|    Mar 24 Sat, 2018 10:09 am
Home   >  Editpage  >  Middlepiece  >  

എന്‍ വി കൃഷ്ണവാര്യര്‍ ഇല്ലാത്ത 26 വര്‍ഷം

Published : 12th October 2015 | Posted By: swapna en

     വെട്ടും തിരുത്തും/പി എ എം ഹനീഫ്

വെട്ടാനും തിരുത്താനും അനുവദിക്കാത്ത ജീവിതങ്ങളും പ്രസ്ഥാനങ്ങളുമില്ലേ… ഉണ്ട്. ഒരു അര്‍ഥപൂര്‍ണമായ സമ്പൂര്‍ണ ജീവിതം എന്നതിനപ്പുറം കറകളഞ്ഞ പ്രസ്ഥാനം തന്നെയായിരുന്നു ഡോ. എന്‍ വി കൃഷ്ണവാര്യര്‍. 1989 ഒക്ടോബര്‍ 12ന് എന്‍ വി അന്തരിച്ചു. ഇന്ന് ആ മഹാപ്രതിഭയുടെ 26ാം ചരമദിനമാണ്. കവി, സാഹിത്യവിമര്‍ശകന്‍, പത്രാധിപര്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസ ചിന്തകന്‍, സ്വാതന്ത്ര്യസമര ഭടന്‍ എന്നീ നിലകളിലൊക്കെ ആ പ്രതിഭ വിളികേട്ടു. 1957 മുതല്‍ ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരായിരുന്നു.

മാതൃഭൂമിയിലെഴുതിയാലേ ഒരാള്‍ എഴുത്തുകാരനാവൂ എന്ന ഒരു ദുശ്ശീലം എഴുത്തുകാര്‍ക്കിടയില്‍ പ്രചരിച്ചത് എന്‍ വിയുടെ കാലഘട്ടത്തിലാവാം. എം ടി, നമ്പൂതിരി, എ എസ്, ജി എന്‍ പിള്ള, കുഞ്ഞുണ്ണി മാസ്റ്റര്‍, എം വി ദേവന്‍, അരവിന്ദന്‍, എന്‍ എന്‍ കക്കാട്, ഡോ. ടി പി സുകുമാരന്‍… ഈ ലിസ്റ്റ് ഇനിയും എത്രയോ നീട്ടാനുണ്ട്. എന്‍ വി കളരിയിലെ സംശുദ്ധതകള്‍കൊണ്ട് സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ വിളങ്ങിനിന്നവര്‍ ഒരിക്കലും പിന്തിരിഞ്ഞുനോക്കിയിട്ടില്ല. എന്‍ വിയുടെ ഹൃദയവിശാലതകൊണ്ട് അപസ്വരങ്ങളില്ലാതെ വലിയൊരു സാഹിത്യപ്രസ്ഥാനം തന്നെ മലയാളത്തില്‍ ഉരുവംകൊണ്ടു.

ഇന്ന് സാഹിത്യലോകം ആസുരതകള്‍ക്കു നടുവിലാണ്. എഴുത്തുകാര്‍ തമ്മില്‍ കണ്ടാല്‍ മുഖംതിരിക്കുന്ന കരാളകാലഘട്ടം. എന്‍ വി ജീവിച്ചിരുന്നപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു. പക്ഷേ, എന്‍ വിക്കു മുമ്പില്‍ എല്ലാം പത്തിതാഴ്ത്തി. എങ്ങും വിഷം ചീറ്റിയില്ല. എന്‍ വി എഡിറ്റ് ചെയ്യാതെ തിരസ്‌കരിക്കുന്ന ഒരു ‘സാഹിത്യം’ മറ്റാരും സ്വീകരിച്ചില്ല. ഖസാക്കിന്റെ ഇതിഹാസത്തിലടക്കം എന്‍ വിയുടെ തൂലിക വേഗത്തിലോടിയിട്ടുണ്ട്. സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി, എം പി നാരായണപ്പിള്ള, കാക്കനാടന്‍ തുടങ്ങി എത്രയോ എഴുത്തുകാര്‍ എന്‍ വിയുടെ എഡിറ്റിങ് കൗശലങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. എന്‍ വി നൂറുശതമാനം കവിയായിരുന്നു. ബാക്കിയെല്ലാം പിറകെ നില്‍ക്കുന്നതാണ്. എന്‍ വി കവിതയെ ദര്‍ശിച്ചത് ‘നിന്ദിതര്‍ക്കും പീഡിതര്‍ക്കും’ വേണ്ടിയാണ്.

ഗാന്ധിജിയെ സദാ സ്മരിക്കുന്ന ഗോഡ്‌സെമാര്‍, ശ്രീകൃഷ്ണനെ വധിക്കുന്ന കംസന്‍, മനുഷ്യരോടു കരാര്‍ നിറവേറ്റാത്ത ദൈവമെന്ന അദൃശ്യശക്തി ഇവയൊക്കെ എന്‍ വിക്ക് കവിതാവിഷയങ്ങളായിരുന്നു. അരി വാങ്ങാന്‍ ക്യൂ. അവിടെ തിക്കിനില്‍ക്കുന്ന ഗാന്ധി. തൊട്ടരികത്തൂടെ കൂറ്റന്‍ കാറില്‍ കയറി ഗോഡ്്‌സെ നീങ്ങുന്നു. ഇന്ന്, എന്‍ വിയുടെ ചരമദിനം ‘വെട്ടും തിരുത്തു’മില്ലാതെ ഓര്‍മിക്കപ്പെടാന്‍ കാരണമുണ്ട്. 1975 മുതല്‍ എന്‍ വി വിവിധ പത്രമാസികകളിലെ പത്രാധിപത്യം ഒഴിയുന്നതുവരെ ഇതെഴുതുന്നയാള്‍ക്ക് വലിയൊരത്താണിയായിരുന്നു. സത്യത്തില്‍, പത്രപ്രവര്‍ത്തനം, നാടകരചന ഒക്കെ ജീവിതമാര്‍ഗമാവാന്‍ താങ്ങും തണലുമായത് എന്‍ വിയിലൂടെ. ഒരിക്കലും മറക്കാനാവാത്ത ഒരു സന്ദര്‍ഭം വിവരിച്ച് അടിവരയിടാം. മാതൃഭൂമി വിട്ട് എന്‍ വി പത്രാധിപക്കസേരയിലുണ്ടായത് കൊല്ലം കൃഷ്ണസ്വാമി റെഡ്യാര്‍ ഗ്രൂപ്പിലായിരുന്നു കുങ്കുമം ആഴ്ചപ്പതിപ്പിലൂടെ സറ്റയറുകള്‍ എഴുതി ഞങ്ങള്‍ ബന്ധപ്പെട്ടു. എന്തെഴുതിയയച്ചാലും വായിച്ച് തിരുത്തി അര്‍ഹമായ തലക്കെട്ടു നല്‍കി എന്‍ വി അച്ചടിക്കും. യോഗ്യമല്ലാത്തവ മടക്കത്തപാലില്‍ വിടുമ്പോള്‍ ആ സൃഷ്ടിയുടെ കുറവ് രേഖപ്പെടുത്തും.

എന്തെഴുതിയാലും വായനക്കാര്‍ക്ക് കൗതുകം തോന്നണം. വായിച്ചുതീരവേ വിഷയം വിജ്ഞാനപ്രദമായി അനുഭവപ്പെടണം.മധുര ഗാന്ധിഗ്രാം വില്ലേജില്‍ നാടന്‍കലാ ഗവേഷണാര്‍ഥം കുറേക്കാലം എന്‍ വി ഉണ്ടായിരുന്നു. ആ നാളുകളില്‍ ‘ശവങ്ങള്‍’ എന്ന പേരിലൊരു സറ്റയര്‍ കുങ്കുമത്തിനയച്ചത് അച്ചടിക്കപ്പെട്ടില്ല. ഞാനും ‘ശവങ്ങളെ’ മറന്നു. മധുരയില്‍നിന്ന് ഏറെ വര്‍ഷങ്ങളിലെ ഗവേഷണപര്യടനം കഴിഞ്ഞ് എന്‍ വി വീണ്ടും റെഡ്യാര്‍ ഗ്രൂപ്പിലെത്തുമ്പോള്‍ അവര്‍ കലാലയം എന്ന പേരിലൊരു യുവജനവാരിക ആരംഭിച്ചു. ഒരുനാള്‍ എനിക്ക് എന്‍ വിയുടെ വക കത്ത്.പ്രിയപ്പെട്ട ഹനീഫ്,മാസങ്ങള്‍ക്കു മുമ്പ് കുങ്കുമത്തിനയച്ച ‘ശവങ്ങള്‍’ മറ്റെവിടെയെങ്കിലും അയച്ചോ. ഉടനെ അറിയിക്കുക.ക്ഷേമമാണല്ലോ സ്വന്തം എന്‍ വി. ഞാന്‍ അതിരില്ലാതെ അതിശയിച്ചുപോയി. ഇങ്ങനെയും ഒരു വാല്‍സല്യമോ? ‘ശവങ്ങള്‍’ കലാലയം പ്രഥമലക്കങ്ങളിലച്ചടിച്ചു.

ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലൊന്നില്‍ എന്‍ വി എന്നെ തേടിയെത്തി. കൊല്ലത്തേക്കു കൂട്ടി. കുങ്കുമത്തില്‍ സബ് എഡിറ്ററായി ജോലിചെയ്യിച്ചു. ഇതാ ഇന്ന് ഞാന്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ ആകാശങ്ങള്‍ക്കു മുകളില്‍ അനുഗ്രഹാശിസ്സുകളുമായി എന്‍ വി. മഹാനായ ഗുരുനാഥന്‍ എന്നുതന്നെ ഞാന്‍ വിളിക്കട്ടെ. *************എഴുത്തുകാര്‍ സംഘഭീകരതയ്ക്കു കീഴില്‍ പ്രതിഷേധിക്കുന്നു. ഇനിയും ആ കൂട്ടായ്മകള്‍ സജീവമാവും. സജീവമാവട്ടെ; സംഘഭീകരത ലോകം അറിയട്ടെ. അഭിവാദ്യങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss