|    Jan 19 Thu, 2017 10:12 am

എരുമേലിയിലെ ഹൈമാസ്റ്റ ലൈറ്റുകള്‍; നിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു

Published : 22nd July 2016 | Posted By: SMR

എരുമേലി: പ്രധാന ടൗണുകളില്‍ സ്ഥാപിച്ച ഉയരമേറിയ ഹൈമാസ്റ്റ് ലൈറ്റുകളുടെ വെളിച്ചത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ശാസ്ത്രീയമായ അന്വേഷണം നടക്കണമെന്ന ആവശ്യം. എംപി, എംഎല്‍എ, ഫണ്ടുകള്‍ വിനിയോഗിച്ച് സ്വകാര്യ ഏജന്‍സികള്‍ മുഖേന സ്ഥാപിച്ച ഹൈാമാസ്റ്റ് ലൈറ്റുകള്‍ നാട്ടിലെ സാദാ തെരുവ് വിളക്കുകള്‍ പോലെയാണ് പ്രകാശിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
എരുമേലി പേട്ടക്കവലയില്‍ ഹൈമാസ്റ്റ് ലൈറ്റുകൊണ്ട് പ്രയോജനമില്ലാത്ത സ്ഥിതിയാണ്. പകല്‍ മാത്രമാണ് ഇപ്പോള്‍ ലൈറ്റുകള്‍ പ്രകാശിക്കുന്നത്. രാത്രിയില്‍ പേട്ടക്കവല ഇരുട്ടിലാണ്.
ഹൈ സെന്‍സിറ്റീവ് സെന്‍സര്‍ പ്രവര്‍ത്തനത്തിലാണ് ലൈറ്റുകള്‍ ഓട്ടോമാറ്റിക്കായി പ്രകാശിക്കുന്നത് ഏജന്‍സി പറയുമ്പോള്‍ എരുമേലിയില്‍ രാത്രി പ്രകാശിക്കാത്തത് സെന്‍സറിന്റെ ഗുണ നിലവാരമില്ലായ്മ ആണെന്ന് വ്യക്തമാക്കുന്നു. വന്‍ തുകയാണ് ഈ ലൈറ്റുകള്‍ക്ക് വൈദ്യുതി ചാര്‍ജായി ഗ്രാമപ്പഞ്ചായത്ത് കെഎസ്ഇബിക്ക് നല്‍കുന്നത്. ലൈറ്റുകള്‍ കേടായാല്‍ ഏജന്‍സി നേരിട്ട് അറ്റകുറ്റപ്പണികള്‍ നടത്തണം.
വൈദ്യുതി ചാര്‍ജ് ഈടാക്കുക മാത്രമാണ് കെഎസ് ഇബിയുടെ ജോലി. ലൈറ്റുകളുടെ തകരാറുകള്‍ പരിശോധിച്ച് പരിഹരിക്കാന്‍ ഏജന്‍സിയെ വിളിച്ചാല്‍ പ്രതികരണമില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലൈറ്റുകള്‍ താഴെയിറക്കിയാണ് പരിശോധന നടത്താന്‍ മാര്‍ഗമുള്ളത്.
ഇതു ചെലവേറിയതിനാലാണ് ഏജന്‍സി ഒളിച്ചുകളിക്കുന്നത്. എരുമേലി പേട്ടക്കവലയില്‍ എംപി ഫണ്ടില്‍ നിന്നു ലഭിച്ച ആറര ലക്ഷം വിനിയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഇതേ നിലയില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ടൗണുകളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ലൈറ്റുകള്‍ സ്ഥാപിച്ചതിന് കോടികള്‍ ചെലവിട്ടു.
എരുമേലിയില്‍ തെരുവു വിളക്കുള്‍ക്ക് പ്രതിമാസം ഒന്നര ലക്ഷത്തില്‍ പരം രൂപ വൈദ്യുതി ചാര്‍ജായി നല്‍കുന്നുണ്ടെന്നാണ് കണക്കുകള്‍. പേട്ടക്കവലയില്‍ ആറു തെരുവു വിളക്കുകള്‍ ഉണ്ടായിരുന്നത് നീക്കിയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കൂടാതെ കവലയുടെ നടുക്കുണ്ടായിക്കുന്ന സോഡിയം വേപ്പര്‍ വിളക്കും നീക്കി. ഫലത്തില്‍ ലക്ഷങ്ങള്‍ പാഴായതല്ലാതെ പ്രയോജനമുണ്ടായില്ല. ഹൈമാസ്റ്റ് അഥവാ വന്‍ ഉയരത്തില്‍ താഴേക്ക് കൂടിയ പ്രഭാവലയം ചൊരിയുന്ന വിലയേറിയ വിളക്കുകള്‍ കാഴ്ച വസ്തുവായി മാറിയതില്‍ അഴിമതിയുണ്ടെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക