|    Jun 23 Sat, 2018 4:03 pm
FLASH NEWS

എരുമേലിയെപ്പറ്റി പാവനതയെക്കാളേറെ കേള്‍ക്കുന്നത് മാലിന്യം : കലക്ടര്‍

Published : 7th October 2017 | Posted By: fsq

 

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തില്‍ മതസൗഹാര്‍ദത്തിന്റെ മാതൃകയായ എരുമേലിയുടെ പരിപാവനതയെക്കാളുപരി കേള്‍ക്കുന്നത് മാലിന്യപ്രശ്‌നമാണെന്ന് കലക്ടര്‍ ഡോ. ബി എസ് തിരുമേനി. ഇന്നലെ എരുമേലിയില്‍ തീര്‍ത്ഥാടന മുന്നൊരുക്കയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന ശുചിത്വ മിഷന്റെ ടീം എരുമേലിയിലെത്തി നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ക്ലീന്‍ കേരള മിഷന്‍ മുഖേന പ്ലാസ്റ്റിക് സംസ്‌കരണ മെഷീന്‍ സ്ഥാപിക്കുന്നതിന് ഗ്രാമപ്പഞ്ചായത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി.  ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ പഞ്ചായത്ത് ശേഖരിക്കണം. ഇതുവരെയുളള മുഴുവന്‍ മാലിന്യങ്ങളും മാറ്റി പഞ്ചായത്ത് അധികൃതര്‍ ശുചീകരണം നടത്തണം. ടൗണിലെ 15 പോയിന്റുകളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കും. ഇതിന് പഞ്ചായത്ത് ഫണ്ട് നല്‍കണം. മറ്റ് 15 പോയിന്റുകളില്‍ കാമറകള്‍ക്ക് വ്യാപാരി സംഘടനകള്‍ ചെലവ് വഹിക്കും. കേബിള്‍ രഹിതവും ഇന്റര്‍നെറ്റ് സഹായത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കാമറ സംവിധാനത്തെപ്പറ്റി പഠനം നടത്തിയ ശേഷം ഉചിതമെങ്കില്‍ നടപ്പിലാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. എയ്ഞ്ചല്‍വാലി പാലത്തില്‍ കൈവരികളും ഇടകടത്തി കണമല പാതയിലെ നാല് സ്ഥലങ്ങളില്‍ ക്രാഷ്ബാരിയറുകള്‍ സ്ഥാപിക്കാനും മരാമത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ കുഴികള്‍ നികത്തി മരാമത്ത് ടാറിങ് ജോലികള്‍ ചെയ്യാമെന്നറിയിച്ചു. 26ാം മൈല്‍ പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഒമ്പതിന് പണികള്‍ തുടങ്ങി 31ന് പൂര്‍ത്തിയാക്കും. പുതിയ പാലം തീര്‍ത്ഥാടനകാലത്തിന് ശേഷം നിര്‍മിക്കും. ശബരിമലയുമായി ബന്ധപ്പെട്ട 17 റോഡുകളില്‍ അറ്റകുറ്റപണികള്‍ നടത്തും. പേട്ടക്കവല, വലിയമ്പലം, കുളിക്കടവ് എന്നിവിടങ്ങളില്‍ വാച്ച് ടവര്‍ നിര്‍മിക്കാമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. എംഇഎസ് കോളജ് ജങ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കും. പാമ്പ് വിഷ പ്രതിരോധത്തിന് എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ആശുപത്രികളില്‍ ആന്റിവെനം മരുന്ന് സൂക്ഷിക്കും. എരുമേലിയില്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റും ഹൃദ്‌രോഗ വിദഗ്ദന്റെ സേവനവുമുണ്ടാകും. വനംവകുപ്പ് അനുവദിച്ചാല്‍ കാനനപാതയില്‍ ഇ ടോയലെറ്റുകള്‍ നിര്‍മിക്കും. കോയിക്കക്കാവ് കാനനപാത കോണ്‍ക്രീറ്റ് ചെയ്യും. പേരൂര്‍തോട് ഇരുമ്പൂന്നിക്കര റോഡില്‍ അറ്റകുറ്റപണികള്‍ നടത്തും. പാര്‍ക്കിങ് ഫീസുകള്‍ ഏകീകരിക്കും. ശൗചാലയങ്ങള്‍ പരിശോധിച്ച ശേഷം യോഗ്യമായവക്ക് ലൈസന്‍സ് നല്‍കും. കെഎസ്ആര്‍ടിസിക്കും ടൗണിലെ ടാക്‌സികള്‍ക്കും പാര്‍ക്കിങിന് സ്ഥലമെടുത്ത് പഞ്ചായത്ത് നല്‍കണം. മാലിന്യങ്ങളില്‍ മിതമായ അളവിലല്ലാതെ ബ്ലീച്ചിങ് പൗഡര്‍ വിതറാന്‍ പാടില്ല. ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റി സംസ്‌കരിക്കുന്നതിന് ബാക്ടീരിയ ഉല്‍പാദിപ്പിക്കപ്പെടുന്നതിന് ബ്ലീച്ചിംഗ് പൗഡര്‍ തടസമാണ്. വാഹനങ്ങളില്‍ വഴിയോരകച്ചവടം അനുവദിക്കില്ല. റോഡുകളില്‍ വാഹനപാര്‍ക്കിങ് അനുവദിക്കില്ല. തീര്‍ത്ഥാടന സേവനത്തിലുളള പോലിസുകാര്‍ ജനങ്ങളോട് സൗഹാര്‍ദമായി പെരുമാറണം. യോഗത്തില്‍ ജില്ലാ പോലിസ് മേധാവി ബി എ മുഹമ്മദ് റഫീക്ക്, എഡിഎം കെ രാജന്‍, ആര്‍ഡിഒ രാംദാസ്, ശുചിത്വമിഷന്‍ എഡിസി ഫിലിപ്പ്, തഹസീല്‍ ദാര്‍ ജോസ് ജോര്‍ജ്, ദേവസ്വം ബോര്‍ഡ് എക്‌സി. എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, എഒ ബിജു, അഡീഷണല്‍ തഹസീല്‍ദാര്‍ ജോസഫ്് കെ ജോര്‍ജ്, ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍, ഡിഎംഒ ജേക്കബ് വര്‍ഗീസ്, ഡിഎഫ്ഒ ത്യാഗരാജന്‍, ജമാ അത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്, ക്ഷേത്ര ഹിന്ദു സംഘടനാ ഭാരവാഹികളായ മനോജ് എസ് നായര്‍, അനിയന്‍ എരുമേലി, കെ ആര്‍ സോജി, വ്യാപാരി സംഘടനാ ഭാരവാഹികളായ മുജീബ് റഹ്മാന്‍, അജി എം കൃഷ്ണ, തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss