|    May 26 Fri, 2017 1:19 pm
FLASH NEWS

എബിവിപി മര്‍ദനമേറ്റ ജെഎന്‍യു വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റതിനു ശേഷം കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെക്കുറിച്ച് നാലു ദിവസത്തിനു ശേഷവും വിവരമില്ല. നജീബിന്റെ തിരോധാനത്തെ തുടര്‍ന്ന് കാംപസില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഇന്നലെ മാതാപിതാക്കളും ചേര്‍ന്നു.
തങ്ങളുടെ മകന് എന്ത് സംഭവിച്ചുവെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നജീബിനെ കാണാതായതു സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും വിവരങ്ങള്‍ കണ്ടത്തൊനായില്ല എന്നാണ് പോലിസ് നിലപാട്. അധികൃതരാവട്ടെ നജീബിനെ കുറ്റക്കാരനായി ചിത്രീകരിച്ച് അക്രമികളെ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ജെഎന്‍യു സമരകാലത്ത് പ്രതിഷേധങ്ങള്‍ക്ക് മുന്‍നിരയില്‍നിന്ന് നേതൃത്വം നല്‍കിയ അധ്യാപകരില്‍ പലരും നിസ്സംഗത പുലര്‍ത്തുന്നതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. അതിനിടെ ചൊവ്വാഴ്ചയും വിദ്യാര്‍ഥികള്‍ കാംപസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മോദിയുടെ കോലം കത്തിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് മണിക്കൂറുകള്‍ക്കകം ട്വിറ്ററിലൂടെ അന്വേഷണം പ്രഖ്യാപിച്ച വൈസ്ചാന്‍സലര്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി ശബ്ദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. കാംപസില്‍നിന്ന് ആയിരങ്ങള്‍ പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.
നജീബിന് സംഭവിച്ചത് നാളെ ഏതൊരു വിദ്യാര്‍ഥിയും അഭിമുഖരിക്കേണ്ടി വന്നേക്കുമെന്നും സംഘപരിവാരവും അധികൃതരും ചേര്‍ന്ന് ജെഎന്‍യുവിനെ നശിപ്പിക്കുകയാണെന്നും വിദ്യാര്‍ഥി യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ലാ റാഷിദ് ഷോറ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day