|    Mar 25 Sat, 2017 7:09 pm
FLASH NEWS

എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി ജീവനക്കാര്‍ ദുരിതത്തില്‍

Published : 3rd September 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി ജീവനക്കാര്‍ ദുരിതത്തില്‍. ശമ്പളം വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ ദുരിതത്തില്‍ കഴിയുന്നത്. സര്‍ക്കാര്‍ മേഖലയിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്ക് 5000 രൂപയും ആയമാര്‍ക്ക് 3500 രൂപയും സര്‍ക്കാര്‍ ഓണറേറിയം നല്‍കുമ്പോള്‍ എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി അധ്യാപകരോട് അവഗണന കാട്ടുകയാണെന്നാണ് ആരോപണം.
ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് പ്രീ പ്രൈമറി സ്‌കൂള്‍ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് അധ്യാപകര്‍ക്ക് 5000 രൂപയും ആയമാര്‍ക്ക് 3500 രൂപയും ശമ്പളമായി നല്‍കാന്‍ 2012ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചത്. എന്നാല്‍, ഈ ആനുകൂല്യം സര്‍ക്കാര്‍ സ്‌കൂളിലെ ജീവനക്കാര്‍ക്ക് മാത്രമേ നിലവില്‍ ലഭിക്കുന്നുള്ളൂ. എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി അധ്യാപകരെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
തങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായ ആനുകൂല്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഓണറേറിയം നല്‍കാനുള്ള ഉത്തരവാദിത്തം അതത് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും പിടിഎകള്‍ക്കുമാണെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി ശരി വയ്ക്കുകയാണുണ്ടായത്. സര്‍ക്കാര്‍ മേഖലയില്‍ പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും നല്‍കുന്ന തുക എയ്ഡഡ് മേഖലയില്‍ മാനേജുമെന്റുകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല.
മൂന്നുമാസത്തിനകം ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നും കോടതി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, നാളിതുവരെ സംസ്ഥാനത്തെ ഒരു എയ്ഡഡ് സ്‌കൂളുകളിലും ശമ്പളപരിഷ്‌കരണം നടപ്പായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
കോടതിവിധി കര്‍ശനമായി നടപ്പാക്കേണ്ടിവന്നാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും ചെയ്യുന്നത് പോലെ ശമ്പളം നല്‍കുന്നതായി രേഖകള്‍ സൃഷ്ടിക്കാനും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയുണ്ടെന്നും ജീവനക്കാര്‍ ആശങ്കപ്പെടുന്നു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക