|    Jan 17 Tue, 2017 4:52 pm
FLASH NEWS

എഫ് ഡി കോസ് തീറ്റ

Published : 12th October 2015 | Posted By: G.A.G

കഥ/ഡോ. എം ഷാജഹാന്‍


 
എന്താണിത്…? ഇങ്ങനെ തള്ളിക്കയറല്ലേ. വിളിക്കാം, ഒരു പാട് തവണ അത് ആ വര്‍ത്തിച്ചതാണ്.
ഇനി തന്നെ പ്രത്യേകിച്ച് വിളിക്കേണ്ട ആവശ്യമില്ലെന്നും, തന്റെ കയറ്റം ഇനി ഒരു തള്ളിക്കയറ്റമാവുന്നില്ലെന്നും, കൂലിയും വാങ്ങി പൊടിതട്ടിപോവാന്‍ ഇനി താന്‍ മാത്രമേ ബാക്കിയുള്ളൂ എന്നും വ്യക്തമായപ്പോള്‍ സമരേശ് എന്ന ബംഗാളി കരാര്‍ തൊഴിലാളി കരകര ശബ്ദത്തോടെ വാതില്‍ തുറന്ന്, ഏറെക്കുറെ ഇരുട്ടായ ആ പഴയ ഗാരേജിലേക്ക് കാലെടുത്തുവച്ചു.
മുറിയില്‍ ഒരു മേശയ്ക്കിരുപുറവും രണ്ടു പേര്‍ ഇരിക്കുന്നുണ്ട്. വൃത്താകൃതിയില്‍ കവചമുള്ള ഒരു മഞ്ഞബള്‍ബ് അവര്‍ക്ക് മുകളില്‍ മധ്യത്തിലായി തൂങ്ങിക്കിടന്നു. ഒന്ന് കട്ടിപ്പുരികങ്ങളുള്ള മധ്യവയസ്‌കനായ കഷണ്ടിക്കാരന്‍. മറ്റേത് ഗാന്ധിക്കണ്ണട മെലിഞ്ഞമൂക്കിന്റെ തുമ്പത്തുവച്ച, ചുവന്ന ചുണ്ടുള്ള, ടൈ കെട്ടിയ ഒരു പയ്യന്‍. അവനാണ് പ്രധാനമായും സംസാരിക്കുന്നത്. കുതിരയുടെ കുഞ്ചിരോമങ്ങള്‍ പോലെ അധികം സമൃദ്ധമല്ലാതെ പയ്യന്റെ ശിരസ്സില്‍ കുത്തനെ എഴുന്നു നില്‍ക്കുന്ന, കറുത്ത മിന്നുന്ന തലമുടി, ഓരോ മുഖചലനത്തോടുമൊപ്പം നന്നായി ഇളകുന്നുണ്ട്. പയ്യന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ലെന്നുവന്നാല്‍ അതു വലിയ മാനക്കേടാണെന്ന മട്ടില്‍ മധ്യവയസ്‌കന്‍ പയ്യന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി ഓരോ വാക്കിനും തലയാട്ടുന്നുണ്ട്. അവരവരുടെ സംസാരത്തില്‍ നിന്നും ‘തീറ്റ’ ‘തീറ്റ’ എന്ന വാക്കു മാത്രം പുറത്തേക്ക് തെറിച്ചുവീണുകൊണ്ടിരുന്നു.
സമരേശ് അടുത്തേക്ക് ചെല്ലുന്തോറും സംസാരം കൂടുതല്‍ വ്യക്തമായി.
‘ഖാന്‍ സാര്‍, ഞാനാണ് നിങ്ങളുടെ എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്റ്. ഒപ്പം ഇപ്പോഴത്തെ സ്ഥിതിവച്ച് ഫൈനാന്‍സ് അഡൈ്വസറും. അല്ലേ.’
‘തീര്‍ച്ചയായും’ മധ്യവയസ്‌കന്‍ തലയാട്ടി.
‘അപ്പോള്‍ നിങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ഒരു മിനിമം ശാസ്ത്രീയത പുലര്‍ത്തിയേ പറ്റൂ എന്നാണ് ഞാന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റല്ലെന്ന് പറയുമ്പോഴും നിങ്ങള്‍ അംഗീകരിക്കാത്തതെന്ത് നാട്ടുനടപ്പും ആക്കത്തൂക്കക്കണക്കും ഒന്നും ശുദ്ധശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും മുന്നില്‍ ഒന്നുമല്ല. അവിടെയാണ് എല്ലാ പ്രൊജക്ടുകളും തലകുത്തിവീഴുന്നതിന്റെ ഫൈനാന്‍സ് ലൂപ്‌ഹോള്‍ എന്നാണ് ഞാന്‍ പറയുന്നത്. തുടക്കം മുതലേ ഇതെല്ലാം ശ്രദ്ധിക്കണമെന്നാണ് ഞാന്‍ പറയുന്നത്. മാനവികത, സ്‌നേഹം എന്നൊക്കെയുള്ള വാക്കുകള്‍ ഇതില്‍ വരുന്നേയില്ല……’
‘സാര്‍…..’ സമരേശ് വെളിച്ചത്തോട് അടുത്തു.
‘വരൂ, വരൂ മിസ്റ്റര്‍ സമരേശ്. നിങ്ങളുടെ കാര്യംതന്നെയാണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഖാന്‍ സാര്‍, ഞാന്‍ തന്നെ ഇവനോട് സംസാരിക്കാം. യൂ ജസ്റ്റ് വാച്ച് ഹൗ ഹീ ഈസ് കണ്‍വിന്‍സ്ഡ്. ഇവനെ ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കുന്നത് ശ്രദ്ധിക്കൂ.’
പണം വാങ്ങി റൂമില്‍ ചെന്ന്, നന്നായിട്ടൊന്ന് കുളിച്ച്, പൗഡര്‍ പൂശി, മുടി ചീകി, ‘ഛായി ബഹാര്‍ ഹൈ, ജീയാ ബേക്കരാര്‍ ഹൈ’ എന്നൊരു മൂളിപ്പാട്ടും പാടി ഖാദര്‍ഹോട്ടലില്‍ കയറി ചെല്ലുന്നതും, കനത്ത പോക്കറ്റ് അലസമായി ഒന്നു തൊട്ടശേഷം ‘പൊറോട്ട ബോട്ടി’ എന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്നതുമാണ് ആ സമയത്ത് സമരേശ് ചിന്തിച്ചിരുന്നത്.
‘നോക്കൂ മിസ്റ്റര്‍ സമരേശ്. നിങ്ങളുടെ കൂലി ഇന്നു തരാന്‍ നിര്‍വ്വാഹമില്ല.’
‘സര്‍….’
‘അതായത്…. ശാസ്ത്രപ്രകാരം പറ്റില്ലെന്നാണ് ഞാന്‍ പറയുന്നത്. നമ്മള്‍ ശാസ്ത്രം പഠിക്കുന്നത് പ്രയോഗിക്കാനാണല്ലോ. വേറെയെന്തിന്? ശരിയല്ലേ’
‘സര്‍’
‘നിങ്ങള്‍ ഇന്നു ചെയ്ത ജോലിയെന്തായിരുന്നു?’
‘സര്‍ അത്….’
‘ഞാന്‍ തന്നെ പറയാം. പൈലിംഗ് കുഴികളില്‍നിന്നും മണ്ണ് തലയില്‍ ചുമന്ന് വാട്ടര്‍ ടാങ്ക് പണിയുന്നിടത്തേക്ക് കൊണ്ടു പോയി. ശരിയല്ലേ..’
‘അതെ സാര്‍. മൊത്തം നൂറ്റി മുപ്പത്തിരണ്ടു കൊട്ട’.
കൊട്ടയൊക്കെ ശരിതന്നെ. പക്ഷേ ആ ഭാരങ്ങളെല്ലാം നിങ്ങള്‍ ഉയര്‍ത്തിയത് ഭൂമിക്കെതിരായിട്ടാണ്. ശരിയല്ലേ?’
‘അതെ’
ഭൂമി ഭാരം മൂലം വസ്തുക്കളെ താഴോട്ട് വലിക്കുന്നു. അതിനെതിരെ നിങ്ങള്‍ ബലം പ്രയോഗിക്കുന്നു. അപ്പോള്‍ അത് ഏതു ദിശയിലാണ്…?
‘സാര്‍ അത്…’
‘പറയൂ ഭാരം താഴോട്ടാണെങ്കില്‍ അതിനെതിരായി മണ്ണുയര്‍ത്താന്‍ നിങ്ങള്‍ ബലം പ്രയോഗിച്ചത് എങ്ങോട്ടാണ്…?’
‘അത്…..മുകളിലോട്ട്’
‘അതാണ് പ്രശ്‌നം. അതാണ് കോസ് തീറ്റയുടെ പ്രശ്‌നം’.
തീറ്റ എന്നു കേട്ടപ്പോള്‍ ആവിപറക്കുന്ന ബോട്ടിക്കറിയുടെ ചിത്രം സമരേശിന്റെ മനസ്സിലേക്ക് സുഗന്ധത്തോടെ കയറിവന്നു.
‘സാര്‍ എന്ത് കോസ് തീറ്റ?’
‘എഫ്.ഡി. കോസ് തീറ്റ’
‘സാര്‍ എന്റെ കാശ്’
‘കാശിന്റെ കാര്യം തന്നെയാണ് കോസ് തീറ്റ വച്ച് ഞാന്‍ മനസ്സിലാക്കിത്തരുന്നത്. നിങ്ങള്‍ പണി ചെയ്തതിന്റെ കണക്ക് തരുന്നത് എഫ്.ഡി.കോസ് തീറ്റയാണ്. മനസ്സിലായോ അതായത് നിങ്ങള്‍ ബലം പ്രയോഗിച്ചത് മുകളിലോട്ടും മണ്ണുനീങ്ങിയത് മുന്നോട്ടും. അപ്പോള്‍ തീറ്റ തൊണ്ണൂറായില്ലേ. കോസ് തീറ്റ പൂജ്യവുമായി. നിങ്ങള്‍ മണ്ണു ചുമന്ന് വെറുതെ നില്‍ക്കണമായിരുന്നോ എന്നു ചോദിക്കാം. ഞാന്‍ യോജിക്കുന്നു. ടെക്‌നോളജിയുടെ ഓരോ ധാര്‍മ്മിക സമസ്യകള്‍ അല്ലാതെന്താ. പക്ഷേ എനിക്കു ശാസ്ത്രീയമായി നീങ്ങിയല്ലേ പറ്റൂ. ഇങ്ങനെയാണ് പലര്‍ക്കും ലക്ഷങ്ങളും കോടികളും തന്നെ നഷ്ടമാവുന്നത്.’
‘സാര്‍ ഞാന്‍ പണി ചെയ്യുന്നത് കണ്ടവരുണ്ട്’.
‘പണി ചെയ്തത് അഥവാ വര്‍ക്ക് ഡണ്‍ പൂജ്യം എന്നാണ് ശാസ്ത്രം പറയുന്നത്’
സമരേശിന്റെ വയറ്റില്‍ നിന്നും ഒരെരിച്ചിലോടെ കട്ടന്‍ ചായ അന്നനാളത്തിലേക്ക് തികട്ടിയുയര്‍ന്നു. ‘സാര്‍ ഇന്നത്തെ കൂലി…?’
ഇന്നത്തെ കൂലിയുടെ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ കുറേ ദിവസമായി എവിടെയാണ് ഫാള്‍ട്ട് എന്ന് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കോസ് തീറ്റയാണ് പണി പറ്റിക്കുന്നത് എന്ന് ഇപ്പോഴാണ്, ഇന്നു വൈകുന്നേരമാണ് മനസ്സിലായത്. നിങ്ങള്‍ വിഷമിക്കേണ്ട നാളെ നിങ്ങളെ വാട്ടര്‍ ടാങ്കിന്റെ പണിക്കിടാം. എന്താ പോരേ?.
‘സര്‍ ഇന്നത്തെ ജോലിക്ക് എന്തെങ്കിലും’
‘എന്തുജോലി സമരേശ്, നിങ്ങള്‍ക്കിനിയും മനസ്സിലായില്ലേ. എഫ്.ഡി…. കോസ് തീറ്റയാണ് ചെയ്ത ജോലി. ശാസ്ത്രത്തെ നമുക്ക് അവഗണിക്കാമോ. ശാസ്ത്രമല്ലേ നമുക്കെല്ലാം ഭക്ഷണം തരുന്നത്. ശരിയല്ലേ. ഓകെ’.
എന്താ സമരേശ്. എന്തുപറ്റി? ആര്‍.യൂ ഓകെ…?’
മധ്യവയസ്‌കന്‍ സഹതാപത്തോടെ സമരേശിനെയും ആദരവോടെ എഞ്ചിനീയര്‍ പയ്യനെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു.

(
എഫ്.ഡി. കോസ്തീറ്റ: ഒരു എഞ്ചിനീയറിംഗ് സമവാക്യം. ചെയ്ത ജോലി (Work done) = Fx Dx Cos Theta. Cos 90=0. n)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക