|    Oct 16 Tue, 2018 2:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കാനയില്‍ കുടുങ്ങിയ സംഭവം : അന്വേഷണം ആരംഭിച്ചു

Published : 8th September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ അബൂദബി-കൊച്ചി വിമാനം ലാന്‍ഡിങിനുശേഷം നിയന്ത്രണം വിട്ട് കാനയില്‍ കുടുങ്ങിയ സംഭവത്തില്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ വിമാനത്താവളത്തില്‍ മോക്ഡ്രില്ലും നടത്തി. പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണു വിവരം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനിടയില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹാംഗറിലേക്കു മാറ്റി. കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീമി(ഡാര്‍ട്ട്)ന്റെ 17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനം ഹാംഗറിലെത്തിക്കാനായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 452 അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങിനുശേഷം റണ്‍വേയില്‍ നിന്ന് ടാക്‌സിവേയിലെത്തിയ വിമാനം ഏപ്രണിലേക്കു പോവുമ്പോഴായിരുന്നു അപകടം. ടാക്‌സിവേയില്‍ നിന്ന് ഏപ്രണിലേക്ക് തിരിയുന്നതിലുണ്ടായ കണക്കുകൂട്ടല്‍ തെറ്റിയതോടെ വിമാനം ദിശമാറുകയും പിറകിലെ ചക്രങ്ങള്‍ കാനയില്‍ പതിക്കുകയും ചെയ്തു. അപകടം നടന്നയുടനെ തന്നെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്‍ജിനീയര്‍മാരും സിയാല്‍ ഡാര്‍ട്ടും ചേര്‍ന്ന് വിമാനം ഉയര്‍ത്തുന്ന പ്രക്രിയ തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് നടപടികള്‍ അവസാനിച്ചത്. 2011ല്‍ ഗള്‍ഫ് എയര്‍ വിമാനാപകടത്തെ തുടര്‍ന്നാണ് സ്വന്തമായി എയര്‍പോര്‍ട്ട് റിക്കവറി ടീം ഉണ്ടാക്കാന്‍ സിയാല്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss