|    Mar 29 Wed, 2017 7:11 am
FLASH NEWS

എയര്‍ ഇന്ത്യ വിമാനദുരന്തം: നഷ്ടപരിഹാരത്തുക 75 ലക്ഷമാക്കണമെന്ന ആവശ്യം നിരസിച്ചു

Published : 14th December 2015 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: രാജ്യത്തെ നടുക്കിയ മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന നിയമം നടപ്പാക്കാന്‍ വിമാനക്കമ്പനി തയ്യാറായില്ല. കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ നടന്ന അദാലത്തിലാണ് ഈ അപേക്ഷ വിമാനക്കമ്പനി തള്ളിയത്.
2010 മെയ് 22ന് പുലര്‍ച്ചെ 6.10നാണ് മംഗലാപുരം ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ച് 158 പേര്‍ മരിച്ചത്. സംഭവത്തില്‍ യാത്രക്കാരനായ മകന്റെ നഷ്ടപരിഹാരത്തിനായി പിതാവ് ആരിക്കാടിയിലെ അബ്ദുല്‍സലാം സമര്‍പ്പിച്ച കേസിലാണ് വിമാനക്കമ്പനി മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരത്തുക ന ല്‍കാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചത്. വിമാനാപകടത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളും നാലു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പടെ 158 പേരാണു മരിച്ചത്. ഇതില്‍ 58 പേര്‍ മലയാളികളാണ്. അപകടത്തിനിടെ കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ അദ്ഭുതകമായി രക്ഷപ്പെട്ടിരുന്നു.
വിമാനദുരന്തം നടന്നയുടന്‍ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 2009ല്‍ ഇംഗ്ലണ്ടിലെ മോണ്‍ട്രിയയില്‍ ഉണ്ടാക്കിയ മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ഉടമ്പടിപ്രകാരം ഏകദേശം 75 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കുന്നതിനായി ചുമതലപ്പെടുത്തിയ മുംബൈ ആസ്ഥാനമായുള്ള നാനാവതി കമ്മീഷന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഇരകളോട് ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുക കുറച്ചുനല്‍കുകയായിരുന്നു. മരണപ്പെട്ടവര്‍ക്ക് ഗള്‍ഫില്‍ ലഭിച്ചിരുന്ന ശമ്പളം അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ തയ്യാറായത്. ഇതനുസരിച്ച് ചിലര്‍ക്ക് ഒന്നര കോടി രൂപവരെ നഷ്ടപരിഹാരം ലഭിച്ചു. എന്നാല്‍, സാധാരണക്കാരായ തൊഴിലാളികള്‍ക്ക് 35 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായത്.
ഷാര്‍ജയില്‍ ജോലിക്കാരനായിരുന്ന മുഹമ്മദ് റാഫിയുടെ ആശ്രിതര്‍ക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു വിമാനദുരന്തത്തിന്റെ നഷ്ടപരിഹാരം നല്‍കാന്‍ ചുമതലപ്പെടുത്തിയ നാനാവതി കമ്മീഷന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, ഈ തുക വാങ്ങാന്‍ സലാം തയ്യാറായില്ല. ഇതിനെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ എയര്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി ആന്റ് റിലേറ്റീവ് അസോസിയേഷന്‍ അഡ്വ. സഞ്ജയ് ഹെഗ്‌ഡെ മുഖാന്തരം സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസ് സുപ്രിംകോടതിയില്‍ നടന്നുവരുകയാണ്. കേസ് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ അദാലത്ത് സംഘടിപ്പിച്ചത്. എന്നാല്‍, കമ്പനി മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നു വ്യക്തമാക്കിയതോടെ കേസ് ഇനിയും നീളും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day