|    Jun 25 Mon, 2018 2:14 am
FLASH NEWS

എയ്ഞ്ചല്‍വാലിയിലുംവഴിക്കടവിലും ഉടന്‍ പട്ടയം

Published : 9th November 2016 | Posted By: SMR

കോട്ടയം: കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ മലയോര പ്രദേശങ്ങളില്‍ അധിവസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞ മൂന്നിന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ എയ്ഞ്ചല്‍വാലിയില്‍ ഇപ്പോള്‍ അപേക്ഷിച്ചിട്ടുള്ള 250 ഓളം കര്‍ഷകര്‍ക്ക് 24ന് കാഞ്ഞിരപ്പള്ളിയില്‍ വച്ച് പട്ടയം വിതരണം ചെയ്യും. ഇനിയും പട്ടയം ലഭിക്കാത്തവരുടെ അപേക്ഷയിന്മേല്‍ ഉടന്‍ തീരുമാനം എടുക്കാന്‍ യോഗത്തില്‍ ധാരണയായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ വല്ല്യേറ്റ, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി തഹസില്‍ദാരെ യോഗം ചുമതലപ്പെടുത്തി. മീനച്ചില്‍ താലൂക്കില്‍, വാഗമണിനോട് ചേര്‍ന്ന് കിടക്കുന്ന തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജുകളില്‍പ്പെട്ട വഴിക്കടവില്‍ 51 കര്‍ഷകര്‍ക്ക് ഒരേക്കര്‍ വീതം ഭൂമിയ്ക്ക് പട്ടയം നല്‍കാന്‍ ഉത്തരവായി. എന്നാല്‍ 76 സ്ഥിര താമസക്കാര്‍ ഉണ്ടെന്ന എംഎല്‍എയുടെ അപേക്ഷ പരിഗണിച്ച് ബാക്കി 25 കര്‍ഷകര്‍ക്ക് മറ്റ് വസ്തുവകകള്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനും പട്ടയത്തിന് യോഗ്യരാണെങ്കില്‍ പട്ടയം നല്‍കാനും യോഗം തീരുമാനിച്ചു. സ്ഥിര താമസക്കാരായ കര്‍ഷകര്‍ ഒഴികെയുള്ള മുഴുവന്‍ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഇതിന്മേല്‍ നടപടിയെടുക്കാന്‍ കലക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ഇതുവരെയും സ്വതന്ത്ര പട്ടയം ലഭിക്കാത്ത ഹില്‍മന്‍ സെറ്റില്‍മെന്റ് ഏരിയകളായ പുഞ്ചവയല്‍, ഉമിക്കുപ്പ, മുരിക്കുംവയല്‍, കോസടി, കൊമ്പുകുത്തി, ആനക്കല്ല്, തുമരംപാറ, പാക്കാനം, കാളകെട്ടി, ഇരുമ്പൂന്നിക്കര, എലിവാലിക്കര എന്നീ പ്രദേശങ്ങളിലെ 1249 പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ കൈവശമുള്ള 2006 ലെ കേന്ദ്രവന നിയമ പ്രകാരമുള്ള വനാവകാശ രേഖയ്ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ഈ മേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പട്ടയം നല്‍കണമെന്ന പി സി ജോര്‍ജ് എംഎല്‍എയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വനം വകുപ്പ് അധികാരികളെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കലക്ടര്‍, എരുമേലി, കൂട്ടിക്കല്‍, തീക്കോയി, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മീനച്ചില്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍മാര്‍ മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss