|    Dec 19 Wed, 2018 4:54 pm
FLASH NEWS
Home   >  Dont Miss   >  

എയ്ഡഡ് സ്‌കൂളില്‍ ഗോപൂജ, പാദപൂജ, അഗ്നി ഹോത്ര പൂജ; നടപടിയെടുക്കാന്‍ മടിച്ച് വിദ്യാഭ്യാസ വകുപ്പ്

Published : 31st July 2018 | Posted By: afsal ph

സിഎന്‍എന്‍ സ്‌കൂളില്‍ നടന്ന ഗോ പൂജ(പ്രാദേശിക ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്)

തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സിഎന്‍എന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ഗോപൂജ, അഗ്നി ഹോത്ര പൂജ, പാദപൂജ, രക്ഷാബന്ധന്‍ മഹോല്‍സവം, രാമായണ മാസാചരണം തുടങ്ങി മതാചാര ചടങ്ങുകള്‍ നടക്കുന്നതായി തെളിവുകള്‍ പുറത്ത് വന്നിട്ടും നടപടിയെടുക്കാന്‍ മടിച്ച് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പച്ച ബോര്‍ഡ് വിവാദത്തില്‍ ശക്തമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

സിഎന്‍എന്‍ സ്‌കൂളില്‍ നടന്ന അഗ്നിഹോത്ര പൂജ

തികച്ചും ഹൈന്ദവാചാര പ്രകാരമുള്ള പാദപൂജയാണ് സ്‌കൂളില്‍ നടന്നതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അധ്യാപകന് മുന്‍പില്‍ മുട്ടുകുത്തിയിരുന്ന് ദീപം തെളിയിച്ച് അധ്യാപകന്റെ കാലുകള്‍ കഴുകി തുണി ഉപയോഗിച്ച് തുടച്ചുകൊടുത്ത് പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുഗ്രഹം തേടുന്ന ചടങ്ങാണ് കഴിഞ്ഞ ദിവസം സിഎന്‍എന്‍ സ്‌കൂളില്‍ നടന്നത്. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും പ്രാദേശിക ചാനല്‍ പുറത്തുവിട്ടിരുന്നു. മാത്രമല്ല, വര്‍ഷങ്ങളായി ഇത്തരം ചടങ്ങുകള്‍ സ്‌കൂളില്‍ നടക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സമ്മതിക്കുന്നുണ്ട്.
1916 ലാണ് ചിറ്റൂര്‍ മനയുടെ കീഴില്‍ സിഎന്‍എന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആരംഭത്തില്‍ മിക്‌സഡ് സ്‌കൂളായിരുന്നത് വിദ്യാര്‍ഥികള്‍ വര്‍ദ്ധിച്ചപ്പോള്‍ 1961ല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം വിദ്യാലയങ്ങളായി. 1986 ലാണ് ആര്‍എസ്എസ്സിനു കീഴിലുള്ള സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുക്കുന്നത്. ഇതോടെ സ്‌കൂള്‍ ഹിന്ദുത്വ വല്‍കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് വന്ന ഒഴിവുകളില്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരേയും അനുഭാവികളേയും മാത്രം സ്‌കൂളില്‍ അധ്യാപകരും അനാധ്യാപകരുമായി നിയമിച്ചു. ഇതോടെ സംസ്‌കാരമെന്ന പേരില്‍ ഗോപൂജ, അഗ്നിഹോത്ര പൂജ, പാദപൂജ, രാമായണ മാസാചരണം തുടങ്ങി മതാചാരങ്ങളും ശാഖയും ആയുധ പരിശീലനവും ഉള്‍പ്പടെ ആര്‍എസ്എസ് ക്യാംപുകളും സ്‌കൂളില്‍ പതിവായി നടക്കാന്‍ തുടങ്ങി.

സിഎന്‍എന്‍ സ്‌കൂളില്‍ നടന്ന രക്ഷാബന്ധന്‍

നഴ്‌സറി സ്‌കൂളായ ശ്രീ ശങ്കര ശിശുവിദ്യാമന്ദിര്‍ മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഇത്തരം ആചാരങ്ങള്‍ ഇന്നും പങ്കെടുക്കേണ്ടി വരുന്നു. എയ്ഡഡ് വിദ്യാലയത്തില്‍ ഇത്തരം ആചാരാനുഷ്ടാനങ്ങള്‍ ഇത്രയും നാള്‍ നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. വേനല്‍കാലത്ത് ആര്‍എസ്എസ്സിന്റെ നേതൃത്വ ശിബിരം അടക്കം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ക്യാംപുകളും ഇതേ സ്‌കൂളില്‍ നടന്നിട്ടും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മൗനം പാലിക്കുകയായിരുന്നു. മേഖലയിലെ നൂറുകണക്കിന് കോണ്‍ഗ്രസ്സ്, സിപിഎം, സിപിഐ പ്രവര്‍ത്തകരുടെ മക്കള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെങ്കിലും രക്ഷാ കര്‍തൃസമിതിയുടെ അനുമതിയോടെ നടക്കുന്ന ഹൈന്ദവ ചടങ്ങുകള്‍ക്കെതിരേ യാതൊരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല. കോണ്‍ഗ്രസ്സ്, സിപിഎം പാര്‍ട്ടികളുടെ ശക്തി കേന്ദ്രമായിരുന്ന ചേര്‍പ്പില്‍ ബിജെപിയുടെ വളര്‍ച്ചക്ക് പിന്നില്‍ സിഎന്‍എന്‍ വിദ്യാലയങ്ങളുടെ പങ്കുണ്ടെന്ന് വ്യക്തമായിട്ടും സ്‌കൂളിനെ ഹിന്ദുത്വ വല്‍കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ രാഷ്ട്രീയ പാര്‍ട്ടികളും മൗനം തുടരുകയാണ്.

സിഎന്‍എന്‍ സ്‌കൂളില്‍ അധ്യാപകന്റെ പാദം പൂജിക്കുന്ന വിദ്യാര്‍ഥിനികള്‍

പാദപൂജയുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ തേജസ് ഓണ്‍ലൈനിലാണ് ആദ്യമായി ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയിലും സംഭവം ചര്‍ച്ചയായതോടെ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാദ പൂജ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിട്ടും ദ
ിവസങ്ങള്‍ കഴിഞ്ഞാണ് ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദിവസങ്ങള്‍ക്ക് ശേഷമാണെങ്കിലും ഡിവൈവെഎഫ്‌ഐ ഉള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയില്‍ നടന്ന സംഭവമായിട്ടും മന്ത്രി സി രവീന്ദ്രനാഥ് ഇതുവരേയും പ്രതികരിക്കാന്‍ തയ്യാറാവാത്തതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പാദപൂജ, ഗോ പൂജ അടക്കമുള്ള പരിപാടികള്‍ നടന്ന സാഹചര്യത്തില്‍ സ്‌കൂളിന്റെ അംഗീകാരം എടുത്തുകളയണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും മൗനം പാലിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ആര്‍എസ്എസ് ബന്ധവും എബിവിപി പശ്ചാതലമാണ് നടപടിയെടുക്കാന്‍ വൈകുന്നതിന് പിന്നിലെന്ന വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss