്രസിഡന്റ് കൃഷ്ണകുമാര്‍ പറഞ്ഞു. കുമളിയിലും ചക്കുപള്ളത്തും മാലിന്യങ്ങള്‍ പ്ലാസ്റ്റിക്, ഖരം, ജൈവം, എന്നിങ്ങനെ വേര്‍തിരിച്ച് പ്രത്യേകമായി വീപ്പകളില്‍ ശേഖരിച്ച് ശാസ്ത്രീയ മാര്‍ഗം അവലംബിച്ചാണ് സംസ്‌കരിക്കുന്നത്. എന്നാല്‍ എരുമേലിയില്‍ എല്ലായിനം മാലിന്യങ്ങളും വഴിയിലും വീപ്പകളിലും തള്ളുന്നതിനാല്‍ വേര്‍തിരിക്കാന്‍ കഴിയാതെ ഒന്നിച്ചുകൂട്ടി സംസ്‌കരിക്കേണ്ടി വരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്താതെ ശാസ്ത്രീയ സംസ്‌കരണം നടത്താനാവില്ലെന്ന് കുമളി, ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതികള്‍ പറഞ്ഞു. അതേസമയം സാങ്കേതിക വിദഗ്ദരുടെ ഉപദേശം തേടിയ ശേഷം പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ സംസ്‌കരണ മാര്‍ഗം സ്വീകരിക്കാനാണ് എരുമേലി ഭരണസമിതി ഒരുങ്ങുന്നത്. എരുമേലിയില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ചു മാറ്റുകയും ജൈവ മാലിന്യങ്ങളില്‍ ബാക്ടീരിയ യഥേഷ്ടമായി ഉല്‍പ്പാദിക്കപ്പെടുകയും വളരാന്‍ അനുവദിക്കുകയും ചെയ്താലാണ് കുമളി, ചക്കുപളളം മാതൃകയില്‍ സംസ്‌കരണം നടത്താനാവുക. ജൈവ മാലിന്യങ്ങള്‍ വിവിധ അറകളിലായി മാറ്റി ഒരു മാസത്തോളം സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വളം ആയി മാറുന്ന രീതിയാണ് കുമളിയിലും ചക്കുപള്ളത്തുമുളളത്. ഈ രീതി കാലതാമസമുളളതായതിനാല്‍ എരുമേലിയില്‍ അനുയോജ്യമാകില്ലെന്ന അഭിപ്രായം ഉണ്ട്. നിലവില്‍ കൊടിത്തോട്ടം, കമുകിന്‍കുഴി എന്നിവിടങ്ങളിലാണ് എരുമേലിയില്‍ സംസ്‌കരണം. കൊടിത്തോട്ടത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് തകര്‍ന്നതിനാല്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന യോഗ്യമാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കമുകിന്‍കുഴിയിലെ യൂനിറ്റില്‍ ജൈവ മാലിന്യ സംസ്‌കരണത്തിനു യോജിക്കുന്ന മാര്‍ഗം തേടിയാണ് ഇന്നലെ കുമളി, ചക്കുപള്ളം പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തിയത്. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ ആര്‍ അജേഷ്, അംഗങ്ങളായ സോമന്‍ തെരുവത്ത്, ഇ കെ സുബ്രഹ്മണ്യന്‍, സെക്രട്ടറി പി എ നൗഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക