|    Mar 24 Fri, 2017 7:51 am
FLASH NEWS

എരുമേലി എസ്റ്റേറ്റ് മസ്ജിദിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിന്

Published : 31st August 2016 | Posted By: SMR

എരുമേലി: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധീനതയിലുള്ള എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ മുസ്‌ലിം പള്ളിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിനാണെന്ന് കോടതിയില്‍ ഹരജി. പള്ളിയിലെ ഖബറിസ്ഥാനില്‍ പള്ളി ഭാരവാഹികള്‍ പ്രവേശിക്കുന്നത് വിലക്കി കോടതി ഉത്തരവ് ലഭിക്കുന്നതിനായി നല്‍കിയ ഹരജിയിലാണ് മുസ്‌ലിം പള്ളിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിനും തോട്ടം മാനേജര്‍ക്കുമാണെന്ന് അറിയിച്ചത്. തുടര്‍ന്ന് പള്ളി ഭാരവാഹികളെ ഖബറിസ്ഥാനില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ട കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടുത്ത മാസം 29ന് ഹാജരാവണമെന്ന് ഭാരവാഹികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ചെറുവള്ളി എസ്റ്റേറ്റ് ഒരു വര്‍ഷം മുമ്പ് ഏറ്റെടുത്തതായി സര്‍ക്കാരിനുവേണ്ടി സ്‌പെഷ്യല്‍ ഓഫിസര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധീനതയില്‍ തന്നെയാണ് ഇപ്പോഴും എസ്റ്റേറ്റ്. ഹിദായത്തുല്‍ ഇസ്‌ലാം ജുമാമസ്ജിദ്, എക്യുമെനിക്കല്‍ ചര്‍ച്ച്, പൂവന്‍പാറ ദേവീക്ഷേത്രം, പഞ്ചപരാശക്തി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ പതിറ്റാണ്ടുകളായി എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ എല്ലാം ഉടമസ്ഥര്‍ എസ്റ്റേറ്റ് അധികൃതരാണെന്നാണ് ഹരജിയില്‍ പറയുന്നത്. എന്നാല്‍, ഇത് വാസ്തവ വിരുദ്ധമാണെന്ന് വിശ്വാസികള്‍ പറയുന്നു. ആരാധനാലയങ്ങള്‍ അതത് മതസ്ഥര്‍ക്ക് വിട്ടുകൊടുത്തതാണെന്നിരിക്കെ ഇപ്പോള്‍ ഉടമസ്ഥാവകാശം ഉന്നയിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ആരോപിക്കപ്പെടുന്നു.
നിലവില്‍ പള്ളിയില്‍ മൃതദേഹങ്ങള്‍ മറവുചെയ്യുന്ന സ്ഥലം പാറപ്രദേശമാണ്. ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം മൃതദേഹങ്ങള്‍ മറവ് ചെയ്യേണ്ടിവന്നു. തുടര്‍ന്നാണ് കൂടുതല്‍ സ്ഥലം വിട്ടുകിട്ടണമെന്ന് എസ്റ്റേറ്റ് അധികൃതരോട് ആവശ്യപ്പെട്ടത്. പള്ളിയുടെ സമീപത്തുള്ള എസ്റ്റേറ്റ് വക സ്ഥലം തല്‍ക്കാലത്തേക്ക് ഉപയോഗിക്കുവാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഈ സ്ഥലത്ത് കൈയാല നിര്‍മിച്ചതോടെയാണ് കോടതിയില്‍ ഹരജി എത്തിയത്.
അതേസമയം,തല്‍ക്കാലത്തേക്ക് ഉപയോഗിക്കാന്‍ വിട്ടുകൊടുത്ത സ്ഥലം അനധികൃതമായി കൈയടക്കിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കേണ്ടിവന്നതെന്ന് എസ്റ്റേറ്റ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ജമാഅത്ത് ഭാരവാഹികളായ പി കെ സുലൈമാന്‍, കെ എം സലീം, പള്ളി ഇമാം ഹബീബ് മൗലവി എന്നിവര്‍ പറഞ്ഞു. എസ്റ്റേറ്റിലെ മറ്റ് ആരാധനാലയങ്ങള്‍ക്കെതിരേയും എസ്റ്റേറ്റ് അധികൃതര്‍ കടുത്ത നടപടികളാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക