|    Apr 23 Mon, 2018 2:58 pm
FLASH NEWS
Home   >  Pravasi   >  

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

Published : 8th September 2016 | Posted By: mi.ptk

ദുബൈ: എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഛണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് ഈ മാസം 14, 15 തീയതികളില്‍ സര്‍വീസ് തുടങ്ങുന്നത്. തിരുച്ചിറപ്പള്ളിയിലേക്ക് പ്രതിദിനവും ഛണ്ഡിഗഢിലേക്ക് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും സര്‍വീസുകള്‍.ഷാര്‍ജവാരാണസി റൂട്ടില്‍ നിലവിലുള്ള സര്‍വീസ് വര്‍ധിപ്പിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സിഇഒ കെ. ശ്യാംസുന്ദര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഛണ്ഡിഗഢിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയാവുകയാണ് എക്‌സ്പ്രസ്സ്. ഷാര്‍ജഛണ്ഡിഗഢ് വിമാനം ഐ.എക്‌സ് 188 ഷാര്‍ജയില്‍ നിന്ന് ഉച്ച 12.45ന് പുറപ്പെട്ട് വൈകുന്നേരം 5.15ന് ഛണ്ഡിഗഢിലെത്തിച്ചേരും. തിരവിച്ചുള്ള വിമാനം ഐ.എക്‌സ് 187 ഛണ്ഡിഗഢില്‍ നിന്ന് വൈകുന്നേരം 6.15ന് പുറപ്പെട്ട് രാത്രി 8 മണിക്ക് ഷാര്‍ജയിലെത്തും. ഷാര്‍ജട്രിച്ചി ഐ.എക്‌സ് 614 വിമാനം ഷാര്‍ജയില്‍ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് ട്രിച്ചിയില്‍ എത്തിച്ചേരും. തിരിച്ചുള്ള വിമാനം ഐ.എക്‌സ് 613 വിമാനം വൈകുന്നേരം 3.30ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.30ന് ഷാര്‍ജയിലെത്തുന്നതാണ്.
ഇന്ത്യക്കും യു.എ.ഇക്കുമിടക്കുള്ള വര്‍ധിപ്പിച്ച സര്‍വീസുകളുടെ അടിസ്ഥാനത്തില്‍ പ്രതിവാരമുള്ള 27 വിമാനങ്ങള്‍ 41 ആയാണ് വര്‍ധിക്കുന്നത്. യു.എ.ഇയില്‍ നിന്ന് 11 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നിലവില്‍ 164 പ്രതിവാര വിമാന സര്‍വീസുകളുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിമാനങ്ങളുടെ ഉപയോഗം 20 ശതമാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ പുനര്‍നിരീക്ഷിച്ചും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ വര്‍ധിപ്പിച്ചുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലാദ്യമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അറ്റ ലാഭം നേടിയിരിക്കുന്നു. ഈ വര്‍ഷം ആഗസ്ത് 31ന് ബോര്‍ഡ് ഡയറക്ടര്‍മാര്‍ അംഗീകരിച്ച കണക്കനുസരിച്ച്, 2015’16 വര്‍ഷത്തില്‍ കമ്പനിയുടെ അറ്റലാഭം 361.68 കോടി രൂപയാണ്. 2015ല്‍ 61 കോടി രൂപ നഷ്ടമുണ്ടായിരുന്നു.
മറ്റു ഘടകങ്ങളോടൊപ്പം, ഉയര്‍ന്ന യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും ആസ്തികളുടെ മികച്ച ഉപയോഗവും ഈ ശ്രദ്ധേയ ധനകാര്യ ഫലത്തിലേക്ക് നയിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, പ്രസ്തുത കാലയളവില്‍ എയര്‍ക്രാഫ്റ്റുകളുടെ എണ്ണം 17 ആയിരുന്നുവെന്നത് കണക്കിലെടുക്കുമ്പോള്‍ ഈ ഫലം എടുത്തു പറയേണ്ടതാണ്. മുന്‍ വര്‍ഷത്തില്‍ യാത്രക്കാരെ വഹിക്കാനുള്ള ശേഷി അതിനും മുന്‍പുള്ള വര്‍ഷത്തെ അപേക്ഷിച്ച് 82.3 ശതമാനമായിരുന്നു. 10.8 മണിക്കൂറില്‍ നിന്ന് 11.3 മണിക്കൂറായി ശരാശരി പ്രതിദിന വിമാന ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍, 2.80 മില്യന്‍ യാത്രക്കാരെയാണ് എയര്‍ലൈന്‍ വഹിച്ചത്. തൊട്ടു മുന്‍ വര്‍ഷം ഇത് 2.62 മില്യന്‍ യാത്രക്കാര്‍ ആയിരുന്നു.

നിലവിലെ ധനകാര്യ വര്‍ഷത്തില്‍ ആറു എയര്‍ക്രാഫ്റ്റുകള്‍ ഫഌറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇവയില്‍ മൂന്നെണ്ണം ഇതിനകം ഉള്‍പ്പെട്ടു കഴിഞ്ഞു. മൂന്നെണ്ണം ഉടന്‍ ഫഌറ്റില്‍ ചേരുന്നതാണ്. അതോടെ, ഫഌറ്റ് ശേഷി 23 എയര്‍ക്രാഫ്റ്റുകള്‍ എന്നതാകും.
ട്രിച്ചി, ഛണ്ഡിഗഢ്, വാരാണസി അടക്കം യുഎഇഇന്ത്യാ സെക്ടറില്‍ പ്രതിവാരം 164 വിമാനങ്ങളാണ് സര്‍വീസിനുള്ളത്. കഴിഞ്ഞ വര്‍ഷം ഗള്‍ഫിലുടനീളം 162 വിമാനങ്ങളാണ് പ്രതിവാരം ഉണ്ടായിരുന്നതെങ്കില്‍ 236 വിമാനങ്ങള്‍ എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഈ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം എയര്‍ലൈനിന്റെ പ്രാരംഭ വരുമാനം അടുത്ത വര്‍ഷം 25 ശതമാനം വര്‍ധിക്കുന്നതാണ്.

കഴിഞ്ഞ മാസം 3ന് തിരുവനന്തപുരത്ത് നിന്നെത്തിയ എമിറേറ്റ്‌സ് വിമാനം തീപിടിച്ചതിനെ തുടര്‍ന്ന് ദുബൈ എയര്‍പോര്‍ട്ട് അടച്ചത് മൂലം ഇതര വിമാന സര്‍വീസുകള്‍ക്കൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനും തടസ്സം നേരിട്ടിരുന്നു. പല വിമാന സര്‍വീസുകളും ഇവിടെ വൈകുകയോ റദ്ദാക്കുകയുണ്ടായി. ചില വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്ന് സര്‍വീസ് നടത്താന്‍ ശ്രമിക്കുകയുണ്ടായി. ഇത് വൈകലിന് ഇടയാക്കി. ഷെഡ്യൂള്‍ ചെയ്ത 49 എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളെയാണ് ഇത് ബാധിച്ചത്. 16 വിമാനങ്ങള്‍ റദ്ദാക്കി. 12 എണ്ണം ഷാര്‍ജക്ക് പുറത്ത് നിന്ന് സര്‍വീസ് നടത്തി. ഇവയെല്ലാം കൃത്യ സമയത്തുമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss