|    Aug 19 Sat, 2017 1:26 am
FLASH NEWS

എരുമേലിയിലെ ഐസി യൂനിറ്റ് പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറെ അറസ്റ്റ് ചെയ്യേണ്ടിവരും: കോടതി

Published : 10th August 2017 | Posted By: fsq

 

എരുമേലി: സ്ഥിരമായി പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥാപിച്ച ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് വര്‍ഷത്തില്‍ രണ്ടു മാസം വീതമാണു പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പിന് ഉപലോകായുക്ത കോടതി മുന്നറിയിപ്പു നല്‍കി. വേണ്ടി വന്നാല്‍ വകുപ്പ് ഡയറക്ടറെ അറസ്റ്റു ചെയ്യാനും മടിക്കില്ലെന്ന് ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ പറഞ്ഞു. എരുമേലിയിലെ സര്‍ക്കാരാശുപത്രിയില്‍ ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച സ്ഥിരം ഐസി യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാത്തതിനെയാണ് ഉപലോകായുക്ത കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഇന്നലെ കോടതിയില്‍ നടന്ന സിറ്റിങില്‍ യൂനിറ്റ് പ്രവര്‍ത്തനനിരതമാക്കാന്‍ ഒരു മാസം സാവകാശം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. യൂനിറ്റിലേക്ക് 17 തസ്തികകളിലായി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിനാണ് ഒരു മാസം സമയം ആവശ്യപ്പെട്ടത്. എന്‍ആര്‍എച്ച്എം മുഖേനെ നിയമനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനാണ് ഉദേശിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഏഴു വര്‍ഷമായിട്ടും ചെയ്യാതിരുന്നതെന്ന മറുചോദ്യമാണ് കോടതി ഉന്നയിച്ചത്. യൂനിറ്റിന്റെ  സ്ഥിരം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത് എന്തൊക്കെയാണെന്ന് ഓരോ ആഴ്ചയിലും കോടതിയെ അറിയിക്കണമെന്ന അപൂര്‍വമായ നിര്‍ദേശമാണ് ഒടുവില്‍ പുറപ്പെടുവിച്ചത്.യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞ സിറ്റിങിലറിയിച്ചിരുന്നത്. ഇത് തെറ്റാണെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചതോടെ കോടതി നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച് ഇന്നലെ കോടതിയില്‍ റിപോര്‍ട്ട് നല്‍കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക