|    Jun 21 Thu, 2018 11:50 pm
FLASH NEWS

എരുമേലിയിലെ വൃദ്ധസദനം തുറക്കാനുള്ള നടപടികള്‍ ആരംഭിക്കും

Published : 21st April 2017 | Posted By: fsq

 

എരുമേലി: വൃദ്ധസദനങ്ങള്‍ നടത്താന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് കഴിഞ്ഞയിടെ ഉത്തരവിറങ്ങിയത് എരുമേലിക്കു നേട്ടമായെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍. ചെമ്പകപ്പാറയില്‍ പഞ്ചായത്തിന്റെയും ലോക ബാങ്കിന്റെയും ഫണ്ടില്‍ നിര്‍മിച്ച വൃദ്ധസദനം ഇനി പഞ്ചായത്തിനു നേരിട്ട് നടത്താം. വൈകാതെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ പറഞ്ഞു.മൂന്നു വര്‍ഷം മുമ്പാണ് വൃദ്ധസദനത്തിനായി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ വൃദ്ധസദനം നടത്താന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമില്ലാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാനായില്ല. കൂടാതെ ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികളും ഫര്‍ണിച്ചറുകളും കുടിവെള്ള കിണറും സജ്ജമാക്കിയിട്ടില്ലായിരുന്നു. ഇതിനു പുറമേ കരാറുകാരനുമായി കോടതിയില്‍ കേസ് നടന്നുവരികയായിരുന്നു. ആദ്യഘട്ടത്തില്‍ 34 ലക്ഷം ചെലവിട്ടാണ് കെട്ടിട നിര്‍മാണം നടത്തിയത്. രണ്ടാംഘട്ട നിര്‍മാണത്തിന് 60 ലക്ഷം ചെലവിട്ടു. ഈ തുകയില്‍ ഇനി 18 ലക്ഷം രൂപയാണ് കരാറുകാരനു നല്‍കാനുളളത്. ഇതു സംബന്ധിച്ച് രണ്ടു വര്‍ഷമായി ഹൈക്കോടതിയില്‍ നടക്കുന്ന കേസ് ഉടനെ തീര്‍പ്പാവുമെന്നാണ് അറിയുന്നത്. 18 ലക്ഷവും പലിശയും ആവശ്യപ്പെട്ടാണു കരാറുകാരന്‍ കോടതിയെ സമീപിച്ചത്. ഈ തുക ലോക ബാങ്ക് ഫണ്ടില്‍ നിന്ന് നല്‍കാം. ആശ്രയമറ്റ വയോധികരായ സ്ത്രീ പുരുഷന്‍മാരെ പാര്‍പ്പിച്ച് സംരക്ഷിക്കുന്നതിനായി 2012ലാണ് വൃദ്ധസദനത്തിന് എല്‍ഡിഎഫ് ഭരണസമിതി പദ്ധതി തയ്യാറാക്കി ശിലാസ്ഥാപനം നടത്തിയത്. തുടര്‍ന്ന് വന്ന യുഡിഎഫ് ഭരണസമിതിയാണ് രണ്ടു ഘട്ടമായി കെട്ടിടം നിര്‍മിച്ചത്. വൃദ്ധസദനം നടത്താന്‍ അനുമതിയില്ലാത്തതിനാല്‍ സാമൂഹിക ക്ഷേമ വകുപ്പിനു കെട്ടിടം കൈമാറാന്‍ ആലോചിച്ചിരുന്നു. ചെമ്പകപ്പാറയില്‍ ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാനായി വാങ്ങിയ 50 സെന്റ് സ്ഥലത്താണ് ആശുപത്രി പദ്ധതി നടക്കില്ലന്നായപ്പോള്‍ വൃദ്ധസദനം നിര്‍മിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി രണ്ട് ബ്ലോക്കുകളും സന്ദര്‍ശക മുറിയും അടുക്കളയും വിശാലമായ ഡൈനിങ് ഹാളും ശൗചാലയങ്ങളുമാണ് നിര്‍മിച്ചത്. വൃദ്ധസദനം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് ആരോപിച്ച് പ്രതിഷേധമായി റീത്തു സമര്‍പ്പണം നടന്നിരുന്നു. ജില്ലാ പഞ്ചായത്തുകള്‍ പകല്‍ വീട് എന്ന പേരിലാണ് വൃദ്ധസദനങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ വിലക്ക് നീങ്ങിയെങ്കിലും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മാത്രം അനുമതി ലഭിച്ചിട്ടില്ല. വൃദ്ധസദനം നടത്തുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യതയായി പഞ്ചായത്തുകള്‍ക്ക് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss