|    May 23 Tue, 2017 8:27 pm
FLASH NEWS

എരുമേലിയില്‍ ശൗചാലയത്തിന് അപേക്ഷിച്ചവരില്‍ അനര്‍ഹര്‍; പരിശോധനകള്‍ തുടരും

Published : 30th July 2016 | Posted By: SMR

എരുമേലി : ശൗചാലയം ഇല്ലാത്തവര്‍ക്കെല്ലാം ഉടന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ തന്നെ മറ്റു പഞ്ചായത്തുകളേക്കാള്‍ അഞ്ചിരട്ടി അപേക്ഷകള്‍ ലഭിച്ച എരുമേലിയില്‍ ഏറെയും അനര്‍ഹരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് ശുചിത്വ മിഷന്‍ പ്രതിനിധികള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. ഏറ്റവുമധികം അപേക്ഷകള്‍ എരുമേലിയിലാണെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പിന്നാലെയാണ് മിന്നല്‍ പരിശോധന നടന്നത്.
747 പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലായി 58 വീടുകള്‍ സന്ദര്‍ശിച്ചാണ് ശുചിത്വ മിഷന്‍ പ്രതിനിധികള്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുമായി മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ നടത്തിയത്. ഈ 58 പേരിലും അര്‍ഹരായി കണ്ടെത്താന്‍ കഴിഞ്ഞത് 13 പേരെ മാത്രമാണ്. ഇതോടെ ലിസ്റ്റിലുള്ള 747 പേരില്‍ അര്‍ഹരായ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പകുതിയില്‍ താഴെമാത്രമേ കാണുകയുള്ളൂവെന്ന് വിലയിരുത്തിയിരിക്കുകയാണ്.
ശുചിത്വമിഷന്‍ അസി. ജില്ലാ കോഡിനേറ്റര്‍ ടി സി ബൈജു, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ ആരും ഉണ്ടാവരുതെന്ന ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ ശൗചാലയങ്ങള്‍ എന്ന പദ്ധതി സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനയോഗ്യമല്ലാത്ത ശൗചാലയങ്ങള്‍ ഉള്ളവരും പുറത്തുപോയി കൃത്യങ്ങള്‍ നടത്തേണ്ടി വരുന്നവരുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുകയെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ സ്വന്തമായി കക്കൂസുള്ളവര്‍ മറ്റൊരു കക്കൂസുകൂടി നിര്‍മിക്കാന്‍ വരെ അപേക്ഷ നല്‍കിയതാണ് എരുമേലിയില്‍ അനര്‍ഹര്‍ വ്യാപകമായതെന്ന് സംശയിക്കുന്നു. അതേ സമയം കക്കൂസില്ലാത്ത അര്‍ഹരായ നിരവധിപേര്‍ ലിസ്റ്റില്‍ ഇല്ലെന്ന് ശുചിത്വമിഷന്‍ നടത്തിയ പരിശോധനയില്‍ ബോധ്യമാകുകയും ചെയ്തു. ഇവരെ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് സിക്കീമില്‍ മാത്രമാണ് സമ്പൂര്‍ണ ശൗചാലയ പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. അടുത്ത നവംമ്പര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കേരളം രണ്ടാം സ്ഥാനത്ത് എത്തും. ഒരു ശൗചാലയം നിര്‍മ്മിക്കുന്നതിന് 15,400 രൂപയാണ് പദ്ധതിയില്‍ നിന്നും ലഭിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day