|    Aug 19 Sun, 2018 3:30 am
FLASH NEWS

എരഞ്ഞോളി പുതിയ പാലം: നിര്‍മാണച്ചെലവ് 13 കോടി

Published : 2nd August 2018 | Posted By: kasim kzm

തലശ്ശേരി: നിര്‍ദിഷ്ട ജലപാത കടന്നുപോവുന്ന എരഞ്ഞോളി പുഴയില്‍ കോടികള്‍ ചെലവിട്ട് ഭാഗികമായി പൂര്‍ത്തിയാക്കിയ പാലത്തിന്റെ ഭീമുകളും പില്ലറുകളും പുതുക്കിപ്പണിയാന്‍ നീക്കമാരംഭിച്ചു. പുതിയ പാലം പണിയുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധനക്കും അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികളും തുടങ്ങി. 1937ല്‍ പണിത പഴയ എരഞ്ഞോളി പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ ഘട്ടത്തിലാണ് തലശ്ശേരി-വളവുപാറ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ കെഎസ്ടിപി ആരംഭിച്ചത്.
പുതിയ പാലത്തിനായി പില്ലറുകള്‍ സ്ഥാപിക്കുകയും ഭീമന്‍ കോണ്‍ക്രീറ്റ് ഭീമുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ വേളയില്‍ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മന്ദഗതിയിലായ ജലപാത പദ്ധതിക്കായുള്ള ഒരുക്കങ്ങള്‍ വീണ്ടും സജീവമായി. തൂണുകളുടെ അകലവും ഉയരവും വര്‍ധിപ്പിക്കണമെന്ന പുതിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പാലത്തിനായി ആരംഭിച്ച പ്രവൃത്തികള്‍ ഭാഗികമായി ഉപേക്ഷിക്കുന്നത്. 13 കോടി രൂപയാണ് പുതിയ പാലത്തിന്റെ ചെലവ്. 230 മീറ്റര്‍ നീളത്തിലുള്ള രണ്ട് അപ്രോച്ച്് റോഡുകള്‍ നിര്‍മിക്കണം. ഇതിനായി അക്വയര്‍ ചെയ്ത ഭൂമിക്ക് പുറമെ ഒരേക്കര്‍ 76 സെന്റ് ഭൂമി പുതുതായി ഏറ്റെടുക്കുകയും വേണം. കൊളശ്ശേരി, കോപ്പാലം ഭാഗത്തേക്കുള്ളതാണ് അപ്രോച്ച് റോഡുകള്‍. പുതുതായി പണിയുന്ന പാലത്തിന് മൂന്ന് സ്പാനുകള്‍ മാത്രമാണ് ഉണ്ടായിരിക്കുക-രണ്ടെണ്ണം കരയിലും ഒരെണ്ണം പുഴയിലും.
നിര്‍മാണം ഭാഗികമായി പൂര്‍ത്തിയാക്കി ഒഴിവാക്കിയ കൂറ്റന്‍ ഭീമുകള്‍ പുതിയ പാലത്തിന് പ്രയോജനപ്പെടുത്തണമെങ്കില്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഭീമില്‍ പ്രയോഗിക്കണം. ഇതേ അവസ്ഥയാണ് പാതിവഴിയില്‍ ഉപേക്ഷിച്ച മൂന്ന് സ്പാനുകളുടേതും. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന് ചെലവാക്കിയ കോടികള്‍ പാഴാവുകയും ചെയ്യും. യാതൊരു ആസൂത്രണവുമില്ലാതെ പാലം നിര്‍മിച്ചതിലൂടെ ഖജനാവിന് കോടികളാണു നഷ്ടമായത്.
മാത്രമല്ല, നിര്‍ദിഷ്ട ജലപാതക്കായി 30 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കനാല്‍ പണിയണം. ഇതിന്റെ അടിസ്ഥാനത്തില്‍ മമ്പറത്ത് പുതുതായി പാലം നിര്‍മിക്കാന്‍ ആരംഭിച്ച പ്രവൃത്തിയും നിര്‍ത്തിവച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss