|    Feb 27 Mon, 2017 5:43 am
FLASH NEWS

എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡ് പൊട്ടിപ്പൊളിഞ്ഞു

Published : 3rd November 2016 | Posted By: SMR

മാള: കൊടുങ്ങല്ലൂര്‍ പൊയ്യപൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണത്തില്‍ അപാകതയെന്ന് ആക്ഷേപം. റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം റോഡ് പൊട്ടിപ്പൊളിഞ്ഞ് ഇടിഞ്ഞുതാഴ്ന്നു. കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് റോഡിലെ ടാറിങ് പൊളിഞ്ഞത്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചെയ്തതിന് പുറമേ നേരത്തേ ചെയ്തിരുന്ന ടാറിങിന്റേതുമായി പത്ത് മുതല്‍ പതിനഞ്ച് സെന്റീമീറ്റര്‍ വരെ ഘനമുള്ള പാളിയാണ് ഉണ്ടാകേണ്ടതെങ്കിലും അത്രയും ഘനത്തിലല്ലാതിരുന്നതാണ് ടാറിങ് പൊട്ടിയടര്‍ന്ന് പോകാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. നിസാര ഘനത്തിലുള്ള പാളികളാണ് പൊട്ടിയടര്‍ന്ന് കിടക്കുന്നത്. അഞ്ച് സെന്റീമീറ്റര്‍ ഘനത്തില്‍ ബിറ്റുമിന്‍ മെക്കാടവും മൂന്ന് സെന്റീമീറ്റര്‍ ഘനത്തില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റിങുമാണ് ചെയ്യേണ്ടതെങ്കിലും അത്രയും ഘനത്തില്‍ ടാറിങ് നടത്തിയിട്ടില്ലെന്നാണിത് തെളിയിക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് പണിതതാണ് റോഡിന്റെ ഈയവസ്ഥക്ക് കാരണം. ഏപ്രില്‍ ആദ്യത്തിലാണ് തിരക്ക് പിടിച്ച് റോഡ് പണിതത്. കൊച്ചുകടവ് മുതല്‍ താണിശ്ശേരി വരെ വളരെ തിരക്ക് പിടിച്ച് ടാറിങ് നടത്തിയ ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പേ റോഡിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. അഞ്ചു വര്‍ഷം ഗ്യാരന്റിയുള്ള റോഡ് പണിത് മാസങ്ങള്‍ക്കകമാണ് പൊട്ടലും കുഴികളും രൂപപ്പെട്ടിരിക്കുന്നത്. കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപത്തായി ജലനിധിയുടെ വാല്‍വ് പിടിപ്പിച്ചതിന് മേലെ രണ്ടിടത്തായാണ് കുഴികള്‍ വലുതായി വരുന്നത്. വാഹനങ്ങള്‍ ഈ കുഴിയില്‍ ചാടിയാണ് കടന്നു പോകുന്നത്.  എരവത്തൂരില്‍ എത്തും മുമ്പ് വളഞ്ഞമ്പലത്തിനടുത്തും മറ്റിടങ്ങളിലുമുണ്ടായ ഇത്തരം കുഴികള്‍ സാധാരണ ടാറിങ് നടത്തി അടച്ചിട്ടുണ്ട്. പലയിടത്തും ചെറിയ കുഴികള്‍ വേറെയുമുണ്ട്. റോഡിന്റെ നിര്‍മാണത്തിലുള്ള അപാകതയെക്കുറിച്ച് വിജിലന്‍സിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബര്‍ 20 ന് വിജിലന്‍സ് സംഘമെത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയിരുന്നു. പൊതുമരാമത്ത് വകുപ്പ് പറവൂര്‍ ഡിവിഷനില്‍ വരുന്ന കൊച്ചുകടവ് മുതല്‍ ചെങ്ങമനാട് വരെ വലിയ കുഴപ്പമില്ലാത്ത തരത്തില്‍ റോഡ് പണിതിട്ടുണ്ട്. കൊച്ചുകടവ് മുതല്‍ താണിശ്ശേരി വരെ ചെയ്ത പണിയാണ് മോശമായത്. ഒരേ കരാറുകാര്‍ തന്നെയാണ് രണ്ട് ഡിവിഷനുകളിലേയും റോഡ് പണി ഏറ്റെടുത്തത്. ഭരണക്കാരുടെയടുത്ത് നിന്നുമുള്ള തിരക്കാണ് റോഡ് പണി മോശമാകാന്‍ കാരണം. കൊച്ചുകടവ് മുതല്‍ താണിശ്ശേരി വരെ ആറ് കിലോമീറ്റര്‍ റോഡാണ് പണിതിരിക്കുന്നത്. പാറപ്പുറത്ത് റോഡ് ഇടിഞ്ഞയിടത്ത് ടാര്‍വീപ്പകള്‍ വച്ചിരിക്കയാണ്. അപകടം ഒഴിവാക്കാനായി കഴിഞ്ഞ ദിവസം ജലനിധിയുടെ പൈപ്പ് പൊട്ടി വെള്ളവും മണ്ണും പുറത്തേക്ക് തള്ളിയിരുന്നു. നാലടിയോളം വ്യാപ്തിയും അത്രത്തോളം തന്നെ ആഴവും കുഴിക്കുണ്ട്. നാലടിയോളം അകലത്തില്‍ വരെ റോഡില്‍ പൊട്ടലുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day