|    Oct 16 Tue, 2018 6:50 am
FLASH NEWS

എയര്‍പോര്‍ട്ട് പരിസരത്തെ മാലിന്യം; പരിഹാരവുമായി നഗരസഭ

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: എയര്‍പോ ര്‍ട്ട് മേഖലയിലെ മാലിന്യപ്രശ്‌നത്തിനു പരിഹാരം കാണുന്നതിനു നഗരസഭയും എയര്‍പോര്‍ട്ട് അതോറിറ്റിയും കൈകോര്‍ക്കുന്നു. ഉറവിട മാലിന്യസംസ്‌കരണം കര്‍ശനമാക്കിയാണു നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. എയര്‍പോര്‍ട്ട് പരിസര പ്രദേശങ്ങളിലെ താമസക്കാര്‍ക്കു മാലിന്യസംസ്‌കരണം സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കുകയാണ് ആദ്യപടി.
ഉറവിട മാലിന്യ സംസ്‌കരണത്തിനായി കിച്ചണ്‍ ബിന്നുകളും പൊതുസംവിധാനം എന്ന നിലയില്‍ തുമ്പൂര്‍മൂഴി മാതൃകയിലുള്ള എയ്‌റോബിക് ബിന്നുകളും അജൈവ മാലിന്യ പരിപാലനത്തിനായി റിസോഴ്‌സ് റിക്കവറി സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്താണ് ഇവിടെ മാലിന്യസംസ്‌കരണം നടത്താന്‍ പദ്ധതിയിടുന്നത്. ഈ മേഖലയിലെ മാലിന്യനിക്ഷേപം ഒഴിവാക്കി നടപ്പാതകളും ഗ്രീന്‍ സ്‌പെയിസും ഒരുക്കും. ഇതിനാവശ്യമായ തുക എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നു ലഭ്യമാക്കും. മേയറുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുടെയും എന്റെ നഗരം, സുന്ദര നഗരം പ്രൊജക്റ്റിലെ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഇതു സംബന്ധിച്ച ധാരണയായി.
നഗരസഭാ പരിധിയിലെ മാലിന്യനീക്കം നിലച്ചതോടെ അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര വിമാനത്താവള പരിസരം ഉള്‍പ്പെടെ ഇടങ്ങളില്‍ പക്ഷികളുടെ ശല്യം വര്‍ധിച്ചിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ പരിധിയിലെ തുറന്ന ഇറച്ചിക്കടകളും അറവുശാലകളും മാലിന്യനിക്ഷേപവുമാണ് പക്ഷികള്‍ കൂട്ടത്തോടെ മേഖലയില്‍ കേന്ദ്രീകരിക്കാന്‍ കാരണം. ഇത്തരം അറവുശാലകളും ഇറച്ചിക്കടകളും ഒഴിപ്പിക്കാനോ, പാര്‍വതി പുത്തനാറിലെ മാലിന്യനിക്ഷേപം തടയാനോ നഗരസഭയ്ക്കു കഴിയുന്നില്ല. ഇതാണു വിമാനത്താവള സുരക്ഷയെ ഗുരുതരമായി ബാധിച്ചത്. രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം പക്ഷിയിടി സാധ്യതയുള്ളതു തിരുവനന്തപുരത്താണെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്.
20,000 വിമാന നീക്കങ്ങള്‍ നടക്കുമ്പോള്‍ ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് എല്ലാ മാസവും അഞ്ചും ആറും തവണ വിമാനത്തില്‍ പക്ഷിയിടിക്കുന്നുണ്ട്. പക്ഷേ, ഒരു വര്‍ഷം പത്തോളം അപകടങ്ങള്‍ മാത്രമാണ് അധികൃതര്‍ റിപോര്‍ട്ട് ചെയ്യുന്നത്. വിദേശ പൈലറ്റുകള്‍ റിപോര്‍ട്ട് ചെയ്താല്‍ മാത്രമേ പക്ഷിയിടി ഔദ്യോഗികമാവൂ. അല്ലാത്തവയെല്ലാം രേഖകളില്ലാതെ ഒതുക്കപ്പെടുകയാണ്. പക്ഷികളുമായി വിമാനം കൂട്ടിയിടിച്ചാല്‍ രണ്ട് ദിവസത്തിനകം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ ചെന്നൈയിലെ റീജ്യനല്‍ എയര്‍ സേഫ്റ്റി ഓഫിസില്‍ റിപോര്‍ട്ട് ചെയ്യണം.
ഇതിന്റെ പകര്‍പ്പ് സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് നല്‍കണം. പുറമെ എല്ലാ മാസവും വ്യോമയാന സുരക്ഷാ വിഭാഗം ഡയറക്ടര്‍ക്ക് പ്രത്യേകം റിപോര്‍ട്ടും നല്‍കണം. പക്ഷിയിടി ഉണ്ടായാല്‍ അത് അപകടമായി കണക്കാക്കി വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതതല അന്വേഷണങ്ങളുമുണ്ടാവും. എന്നാല്‍, ഏറെ സങ്കീര്‍ണതയുള്ള ഈ അന്വേഷണ നടപടിക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ പലപ്പോഴും പക്ഷിയിടി മറച്ചുവയ്ക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍. എയര്‍ക്രാഫ്റ്റ് റൂള്‍ ആക്റ്റ് പ്രകാരം വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ പരിധിയില്‍ തുറന്ന മാംസവില്‍പനശാലകളുണ്ടാവരുത്.
ഇത് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ക്കേസ് എടുക്കുകയും ചെയ്യാം. എന്നാല്‍ ഈ നിയമങ്ങളെല്ലാം അധികൃതര്‍ കാറ്റില്‍ പറത്തുകയായിരുന്നു. യോഗത്തില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഉമ്മു സെല്‍മ്മ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ പി അജയകുമാര്‍, പി ധര്‍മപാലന്‍, നഗരസഭാ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ഷിബു കെ നായര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss