|    Dec 13 Wed, 2017 2:36 pm
FLASH NEWS

എരുമേലി പഞ്ചായത്തില്‍ 23 കോടിയുടെ ബജറ്റ്

Published : 21st March 2017 | Posted By: fsq

 

എരുമേലി: അടുത്ത സാമ്പത്തിക വര്‍ഷം 22.55 കോടി രൂപ വരവും 22.33 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്  ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റ ഗിരിജ സഹദേവന്‍ അവതരിപ്പിച്ചു. പ്രസിഡറ്റ് ടി എസ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
ബജറ്റിലെ ചര്‍ച്ചയും ഭേദഗതികള്‍ നിര്‍ദേശിക്കലും അംഗീകരിക്കലും 23ന് നടക്കുമെന്നറിയിച്ച്  ബജറ്റ് അവതരണത്തോടെ കമ്മിറ്റി പിരിഞ്ഞു. എരുമേലി ടൗണിനടുത്ത് സ്ഥലമെടുത്ത് ബസ് സ്റ്റാന്‍ഡ്, ടാക്‌സി സ്റ്റാന്‍ഡ്, ടൗണ്‍ഹാള്‍ എന്നിവ നിര്‍മിക്കാന്‍ ബജറ്റില്‍ രണ്ടര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള ബസ് സ്റ്റാന്‍ഡ് അപര്യാപ്തവും സ്ഥല പരിമിതികള്‍ മൂലം അസൗകര്യങ്ങള്‍ നിറഞ്ഞതിനാലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. മുക്കൂട്ടുതറ ടൗണില്‍ ഭാവിയില്‍ ബസ് സ്റ്റാന്‍ഡ് ലക്ഷ്യമിട്ട് വികസിപ്പിക്കുന്നതിനായി മൂന്നര കോടി രൂപയാണ് ചെലവിടുക. നിലവിലുളള ഷോപ്പിങ് കോംപ്ലക്‌സ് നവീകരിക്കലും ബസ്‌വേ നിര്‍മാണവുമാണു നടത്തുക. എരുമേലിയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിശ്രമ കേന്ദ്രം നിര്‍മിക്കും.
സ്ത്രീകള്‍ക്കു സ്വയ രക്ഷയ്ക്കു കരാത്തെ ഉള്‍പ്പടെ ആയോധനാ മുറകള്‍ പരിശീലിപ്പിക്കുന്നതിനു പഠന കേന്ദ്രം സ്ഥാപിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചതു ശ്രദ്ദേയമായി. മാലിന്യ സംസ്‌കരണത്തിനു പുതിയ പ്ലാന്റ് നിര്‍മിക്കുമെങ്കിലും തുക നിശ്ചയിച്ചിട്ടില്ല. മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനും കുടിവെള്ള പദ്ധതിക്കുമായി ഒരു കോടിയാണ് വകയിരുത്തിയത്.
ഭൂരഹിതര്‍ക്കു ഭൂമിയും പാര്‍പ്പിടവും അനുവദിക്കാന്‍ സര്‍ക്കാരിന്റെ നവകേരളാ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ആരോഗ്യം, ജൈവകൃഷി മേഖലകള്‍ക്കു പദ്ധതികള്‍ ആവിഷ്‌കരിച്ച് നവ കേരളാ മിഷനില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു നടപ്പാക്കുമെന്നു ബജറ്റില്‍ പറയുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു സൗജന്യമായി സൗരോര്‍ജ വിളക്കുകള്‍ നല്‍കും. ഇതുള്‍പ്പടെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് അടിസ്ഥാന വികസനത്തിനായി 60 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റോഡ് നിര്‍മാണം ഉള്‍പ്പടെ പശ്ചാത്തല വികസനത്തിന് 26.14 കോടിയും സേവന മേഖലക്ക് 26 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ വിനിയോഗിക്കാന്‍ 26 കോടിയും ലഭിക്കുമെന്ന് ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
കുടുംബശ്രീ വികസനത്തിനു 10 ലക്ഷം രൂപ വിനിയോഗിക്കും. കുടുംബശ്രീ വനിതാ കാന്റീന്‍ വിപുലമാക്കും. ഫയര്‍ സ്‌റ്റേഷന് സ്ഥലമെടുത്ത് കെട്ടിടം നിര്‍മിക്കുമെന്ന് ബജറ്റില്‍ പറയുന്നു.
എന്നാല്‍ തുക നിശ്ചയിച്ചിട്ടില്ല. മുക്കൂട്ടുതറ- മുട്ടപ്പളളി റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കു വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ 50 ലക്ഷം രൂപ വിനിയോഗിക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക