|    Aug 20 Sun, 2017 7:52 am
FLASH NEWS

എപിഎല്‍ വിഭാഗത്തിന് അരി; ആശയക്കുഴപ്പം തുടരുന്നു

Published : 12th November 2016 | Posted By: SMR

റഷീദ് പനമരം

പനമരം: മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനിടെ ജില്ലയിലെ എപിഎല്‍ ഗുണഭോക്താക്കള്‍ക്കുള്ള അരിവിതരണം സംബന്ധിച്ച് ആശയക്കുഴപ്പം. ഇപ്പോള്‍ റേഷന്‍കടയില്‍ സ്റ്റോക്കുള്ള അരി വിതരണം ചെയ്യുന്നത് ആദിവാസികള്‍ക്കു മാത്രം. ഉത്തരവുകള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ് അരി വിതരണം വൈകാന്‍ ഇടയാക്കുന്നത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നവംബറോടെ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഒക്ടോബറിലെ അരി മുടങ്ങിയത്. ആഗസ്തില്‍ എട്ടുകിലോ അരിയും ഓണത്തിന് 10 കിലോഗ്രാം അരിയും എപിഎല്‍ വിഭാഗങ്ങള്‍ക്കു നല്‍കിയിരുന്നു. ഓണത്തിന് അഞ്ചു കിലോഗ്രാം അരിക്കാണ് ഒരോ കുടുംബത്തിനും അര്‍ഹതയെങ്കിലും ഓക്ടോബര്‍ വിഹിതത്തില്‍ നിന്ന് അഞ്ചു കിലോഗ്രാം കൂടി ചേര്‍ത്താണ് 10 കിലോ നല്‍കിയത്. ഭക്ഷ്യസുരക്ഷാ പദ്ധതി സംബന്ധിച്ച അന്ത്യശാസനം വന്നതോടെ നവംബറിലെ വിഹിതം ഓക്ടോബറിലേക്ക് എടുത്തുനല്‍കാന്‍ കഴിയാതെയും വന്നു. 8.30 രൂപയ്ക്കുള്ള അരി സബ്‌സിഡിയില്ലാതെ 22.54ന് എടുക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. ഇപ്പോള്‍ സംസ്ഥാനത്തെ താല്‍ക്കാലിക മുന്‍ഗണനാ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ തീരുമാനമായതോടെ കേന്ദ്രം ഒക്ടോബറിലെ വിഹിതം നല്‍കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് ഓക്ടോബര്‍ 25ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കുകയും ഇതു സംസ്ഥാന സര്‍ക്കാര്‍ എഫ്‌സിഐയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 8.30 തോതില്‍ നേരത്തെ സര്‍ക്കാര്‍ എഫ്‌സിഐയില്‍ തുക അടയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് എഫ്‌സിഐക്ക് കേന്ദ്ര ഓഫിസില്‍ നിന്ന് ഏരിയാ ഓഫിസിലേക്ക് വിവരം ലഭിക്കാത്തതാണ് പ്രശ്‌നം. എന്നാല്‍, ഇതിന്റെ കലാവധി രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ഉത്തരവ് വന്നാല്‍ തന്നെ യഥാവിധി ഗുണഭോക്തക്കള്‍ക്ക് അരിവിതരണം നടത്താന്‍ കഴിയില്ലെന്നു റേഷന്‍ വ്യാപാരികള്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക