|    Nov 12 Mon, 2018 11:20 pm
FLASH NEWS

എരുമേലി-കണമല റോഡില്‍ 15 കോടിയുടെ നവീകരണം ആരംഭിച്ചു

Published : 3rd May 2018 | Posted By: kasim kzm

എരുമേലി: ദേശീയപാതയെ ദേശീയപാതയാക്കാനുള്ള പണികള്‍ ആരംഭിച്ചു. പ്രധാന ശബരിമല പാതയായ എരുമേലി-കണമല ശബരിമല റോഡിനാണ് ദേശീയപാതയായിട്ടും ഗുണനിലവാരമില്ലാതിരുന്നത്. 15 കോടി രൂപ ചെലവിട്ട് എരുമേലി മുതല്‍ കണമല വരെ 13 കിലോമീറ്റര്‍ റോഡ് ഉന്നതനിലവാരത്തിലാക്കുന്ന പണികള്‍ക്ക് തുടക്കമായെന്ന് ദേശീയപാതാ റോഡ് വിഭാഗം കാഞ്ഞിരപ്പളളി സെക്്ഷന്‍ അസി. എന്‍ജിനീയര്‍ പറഞ്ഞു.
ടാറിങ് നടത്താനുള്ള പ്രതല നിരപ്പിന്റെ ലെവല്‍ നിര്‍ണയിക്കുന്ന ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ടാറിങ് ജോലികള്‍ അടുത്ത ശബരിമല സീസണില്‍ പൂര്‍ത്തിയാവും. ദേശീയപാതയായി നിര്‍മിച്ച ഈ റോഡില്‍ മൂന്നാംഘട്ട ടാറിങ് ജോലികളാണ് ഇനി ഉടനെ നടത്തുക. ടൗണുകളില്‍ റോഡിന് ടൈല്‍സ് പാളികള്‍ പാകും. കണമല, മുട്ടപ്പളളി, മുക്കൂട്ടുതറ എന്നിവിടങ്ങളിലാണ് ടൈലുകള്‍ പാകുക. എരുമേലി മുതല്‍ കണമല വരെയും റോഡിന്റെ വശങ്ങളില്‍ സ്ലാബ് പതിപ്പിച്ച് കോണ്‍ക്രീറ്റ് നിര്‍മിത ഓടകള്‍ നിര്‍മിക്കും. മഴക്കാലത്ത് പതിവായി വെള്ളക്കെട്ടുണ്ടാവുന്ന ഭാഗങ്ങളില്‍ പ്രതല നിരപ്പ് ഉയര്‍ത്തിയാണു ടാര്‍ ചെയ്യുക. നടപ്പാതകള്‍ ഒപ്പം നിര്‍മിക്കും. വീതി കുറഞ്ഞ സ്ഥലങ്ങളില്‍ റോഡിനു പരമാവധി വീതി ഉറപ്പാക്കിയാണ് ടാര്‍ ചെയ്തു നവീകരിക്കുക. റോഡില്‍ ചില സ്ഥലങ്ങളില്‍ ടാറിങിനു പകരം കോണ്‍ക്രീറ്റിങ് നടത്തും. ഇന്ധന ലാഭം കൈവരുന്നതും തിരയിളക്കമില്ലാത്തതും അപകട സാധ്യതകള്‍ പരമാവധി ഒഴിവാക്കുന്നതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണു കരാര്‍ ചെയ്ത് ടെന്‍ഡറായി നിര്‍മാണത്തിലേക്ക് എത്തിയിരിക്കുന്നത്. കരിങ്കല്ലുമുഴിയിലെ ദുര്‍ഘട കയറ്റവും കണമലയിലെ അപകടകരമായ ഇറക്കവുമാണ് പാതയിലെ പ്രധാന അപകടസാധ്യതാ പ്രദേശങ്ങള്‍.
നവീകരണത്തിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷിതമായ നിലയിലേക്ക് ഈ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. അപകടങ്ങളില്‍ നിരവധി ജീവന്‍ പൊലിഞ്ഞ കണമല ഇറക്കത്തില്‍ റോഡ് സുരക്ഷയ്ക്കുള്ള നവീകരണമാണു പ്രത്യേകമായി നടത്തുക. ബ്ലാക്ക് സ്‌പോട്ടുകളായി പോലിസ് നിര്‍ദേശിച്ച ഭാഗങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുന്ന പണികളാണു നടത്തുക. ആന്റോ ആന്റ്റണി എംപി, പി സി ജോര്‍ജ് എംഎല്‍എ എന്നിവര്‍ റോഡ് നവീകരണം ആവശ്യപ്പെട്ടതോടെയാണു നടപടികളായത്. ശബരിമല ഹെവിമെയിന്റനന്‍സ് പദ്ധതിയിലാണ് റോഡ് നവീകരണത്തിന് ആദ്യം നടപടികളായത്. ഈ പദ്ധതി വൈകിയതോടെ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രത്യേകമായി ഫണ്ട് നല്‍കി നിര്‍മാണം നടത്തുകയായിരുന്നു. പിന്നീട് രണ്ടാംഘട്ട ടാറിങ് ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കുടിവെള്ള പദ്ധതിക്കു വേണ്ടി പാതയോരങ്ങള്‍ കുത്തിപ്പൊളിക്കേണ്ടി വന്നു. 53 കോടി രൂപ ചെലവിടുന്ന എരുമേലി സമഗ്ര കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പുകള്‍ പാതയോരങ്ങളില്‍ കുഴിച്ചിടുകയായിരുന്നു. എരുമേലി മുതല്‍ മുക്കൂട്ടുതറ വരെ പാതയുടെ ഇരുവശങ്ങളിലെയും ടാറിങ് വെട്ടിപ്പൊളിച്ചാണ് പൈപ്പുകളിട്ടത്.
ജല അതോറിറ്റി ഫണ്ട് നല്‍കിയത് ഉപയോഗിച്ച് കുഴിയടയ്ക്കല്‍ നടത്തി. എന്നാല്‍ ഒരേ പ്രതല നിരപ്പിലുള്ള ടാറിങ് നിലവാരം നഷ്ടമായി. തിരയിളക്കമില്ലാത്ത രണ്ടു പാളി ടാറിങ് പൂര്‍ത്തിയായ റോഡിന്റെ വശങ്ങള്‍ വെട്ടിപ്പൊളിച്ച് താഴ്ത്തിയതോടെ ഗുണനിലവാരം നഷ്ടമാവുകയായിരുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് ഏറ്റവും തിരക്കേറിയ പാതയാണിത്. കണമലയില്‍ പമ്പാ നദിക്കു കുറുകെ പുതിയ പാലം നിര്‍മിച്ചതോടെയാണ് ഗതാഗത തിരക്ക് വര്‍ധിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss