|    Sep 21 Fri, 2018 10:16 am
FLASH NEWS

എഫ്ആര്‍ഡിഐ ബില്ല്: ആശങ്ക പരിഹരിക്കണം

Published : 10th January 2018 | Posted By: kasim kzm

കോഴിക്കോട്: രാജ്യത്തെ പരാജയപ്പെടാന്‍ സാധ്യതയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചുകിട്ടാനുള്ള പരിഹാരമാര്‍ഗങ്ങളൊരുക്കാന്‍ കേന്ദ്ര സര്‍ക്കാ ര്‍ കൊണ്ടുവരുന്ന ദി ഫിനാഷ്യ ല്‍ റെസെല്യൂഷന്‍ ആന്റ് ഡെപോസിറ്റ് ഇന്‍ഷുറന്‍സ് (എഫ്ആര്‍ഡിഐ) ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് എഐആര്‍ആര്‍ബിഇഎ പ്രസിഡന്റ് സി രാജീവന്‍ ആവശ്യപ്പെട്ടു. ടൗണ്‍ഹാളില്‍ ബില്ലിനെകുറിച്ച് ബാങ്ക്‌മെന്‍ ക്ലബ്ബ് സംഘടിച്ച ചര്‍ച്ചയില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നിയമത്തെപറ്റി ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബാങ്കുകള്‍,  ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സംവിധാനങ്ങള്‍, സ്‌റ്റോക് എക്‌സ്‌ചേഞ്ചുകള്‍, വിവിധ തരം ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തകര്‍ന്നാലുള്ള നടപടികള്‍ സംബന്ധിച്ച നിബന്ധനകള്‍ നിലവില്‍ പലനിയമങ്ങളായി ചിതറിക്കിടക്കുകയാണ്. ആ കുറവ് നികത്താനാണ് എഫ്ആര്‍ഡിഐ നിയമം കൊണ്ടുവരുന്നത്. എന്നാല്‍ സിവില്‍കോടതിയുടെ അധികാരത്തോടെ ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ കോര്‍പറേഷന്‍(എഫ്ആര്‍സി) എന്ന സ്ഥാപനം തുടങ്ങാന്‍ കരടു നിയമത്തില്‍ ശുപാര്‍ശയുണ്ട്. റിസര്‍വ് ബാങ്കിന് പോലും നിയന്ത്രിക്കാനാവാത്ത അമിതാധികാരത്തോടെയാണോ എഫ്ആര്‍സി രൂപീകരിക്കുന്നതെന്ന് പരിശോധിക്കണം. ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കാറുണ്ട്. അതുകൊണ്ടാണ് 1964നു ശേഷം ഒരു ബാങ്കും പരാജയപ്പെടുന്ന നിലയിലേക്ക് എത്താതെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ബാങ്കുള്‍ അവ ഏറ്റെടുത്തത്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ പോലും നമ്മുടെ ബാങ്കുകള്‍ ഉലയാതെ നിന്നത് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ബാങ്കിങ് മേഖലയെ നിയന്ത്രിച്ചത് കൊണ്ടാണ്. കുത്തകകളില്‍ നിന്ന് കിട്ടാനുള്ള കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള യാതൊരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വന്‍കിട കുത്തകകളില്‍ നിന്ന് ബാങ്കുകള്‍ക്ക് കിട്ടാനുള്ള 188000 കോടിയുടെ കടമാണ് എഴുതി തള്ളിയത്. 2016-2017 വര്‍ഷത്തെ കണക്കനുസരിച്ച് എഴുലക്ഷംകോടി രൂപയിലേറെ ബാങ്കുകള്‍ക്ക് കിട്ടാകടമുണ്ട്. വായ്പ വാങ്ങി തിരിച്ചടക്കാത്തവരുടെ നിഷ്‌ക്രിയ ആസ്തികള്‍ തിരിച്ച് പിടിക്കാനും പുതിയ വായ്പകള്‍ വിവേകപൂര്‍വം നല്‍കാനുമുള്ള ത്വരിത നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടത്. ഇതിന് പകരം നഷ്ടത്തിലാകുന്ന ധനകാര്യസ്ഥാപനത്തിലെ ഇടപാടുകാരുടെ നിക്ഷേപം ബാങ്കിന്റെ ബാധ്യതയിലേക്ക് വകയിരുത്താനുള്ള നീക്കം ശരിയല്ല. വായ്പ തിരിച്ചടക്കാത്ത വന്‍കിടക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് പകരം നിക്ഷേപകരുടെ പണമെടുത്ത് വന്‍കിടക്കാരെ രക്ഷിക്കാനുള്ള നീക്കമാണോ എഫ്ആര്‍ഡിഐ ബില്ലിലെ ബെയില്‍ ഔട്ട്് വ്യവസ്ഥയിലൂടെ നടപ്പാക്കുന്നതെന്ന ആശങ്കയുണ്ടെന്നും രാജീവന്‍ പറഞ്ഞു. പരിപാടിയില്‍ ബാങ്ക്‌മെന്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി വി ഗീരീശന്‍ അധ്യക്ഷത വഹിച്ചു. ബെഫി മുന്‍പ്രസിഡന്റ് എ കെ രമേശ്, സ്റ്റേറ്റ് ബേങ്ക് സ്റ്റാഫ് യൂനിയന്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എ രാഘവന്‍, കെ ജഗദീഷ്, കെ ടി ബാബു പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss