|    Aug 18 Fri, 2017 10:01 pm
FLASH NEWS

എരുമേലിയില്‍ വെള്ളമെത്തിക്കാന്‍ ഒരു സബ് സ്റ്റേഷന്‍ കൂടി വേണമെന്ന്

Published : 8th August 2017 | Posted By: fsq

 

എരുമേലി: 53 കോടിയുടെ എരുമേലി സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്ക് 63 കോടി ചെലവഴിച്ചിട്ടും പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ കുറഞ്ഞത് ഇനിയും ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നുറപ്പായി. പമ്പ് ഹൗസിലേക്കു കൂടിയ അളവില്‍ വൈദ്യുതി നല്‍കാന്‍ സബ് സ്‌റ്റേഷന്‍ നിര്‍മിക്കണമെന്നതും പദ്ധതിയുടെ വൈദ്യുതീകരണം ആരംഭിക്കാനാവാത്തതുമാണ് തടസ്സം. വൈദ്യുതീകരണത്തിന് എസ്റ്റിമേറ്റ് പോലുമായിട്ടില്ല. കെഎസ്ഇബിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കേണ്ടത്. ഇതിനു ശേഷം കെഎസ്ഇബിക്കു ജല അതോറിറ്റി എസ്റ്റിമേറ്റിലെ തുകയ്ക്കുള്ള ഫണ്ട് വാങ്ങി അടയ്ക്കണം. ഫണ്ട് ലഭിക്കുന്നതോടെ പണികള്‍ നടത്താന്‍ ടെണ്ടര്‍ ക്ഷണിക്കും. തുടര്‍ന്നാണ് വൈദ്യുതീകരണം ആരംഭിക്കുക. ഇത് പൂര്‍ത്തിയായ ശേഷം ട്രയല്‍ റണ്‍ നടത്തും. ഇത് വിജയകരമാകുന്നതോടൊപ്പം സംഭരണ ടാങ്കുകളില്‍ നിന്നും ജലമെത്തിക്കാന്‍ നാട്ടിലുടനീളം പൈപ്പുകള്‍ സ്ഥാപിക്കണം. തുടര്‍ന്നാണ് കമ്മീഷന്‍ ചെയ്യുന്നതിലേക്കെത്തുക. ഇതിനെല്ലാമായി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തവണത്തെ ശബരിമല സീസണില്‍ വെളളം നല്‍കാന്‍ സാധിക്കില്ല. വൈദ്യുതീകരണം നടത്തേണ്ടത് പ്രധാനമായും പമ്പ് ഹൗസിലും ജല ശുദ്ധീകരണ പ്ലാന്റിലും വിവിധ പ്രദേശങ്ങളിലെ 12 ഇടങ്ങളില്‍ നിര്‍മിച്ച സംഭരണ ടാങ്കുകളിലുമാണ്.  പമ്പാ നദിയിലെ വശ്യ മനോഹര വെളളച്ചാട്ടമായ പെരുന്തേനരുവിക്ക് സമീപത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുളള ഡാമില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. ഇവിടെയുളള പമ്പ് ഹൗസിലൂടെ വെളളം ഇടത്തിക്കാവ്, ചാത്തന്‍തറ, കൊല്ലമുള, മുക്കൂട്ടുതറ വഴി എംഇഎസ് കോളജിനടുത്തുളള ശുദ്ധീകരണശാലയിലെത്തിക്കും. ശുദ്ധീകരിച്ചതിന് ശേഷം കണമല, കീരിത്തോട്, പളളിക്കുന്ന്, ഗോവിന്ദന്‍ കവല, പൊരിയന്‍മല, കനകപ്പലം, നേര്‍ച്ചപ്പാറ ഉള്‍പ്പടെയുളള സംഭരണ ടാങ്കുകളിലൂടെ വിതരണ പൈപ്പുകളിലെത്തും. നിലവില്‍ പെരുന്തേനരുവിയിലെ വൈദ്യുതോല്‍പാദന കേന്ദ്രത്തില്‍ 33 കെവി സബ് സ്‌റ്റേഷനുണ്ട്. ഇതില്‍ നിന്നും പമ്പ് ഹൗസിന് വൈദ്യുതി നല്‍കാനാവില്ലന്ന് കെഎസ്ഇബി അറിയിച്ചതോടെയാണ് മറ്റൊരു സബ് സ്‌റ്റേഷന്‍ കൂടി നിര്‍മിക്കാന്‍ പണികള്‍ ആരംഭിച്ചിരിക്കുന്നത്. ഇത് പൂര്‍ത്തിയായാലാണ് പമ്പ് ഹൗസിന് വൈദ്യുതി ഉറപ്പാവുക. എംഇഎസി ലെ പ്ലാന്റിലേക്ക് കനകപ്പലം സബ് സ്‌റ്റേഷനില്‍ നിന്ന് വൈദ്യുതി നല്‍കും. ശബരിമല തീര്‍ഥാടകര്‍ക്ക് ശുദ്ധജലം നല്‍കാനായി 2013 ലാണ് പദ്ധതിയുടെ നിര്‍മാണം തുടങ്ങിയത്. 70 ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പദ്ധതിക്ക് ഇനി വൈദ്യുതീകരണ ജോലികളും സംഭരണികളില്‍ നിന്നും വെളളം ജനങ്ങള്‍ക്കെത്തിക്കാനുളള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളുമാണ് ആരംഭിക്കാനുളളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക