|    Aug 19 Sat, 2017 4:51 pm
FLASH NEWS

എപിഎല്ലുകാര്‍ക്ക് അരിയില്ല; ജില്ലയില്‍ 10000ക്കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചടി

Published : 21st October 2016 | Posted By: SMR

ഈരാറ്റുപേട്ട: ജില്ലയിലെ റേഷന്‍ വിതരണം മൊത്തം അവതാളത്തിലായിരിക്കെ ‘കൂനുമ്മേല്‍ കുരു’ കണക്കെ എപിഎല്ലുകാര്‍ക്ക് അരി വിതരണവും നിര്‍ത്തിവച്ചു. ഇതോടെ ജില്ലയിലെ 10000ക്കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി. ഇതു സംബന്ധിച്ച് ഉത്തരവ് താലൂക്ക് ഓഫിസുകളിലെത്തി. സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവും കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസുകള്‍ക്ക് ലഭിച്ചു. ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള കാര്‍ഡുടമകള്‍ക്കു റേഷന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണു തീരുമാനം. ഇതു ജില്ലയിലെ 10000 കണക്കിനു കാര്‍ഡുടമകളെ ബാധിക്കും. ഇതോടെ 8.90 രൂപ നിരക്കില്‍ ലഭിച്ച അരിക്ക് ഇനി എപിഎല്‍ കാര്‍ഡുകാര്‍ 25 രൂപയോളം നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷ ബില്‍ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് സംസ്ഥാനത്ത് റേഷന്‍ വിതരണത്തെ ബാധിച്ചത്. പദ്ധതി നടപ്പാക്കാത്തതിനാല്‍ 2016 നവംബര്‍ മുതല്‍ താങ്ങുവില ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് ഒരു കിലോ അരിക്ക് 22 രൂപയിലധികം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ അടയ്‌ക്കേണ്ടി വരും. അങ്ങനെ വന്നാല്‍ 8.90 രൂപക്ക് കിട്ടിയ അരിക്ക് 25 രൂപയെങ്കിലും ഗുണഭോക്താക്കള്‍ നല്‍കണം. 2013 ആഗസ്തിലാണ് യുപിഎ സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. ഈ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്കു 35 കിലോ അരിയും ഗോതമ്പും മറ്റു പയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും നല്‍കുന്നതോടൊപ്പം അങ്കണവാടികള്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര വിതരണവും നടത്തും. പദ്ധതി ലോക്‌സഭ പാസാക്കി കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പിന്നോക്കം നിന്നത് ഇപ്പോള്‍ വിനയായിരിക്കയാണ്. ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനവും കഴിഞ്ഞ ദിവസമുണ്ടായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക