|    Feb 24 Fri, 2017 12:39 am

എഫ്‌സിഐ ചരക്കുനീക്കം; സര്‍ക്കാര്‍ നിലപാട് മൊത്തക്കച്ചവടക്കാര്‍ക്കുവേണ്ടിയെന്ന് വര്‍ക്കേഴ്‌സ് യൂനിയന്‍

Published : 29th November 2016 | Posted By: SMR

ആലപ്പുഴ: എഫ്‌സിഐയില്‍ പണിയെടുക്കുന്ന കയറ്റിറക്ക് തൊഴിലാളികളുടെ സുരക്ഷയോ പുനരധിവാസമോ ഉറപ്പാക്കാതെ വേതന വ്യവസ്ഥകള്‍ പൊളിച്ചെഴുതിയ സര്‍ക്കാര്‍ നീക്കം മൊത്തക്കച്ചവടക്കാരെ സഹായിക്കാനാണെന്ന് എഫ്‌സിഐ  വര്‍ക്കേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.സംഭരണശാലകളില്‍ ചരക്ക് നീക്കം നിലച്ചുവെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരിലാണ് സര്‍ക്കാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രാവര്‍ത്തികമാകുന്ന പദ്ധതിക്കായി യാതൊരു മുന്‍കരുതല്‍ നടപടിയും എടുക്കാത്ത സര്‍ക്കാര്‍ തൊഴിലാളികളുടെ വേതനകാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുത്തത് തൊഴിലാളി ദ്രോഹമാണ്. പണിയുണ്ടെങ്കില്‍ പണം തരാമെന്ന വ്യവസ്ഥയും,നേരിട്ടുളള വേതന വിതരണക്രമവും തൊഴിലാളികളുടെ നട്ടെല്ലൊടിച്ച സാഹചര്യത്തിലാണ് വേതനം നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ ഉത്തരവിന്റെ പ്രയോജനം ഏറെ ലഭിക്കുന്ന അരി മൊത്തക്കച്ചവടക്കാര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നതും സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമായി തൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു. ജില്ലയില്‍ എവിടെയും തൊഴില്‍ തടസ്സം ഉണ്ടായിട്ടില്ലെന്നും ഏറ്റവും ഒടുവില്‍ അമ്പലപ്പുഴ താലൂക്കിലേയ്ക്കുള്ള അരിവിതരണവും പൂര്‍ത്തീകരിച്ചതായി തൊഴിലാളി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 20 കൊല്ലമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന വേതനം നല്‍കാന്‍ ആരുതയ്യാറായാലും പണിയെടുക്കാന്‍ തയ്യാറാണെന്നും തൊഴിലാളികള്‍ പറഞ്ഞു.നിലവില്‍ ലോഡ് ഒന്നിന് 825 രൂപയാണ് അംഗീകൃത വേതനം. 50പേരടങ്ങുന്ന തൊഴിലാളികള്‍ക്കാണ് ഈ വേതനം ലഭിക്കുന്നത്. ഇപ്രകാരം ക്വിന്റല്‍ ഒന്നിന് 16 രുപയാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ജില്ലാ സപ്ലൈ ഓഫിസര്‍ സംഭരണശാലകളില്‍നിന്നു നേരിട്ടെത്തി ചരക്ക് എടുക്കണമെന്ന് നിയമമുണ്ടെങ്കിലും ചരക്ക് കൈപറ്റാന്‍ റിലീസിങ് ഓര്‍ഡറുകളുമായെത്തുന്നത് അരി മൊത്തക്കച്ചവടക്കാര്‍ തന്നെയാണ്. ഇവരില്‍ പലരും ബിനാമികളാണെന്നാണ് തൊഴിലാളികളുടെ വാദം. ഒരു വ്യക്തിക്കുതന്നെ പലപേരുകളില്‍ സ്ഥാപനങ്ങളുളളതായി തൊഴിലാളികള്‍ പറയുന്നു. സ്ഥാപനങ്ങളിലേതിലെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ തൊട്ടരികിലുളള അംഗീകൃത സ്ഥാപനത്തിലേക്ക് വിതരണം മാറ്റണമെന്നാണ് ചട്ടം. ഇപ്രകാരം വിതരണാംഗീകാരം ലഭിക്കുന്നത് തൊട്ടരുകിലുളള സ്ഥാപനമെന്ന നിലയില്‍ ഇതേ വ്യക്തിക്കുതന്നെയെന്നാതാണ് വിരോധാഭാസം. മൊത്തക്കച്ചവടക്കാരുടെ കമ്മീഷനിലോ മറ്റ് ആനുകൂല്യങ്ങളിലോ മാറ്റം വരുത്താതെ അടിസ്ഥാന വര്‍ഗ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം നീക്കങ്ങള്‍ അനുവദിക്കുകയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. നാളെ നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷേഭ പരിപാടികള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക