|    Jan 23 Mon, 2017 6:30 pm
FLASH NEWS

എബിവിപിയുടെ ദലിത് വിരുദ്ധ നിലപാട്; ജെഎന്‍യു ഘടകം നേതാവ് രാജിവച്ചു

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് ദലിതുകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപി സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് സംഘടനയുടെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) ഘടകം നേതാവ് രാജിവച്ചു. ജെഎന്‍യുവിലെ എബിവിപിയുടെ ഉപാധ്യക്ഷന്‍ ജതിന്‍ ഗോരയയാണ് സ്ഥാനം രാജിവച്ചത്. ദലിതുകള്‍ക്കെതിരായ അക്രമത്തില്‍ സംഘടനയുടെ നിലപാട് തന്നെ തളര്‍ത്തിയെന്ന് ജതിന്‍ വ്യക്തമാക്കി. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഈ വര്‍ഷം എബിവിപി വിടുന്ന നാലാമത്തെ ആളാണ് ജതിന്‍.
ഫെബ്രുവരിയില്‍ എബിവിപിയുടെ യൂനിറ്റ് ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാളും മറ്റു രണ്ടുപേരും രാജിവച്ചിരുന്നു. ഫെബ്രുവരി 9ന് കാംപസില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമായിരുന്നു ഇവരുടെ രാജിയില്‍ കലാശിച്ചത്.
മാസങ്ങള്‍ക്കു മുമ്പ് സര്‍വകലാശാല കാംപസില്‍ മനുസ്മൃതി കത്തിച്ചു പ്രതിഷേധിച്ച സംഘത്തിലെ അംഗമായിരുന്നു ജതിന്‍. ദലിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഗ്രന്ഥമാണ് മനുസ്മൃതി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ജാതീയവും പുരുഷാധിപത്യവും അപഹാസ്യവുമായ എബിവിപിയില്‍ നിന്ന് എന്നെ ഞാന്‍ വേര്‍പെടുത്തുന്നുവെന്ന് രാജി പ്രഖ്യാപിച്ച് ജതിന്‍ പറഞ്ഞു.
ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം മുതല്‍ ഫെബ്രുവരി 9ലെ ജെഎന്‍യു സംഭവം, ഗുജറാത്തിലെ ഉനയിലെ ദലിത് മര്‍ദനം വരെയുള്ള വിഷയങ്ങളില്‍ എബിവിപിയെടുത്തത് പിന്തിരിപ്പന്‍ നയമാണ്. എബിവിപിയുടെ ഈ നിലപാട് ജെഎന്‍യുവില്‍ സംഘടനയ്ക്കു ദുഷ്‌പേരുണ്ടാക്കി. പശുവിന്റെ പേരില്‍ രാജ്യത്ത് ദലിതുകളും മുസ്‌ലിംകളും കൊല്ലപ്പെടുകയാണ്. ദലിതുകളെ അടിച്ചമര്‍ത്താനും അപമാനിക്കാനും അടിച്ചുകൊല്ലാനും പശുസംരക്ഷകര്‍ക്ക് ഫാഷിസ്റ്റുകള്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്നും ജതിന്‍ രാജിക്കത്തില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക