|    Mar 18 Sun, 2018 7:01 pm
FLASH NEWS

എരുമേലിക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി; തടയണകള്‍ നിര്‍മിക്കും

Published : 30th January 2016 | Posted By: SMR

എരുമേലി: അടുത്ത ശബരിമല സീസണില്‍ അത്യാധുനിക സൗകര്യങ്ങളോടെ വൃത്തിയുള്ള സുന്ദരനഗരമായി എരുമേലിയെ മാറ്റുന്നതിന് മാസ്റ്റര്‍പ്ലാന്‍ കലക്ടര്‍ യു വി ജോസ് അവതരിപ്പിച്ചു.
ഒപ്പം ജലക്ഷാമത്തിനും ജല മലിനീകരണത്തിനും ഉടന്‍ പരിഹാരമായി അര ലക്ഷം രൂപ വീതം ചെലവിട്ട് മാലിന്യങ്ങള്‍ മാറ്റി ആവശ്യാനുസരണം തടയണകള്‍ നിര്‍മിക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. ഇക്കഴിഞ്ഞ സീസണില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചത് സ്ഥിരമായി തുടരാനും തീരുമാനിച്ചു. ഇന്നലെ എരുമേലി ദേവസ്വം ഹാളില്‍ കലക്ടര്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങള്‍.
കലക്ടര്‍ യു വി ജോസ് പ്രത്യേക താല്‍പ്പര്യമെടുത്ത് ഇക്കഴിഞ്ഞ സീസണില്‍ സമഗ്ര വികസന പദ്ധതികള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന രഘുറാം അസോസിയേറ്റ്‌സ് എന്ന ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഈ ഏജന്‍സി നടത്തിയ പഠനങ്ങളുടെ ഫലമായി തയ്യാറാക്കിയ ശബരിമലയിലേയ്ക്ക് ആത്മീയവഴിയായി എരുമേലിയെന്ന മാസ്റ്റര്‍ പ്ലാന്‍ ഇന്നലെ യോഗത്തില്‍ കലക്ടര്‍ അവതരിപ്പിക്കുകയായിരുന്നു. മാസ്റ്റര്‍ പ്ലാന്‍ വിശദീകരിക്കുന്ന ദൃശ്യ ചിത്രീകരണം യോഗത്തിനു ശേഷം പ്രൊജക്ടര്‍ വഴി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. തീര്‍ത്ഥാടകര്‍ പേട്ടതുള്ളുന്ന റോഡ് അടുത്ത സീസണില്‍ വാഹന വിമുക്തമാവും. പകരം എരുമേലിയുടെ ചുറ്റുവട്ടത്തുള്ള എല്ലാ റോഡുകളും വീതി കൂട്ടി കോര്‍ത്തിണക്കി സമാന്തര റോഡ് ശൃംഖല നിലവില്‍ വരും.
കാല്‍നടയാത്രക്കാര്‍ക്കു സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം എല്ലാ റോഡുകളിലുമുണ്ടാവും. തണല്‍ മരങ്ങള്‍ നിറഞ്ഞ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിര്‍മിക്കും. മാലിന്യങ്ങള്‍ ചവറ്റുവീപ്പകളിലല്ലാതെ മറ്റെങ്ങും കാണാന്‍ പാടില്ല. തോടുകള്‍ കണ്ടാല്‍ ഇറങ്ങിക്കുളിക്കാന്‍ എല്ലാവര്‍ക്കും മനസ്സുണ്ടാവുന്ന വൃത്തിയും വെടിപ്പും യാഥാര്‍ത്ഥ്യമാക്കും. പൂന്തോട്ടങ്ങളും കല്‍പ്പടവുകളും തോടുകള്‍ക്ക് ഇരുവശവും നിര്‍മിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. എല്ലാ ശൗചാലയങ്ങളും ആധുനികവത്കരിക്കും. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവിധം ശൗചാലയങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തും. ടൗണിലെമ്പാടും കുടിവെള്ളത്തിനൊപ്പം വാഷ്‌ബേസനും സ്ഥാപിക്കും. അടുത്ത ശബരിമല സീസണിന് മുമ്പ് ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ഇപ്പോള്‍ തന്നെ തേടിക്കഴിഞ്ഞെന്ന് കലക്ടര്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിനു പുതിയ ഒരു പ്ലാന്റ് ഉടന്‍ സ്ഥാപിക്കണമെന്നും ഇതിനു ഫണ്ട് കണ്ടെത്തണമെന്നും പഞ്ചായത്ത് അധികൃതരോട് കലക്ടര്‍ നിര്‍ദേശിച്ചു.
നിലവില്‍ മാലിന്യങ്ങള്‍ നിറഞ്ഞ കൊച്ചുതോടും വലിയതോടും അടുത്ത മാസം അഞ്ചു മുതല്‍ 10 വരെ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ച് ശുദ്ധജലം സംഭരിക്കുന്നതിനു കലക്ടര്‍ നിര്‍ദേശം നല്‍കി. എത്ര തടയണകള്‍ വേണമെങ്കിലും നിര്‍മിക്കാം. ഇതിനു അനുയോജ്യമായ സ്ഥലങ്ങള്‍ പഞ്ചായത്തു നേതൃത്വത്തിലുള്ള കമ്മിറ്റി തിരഞ്ഞെടുത്ത് ഉടനെ അറിയിക്കണം.
തൊഴിലുറപ്പു പദ്ധതി അംഗങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ഓരോ തടയണക്കും അരലക്ഷം രൂപവീതം ഫണ്ട് നല്‍കുമെന്നു കലക്ടര്‍ പറഞ്ഞു. പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം എല്ലാവരും തുണിസഞ്ചി ഉപയോഗിക്കണം. ഭാവിയില്‍ പ്ലാസ്റ്റിക് രഹിത എരുമേലി യാഥാര്‍ഥ്യമാവണം. കുറഞ്ഞ ചെലവില്‍ തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നതിനു പദ്ധതി ആവിഷ്‌കരിച്ചു വരികയാണ്. ഇതിനു ജില്ലാ ശുചിത്വമിഷനാണ് നേതൃത്വം നല്‍കുക. എല്ലാ മലയാള മാസ തീര്‍ത്ഥാടന കാലത്തും കാനനപാതകളില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കും. ഒപ്പം ഡോക്ടറുടെ സേവനവുമുണ്ടാവും. കനകപ്പലം 110 കെവി സബ് സ്റ്റേഷന്‍ ഉടന്‍തന്നെ പൂര്‍ത്തിയാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞ കലക്ടര്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനു ദേവസ്വം ബോര്‍ഡിനോട് സ്ഥലം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കത്തു നല്‍കുമെന്ന് അറിയിച്ചു. നിലവില്‍ താല്‍ക്കാലിക ഫയര്‍ സ്റ്റേഷന്‍ സീസണില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം സ്‌കൂളിനു സമീപമുള്ള സ്ഥലമാണ് ആവശ്യപ്പെടുക.
ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ ഗ്രാമപ്പഞ്ചായത്തു പദ്ധതി തയ്യാറാക്കി നടപ്പാക്കണം. യോഗത്തില്‍ ശുചിത്വ മിഷന്‍ അസി. ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ പി എസ് ഷിനോ, ആര്‍ഡിഒ കെ സാവിത്രി അന്തര്‍ജനം, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss