|    Oct 17 Wed, 2018 3:30 pm
FLASH NEWS

എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ തൊഴിലുറപ്പു പദ്ധതിയില്‍ വന്‍ ക്രമക്കേട്

Published : 15th September 2017 | Posted By: fsq

 

എരുമേലി: ജോലിയില്‍ പരിജ്ഞാനമില്ലെന്ന ഓവര്‍സിയറുടെ കുറ്റസമ്മതം രാജിയായി സ്വീകരിച്ച എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്നതു ക്രമക്കേടുകളുടെ കൂമ്പാരമെന്ന് ആരോപണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ 87 പ്രവൃത്തികളില്‍ നാലെണ്ണത്തിനു മാത്രമാണ് മൂല്യനിര്‍ണയം നടത്തിയതെന്ന് ഓഡിറ്റ് റിപോര്‍ട്ട്. ബാക്കി 83 പദ്ധതികള്‍ക്കും തുക നല്‍കിയത് മൂല്യനിര്‍ണയം നടത്താതെയായിരുന്നെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 1.1 കോടി രൂപയാണ് ഇങ്ങനെ ചെലവിട്ടത്. മൂല്യനിര്‍ണയം നടത്താതെ മസ്റ്റര്‍ റോളിന്റെ അടിസ്ഥാനത്തിലായിരുന്നു തുക വിനിയോഗം. പ്രവൃത്തികള്‍ നേരിട്ടെത്തി കണ്ട് അളന്നു പരിശോധിച്ച് മൂല്യനിര്‍ണയം നടത്തുന്നതോടെയാണ് യഥാര്‍ഥ തുക നിശ്ചയിക്കാനാവുക. ഇത് അടിസ്ഥാനമാക്കിയാണ് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കേണ്ടത്. അക്രഡിറ്റഡ് എന്‍ജിനീയറും ഓവര്‍സിയറുമാണ് പ്രവൃത്തികള്‍ കണ്ട് പരിശോധിച്ച് മൂല്യനിര്‍ണയം നടത്തേണ്ടത്. ആകെ നടത്തിയ 87 പ്രവൃത്തികളില്‍ നാലെണ്ണത്തിനു മാത്രമാണ് ഇവര്‍ മൂല്യനിര്‍ണയം നടത്തിയത്. ബാക്കി 83 പ്രവൃത്തികള്‍ നേരില്‍ കണ്ട് അളന്നു നിര്‍ണയിക്കാതെ തുക നല്‍കിയത് ഗുരുതരമായ വീഴ്ചയായാണ് ഓഡിറ്റിങ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രവൃത്തികളുടെ തുക വിനിയോഗം തടസ്സപ്പെടുത്താന്‍ ഓഡിറ്റ് റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ മൂല്യനിര്‍ണയം നടത്തി പ്രവൃത്തികളുടെ എം ബുക്കുകള്‍ തയ്യാറാക്കി ഒരു മാസത്തിനകം സമര്‍പ്പിക്കാമെന്ന് എന്‍ജിനീയറും ഓവര്‍സിയറും ഓഡിറ്റ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജോലി ചെയ്തിരുന്ന ഓവര്‍സിയറാണ് തനിക്ക് ജോലിയില്‍ വേണ്ടത്ര പരിജ്ഞാനമില്ലെന്നു പഞ്ചായത്ത് കമ്മിറ്റിയോട് കുറ്റസമ്മതം നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതു സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വിശദീകരണം തേടിയപ്പോഴായിരുന്നു ഓവര്‍സിയറുടെ കുറ്റസമ്മതം. വിശദീകരണവും കുറ്റസമ്മതവും സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ഓവര്‍സിയര്‍ എഴുതി കത്തായി നല്‍കിയത് ഫ്രണ്ട് ഓഫിസിലായിരുന്നു. ഈ കത്ത് മൂലം ഓവര്‍സിയര്‍ക്കു ജോലി നഷ്ടപ്പെടുമെന്നു പറഞ്ഞ് ജീവനക്കാരില്‍ ചിലര്‍ കത്ത് ഓഫിസ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താതെ നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതു ഭരണസമിതി അറിഞ്ഞതോടെയാണ് ഓവര്‍സിയറെ സഹായിക്കാനുള്ള ശ്രമം പൊളിഞ്ഞതെന്ന് പറയുന്നു. കത്തു ലഭിച്ചതോടെ ഓവര്‍സിയറെ ജോലിയില്‍ നിന്ന് നീക്കുകയായിരുന്നു. എന്നാല്‍ കുറ്റസമ്മതം രാജിയായി കണക്കാക്കരുതെന്നായിരുന്നു ഓവര്‍സിയറുടെ വാദം. ജോലിയില്‍ ഗുരുതരമായ വീഴ്ച കാട്ടിയ ആളെ ഇനി തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രസിഡന്റ് ഉറച്ചുനിന്നതോടെ ഓവര്‍സിയറുടെ വാദം വിലപ്പോയില്ല. ഓവര്‍സിയറെ നിയമിച്ചത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണെന്നിരിക്കെ നിയമനത്തില്‍ ഇതു പരിശോധിച്ചിരുന്നോയെന്നാണ് ഇപ്പോള്‍ സംശയം. ഓവര്‍സിയര്‍ ചെയ്യേണ്ട കംപ്യൂട്ടര്‍ ജോലികള്‍ തൊഴിലുറപ്പു പദ്ധതിയിലെ മറ്റു ജീവനക്കാരാണു നടത്തിയിരുന്നതെന്നു പറയുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനല്‍ ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയിടെ ട്രെയിനിങ് നടത്തിയിരുന്നു. ഈ ട്രെയിനിങില്‍ പങ്കെടുത്ത ഓവര്‍സിയറാണ് ഒടുവില്‍ ജോലി അറിയില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്.ഓണ്‍ലൈനില്‍ ആക്കിയതോടെ എരുമേലിയില്‍ പദ്ധതി പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലാവുകയും ചെയ്തിരുന്നു. ഇതു ബോധ്യമായ പ്രസിഡന്റ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതോടെയാണ് പാളിച്ചകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പകരം ഓവര്‍സിയറെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പഞ്ചായത്ത് കമ്മിറ്റി. എന്‍ജിനീയറെയും ഒരു ഓവര്‍സിയറെയും പുതുതായി നിയമിച്ചിട്ടുമുണ്ട്. കൂടുതല്‍ മികവുറ്റ നിലയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ടെന്നു ഭരണ സമിതി പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss