|    Oct 20 Sat, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കാനയില്‍ കുടുങ്ങി

Published : 6th September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനുശേഷം നീങ്ങുന്നതിനിടയില്‍ പാര്‍ക്കിങ് ബേയ്ക്ക് സമീപം കാനയില്‍ കുടുങ്ങി. യാത്രക്കാര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 2.40ന് എത്തിയ അബൂദബി-കൊച്ചി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഐഎക്‌സ് 452 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണ്. ഇവരെ പിന്നീട് ലാഡറിലൂടെ വിമാനത്തില്‍ നിന്നു പുറത്തെത്തിച്ചു. റണ്‍വേക്കും ഏപ്രണിനും (പാര്‍ക്കിങ് സ്ഥലം) ഇടയ്ക്കുള്ള ടാക്‌സി വേയില്‍ നിന്ന് നീങ്ങവെ  ടാക്‌സി വേ, ഏപ്രണ്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പാതയിലായിരുന്നു അപകടം. ഇവിടെ യഥാര്‍ഥ ദിശയില്‍ നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിഞ്ഞതാണ് അപകടകാരണം. ഇതോടെ വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ കാനയില്‍ കുടുങ്ങുകയായിരുന്നു. ഗുര്‍ദീപ് സിങ് എന്ന പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. റണ്‍വേയില്‍ നിന്നു മാറിയാണ് അപകടം നടന്നത് എന്നതിനാല്‍ മറ്റു സര്‍വീസുകളെ ബാധിച്ചിട്ടില്ല. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മഴയുണ്ടായിരുന്നു. കാനയില്‍ പതിച്ചപ്പോള്‍ വിമാനത്തിന് വലിയ കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിമാനത്തിനകത്ത് പാനല്‍ ബോര്‍ഡുകള്‍ അടര്‍ന്നുവീണു. കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിനു വഴിവച്ചതെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. സംഭവം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കും. വിമാനത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചിട്ടുണ്ട്. കേടുപറ്റിയ വിമാനം മാറ്റാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും കൊച്ചിയിലെത്തും. ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് റിക്കവറി സംവിധാനം ഉപയോഗിച്ച് വിമാനം ഉയര്‍ത്തിമാറ്റാന്‍ നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss