|    Jun 25 Mon, 2018 6:05 am
FLASH NEWS

എരുമേലിയില്‍ അഞ്ചു കോടി രൂപചെലവിടുമെന്ന് ദേവസ്വം ബോര്‍ഡ്

Published : 12th August 2017 | Posted By: fsq

 

എരുമേലി: ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടന കാലത്തിനു മുമ്പ് ആശുപത്രിയും ഇന്‍ഫര്‍മേഷന്‍ സെന്ററും എരുമേലി വലിയമ്പലത്തിനു സമീപത്തു നിര്‍മിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ സ്ഥലം നിശ്ചയിച്ച് നിര്‍മാണമാരംഭിക്കാന്‍ തീരുമാനമായി. ശബരിമല ഉന്നതാധികാര സമിതിയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണു പദ്ധതിയെന്നും എരുമേലിയില്‍ അഞ്ചു കോടി രൂപ ചെലവിട്ടാണ് നിര്‍മാണം നടത്തുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. രണ്ടു കോടിയോളം രൂപ തീര്‍ത്ഥാടന കാലത്തിന് മുമ്പും ബാക്കി തുക ഇതിനു ശേഷവുമാണ് ചെലവിടുക. ഇന്നലെ ഉന്നതാധികാര സമിതിയുടെ നിര്‍ദേശ പ്രകാരം ദേവസ്വം പത്തനംതിട്ട എക്‌സി. എന്‍ജിനീയര്‍ അജിത്കുമാര്‍ എരുമേലിയിലെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം നിശ്ചയിച്ചു നിര്‍ദേശങ്ങള്‍ നല്‍കി. വലിയമ്പലത്തില്‍ അന്നദാന കൗണ്ടറിനു സമീപം പാര്‍ക്കിങ് ഗ്രൗണ്ടിന്റെ അരികിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍മിക്കുക. 46 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി ചെലവിടുക. വഴിപാട് കൗണ്ടര്‍, ഓണ്‍ലൈന്‍ ബുക്കിങ്, തീര്‍ത്ഥാടന സ്ഥലങ്ങളെപ്പറ്റി വിശദ വിവരങ്ങള്‍, തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍, ശബരിമല പടിപൂജ, പുഷ്പാഭിഷേകം സംബന്ധിച്ച വിവരങ്ങളും സെന്ററില്‍ ലഭ്യമാവും. നടപ്പന്തലിലെ ഗോപുരവാതിലിന് എതിര്‍വശത്ത് പോലിസ് എയ്ഡ് പോസ്റ്റിനും താല്‍ക്കാലിക ഫയര്‍ സ്റ്റേഷനും മധ്യേയാണ് ആശുപത്രി നിര്‍മിക്കുക. നിര്‍മാണത്തിന് 26 ലക്ഷം രൂപ ചെലവിടും. കിടത്തി ചികില്‍സയും ആയുര്‍വേദ, അലോപ്പതി ചികില്‍സയും ഉണ്ടാവും.ഭാവിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിനാണ് ഉദ്ദേശം. ഇതിന് അടുത്താണ് തീര്‍ത്ഥാടന കാലങ്ങളില്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക ആശുപത്രിയും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നത്. അയ്യപ്പ ഭക്തര്‍ പേട്ടതുള്ളലിനു ശേഷം ആചാരത്തിന്റെ ഭാഗമായി കുളിക്കുന്ന വലിയ തോട്ടിലെ കുളിക്കടവ് ആധുനികവല്‍ക്കരിക്കലും കല്‍പടവുകളുടെ നിര്‍മാണവും തീര്‍ത്ഥാടനകാലത്തിന് മുമ്പ് നടപ്പാക്കും. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. പണികള്‍ ടെന്‍ഡര്‍ ചെയ്‌തെന്നും മൂന്നു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു. ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് രഘുരാമന്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി എന്‍ ശ്രീകുമാര്‍, അസി. എന്‍ജിനീയര്‍മാരായ രഘുകുമാര്‍, പി ഡി ഷാജിമോന്‍, അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ് നായര്‍, അനിയന്‍ എരുമേലി, കെ ആര്‍ സോജി എന്നിവര്‍ സ്ഥല പരിശോധനയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss